2014-07-16 20:14:58

മനുഷ്യത്വം മരവിക്കുമ്പോള്‍
കാപട്യം തലപൊക്കുമെന്ന് പാപ്പാ


16 ജൂലൈ 2014, വത്തിക്കാന്‍
മനുഷ്യത്വം മരവിക്കുമ്പോഴാണ് സാമൂഹ്യ-രാഷ്ട്രീയ മേഖലയിലെ കാപട്യം തലപൊക്കുന്നതെന്ന്
പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. നീതിക്കും സമാധാനത്തിനുമായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടിയ സാമ്പത്തിക മേഖലയിലെ രാജ്യാന്തരതലത്തിലുള്ള സ്ഥാപനങ്ങളുടെയും, സര്‍വ്വകലാശാലകളുടെയും, ശാസ്ത്ര അക്കാഡിമികളുടെയും സഭാസ്ഥാപനങ്ങളുടെയും പ്രതിനിധി സമ്മേളനത്തില്‍ ജൂണ്‍ 13 തിയതി നല്കിയ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

മനുഷ്യാന്തസ്സ് അവഗണിക്കുന്ന ശൈലി സമകാലീന ലോകത്തിന്‍റെ വികലമായ പ്രത്യേകതയായി മാറിയിട്ടുണ്ടെന്നും, മനുഷ്യനെ കേന്ദ്രീകരിക്കാത്ത സാമൂഹ്യ- സാമ്പത്തിക-രാഷ്ട്രീയ വ്യവസ്ഥിതികള്‍ ‘ഒഴിവാക്കലി’ന്‍റെ മൃതസംസ്ക്കാരം വളര്‍ത്തുമെന്നും തത്സമയം അനൗപചാരികമായി നല്കിയ സന്ദേശത്തില്‍ പാപ്പാ പ്രസ്താവിച്ചു.
ദാരിദ്രൃവും രൂക്ഷമായ ഇന്നത്തെ ആഗോള സാമ്പത്തിക അസമത്വവും ചരിത്രപരമായ വെല്ലുവിളികളാണെന്നും, സകല മനുഷ്യര്‍ക്കും ഗുണദായകമായ വിധത്തിലും, പ്രത്യാശയ്ക്ക് വകനല്കുന്ന തരത്തിലും ജീവിത സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുവാന്‍ വകനല്കുന്ന സാമ്പത്തിക നീതി ഇന്നത്തെ ലോകത്തിന്‍റെ ഭാഗധേയമാക്കണമെന്നും പാപ്പാ സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.

പൊതുസാമ്പത്തിക കമ്പോളം നില്‍നിര്‍ത്തുമ്പോഴും, ലോകത്തുള്ള ബഹുഭൂരിപക്ഷം വരുന്ന പാവങ്ങളായവരെ പരിഗണിക്കുന്ന കൂട്ടായ്മയുടെ പൊതുസാമ്പത്തിക നയം (An inclusive economy) രാഷ്ട്രങ്ങളും, പൊതുമേഖലാ സ്ഥാപനങ്ങളും, സര്‍ക്കാരേതര പ്രസ്ഥാനങ്ങളും വളര്‍ത്തണം എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ Evangelii Gaudium ‘സുവിശേഷസന്തോഷം’ എന്ന അപ്പസ്തോലിക പ്രബോധനത്തിലെ ചിന്തയെ ആധികരിച്ചായിരുന്നു സമ്മേളനത്തിന്‍റെ ചര്‍ച്ചകള്‍.

പൊതുന്മയും മനുഷ്യന്‍റെ സമഗ്രപുരോഗതിയും സമാധാനവും ഉന്നംവച്ച് പാപ്പാ ഫ്രാന്‍സിസ് നിര്‍ദ്ദേശിക്കുന്ന സാമ്പത്തിക വ്യവസ്ഥിതിയെക്കുറിച്ചുള്ള പ്രബോധനം രാജ്യാന്തരശ്രദ്ധ ആകര്‍ഷിക്കുന്നുണ്ടെന്നും, പാപ്പായുടെ നവമായ നിര്‍ദ്ദേശങ്ങള്‍ ആഗോളതലത്തിലും പൊതുമേഖലയിലും ഏറെ ചിന്തനീയവുമാകുന്നുണ്ടെന്നും നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി, മോണ്‍സീഞ്ഞോര്‍ മാരിയോ
ടോസ്സോ സമ്മേളനത്തില്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.