2014-07-17 09:33:20

ആംഗ്ലിക്കന്‍-കത്തോലിക്കാ സഭകള്‍
സംവാദത്തിന്‍റെ പാത തുടരും


17 ജൂലൈ 2014, ബര്‍മിങ്ഹാം
ആംഗ്ലിക്കന്‍ സഭയോടുള്ള സംവാദത്തിന്‍റെ സമീപനം തുടരുമെന്ന് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കത്തോലിക്കാ മെത്രാന്‍ സമിതി പ്രസ്താവിച്ചു. ആംഗ്ലിക്കന്‍ സഭയില്‍ സ്ത്രീകളെ മെത്രാന്മാരായി അഭിഷേകംചെയ്യുന്ന പാരമ്പര്യം തുടരുമെന്നുള്ള ഇംഗ്ലണ്ടിലെ സഭയുടെ തുടര്‍തീരുമാനത്തോട് പ്രതികരിച്ചുകൊണ്ടു ജൂലൈ 15-ാം തിയതി ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ്
ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി ഇങ്ങനെ അറിയിച്ചത്.

സ്ത്രീകളെ മെത്രാന്മാരായി വാഴിക്കുവാനുള്ള ആംഗ്ലിക്കന്‍ സഭയുടെ നവീകരിച്ച തീരുമാനം സഭൈക്യ പാതിയിലെ മറ്റൊരു തടസ്സമാണെങ്കിലും, ഐക്യത്തിനായുള്ള ശ്രമങ്ങള്‍ ഇനിയും കത്തോലിക്കാ സഭയുടെ ഭാഗത്തുനിന്നും തുടരുമെന്ന്, ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വക്താവും, ബര്‍മിങ്ഹാം അതിരൂപതാദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് ബര്‍ണാര്‍ഡ് ലോംഗ്ലി ജൂലൈ 15-ാം തിയതി ചൊവ്വാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആംഗ്ലിക്കന്‍-കത്തോലിക്കാ സംവാദത്തിനും ഐക്യത്തിനുമായുള്ള കമ്മിറ്റിയുടെ ചെയര്‍മാനാണ് ആര്‍ച്ചുബിഷപ്പ് ബര്‍ണാര്‍ഡ് ലോംഗ്ലി.
മുന്‍പാപ്പാ ബനഡ്ക്ട് ഇറക്കിയ Anglicanorum Coetibus എന്ന അപ്പസ്തോലിക പ്രബോധനത്തിലൂടെ നവമായ സഭൈക്യബന്ധം കത്തോലിക്കരും ആംഗ്ലിക്കന്‍ സഭാംഗങ്ങളും തമ്മില്‍ നിലനില്കെയാണ് ഇനിയും സ്ത്രീകളെ മെത്രാന്മാരായി അഭിഷേചിക്കുവാന്‍ ഇംഗ്ലണ്ടിലെ ആംഗ്ലിക്കന്‍ സഭ തീരുമാനിച്ചത്.








All the contents on this site are copyrighted ©.