2014-07-09 17:08:05

റാഞ്ചിക്ക് സഹായമെത്രാന്‍
ഫാദര്‍ തിയദോര്‍ മസ്ക്കരാനസ്


9 ജൂലൈ 2014, വത്തിക്കാന്‍
വടക്കെ ഇന്ത്യയിലെ റാഞ്ചി അതിരൂപതയ്ക്ക് പാപ്പാ ഫ്രാന്‍സിസ്
പുതിയ സഹായമെത്രാനെ നിയോഗിച്ചു. ഗോവ സ്വദേശിയായ ഫാദര്‍ തിയദോര്‍ മസ്ക്കരാനസിനെയാണ്
പാപ്പാ റാഞ്ചിയുടെ സഹായമെത്രാനായി നിയമിച്ചത്. ഇപ്പോള്‍ വത്തിക്കാനില്‍ സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലില്‍ സേവനം അനുഷ്ഠിച്ചുപോരുന്ന 55 വയസ്സുകാരന്‍,
ഫാദര്‍ മസ്ക്കരാനസ് പീലാര്‍ മിഷന്‍ സഭാംഗമാണ്.

കര്‍ദ്ദിനാല്‍ ടെലിസ്ഫേര്‍ തൊപ്പോ മെത്രാപ്പോലീത്തയായുള്ള റാഞ്ചി അതിരൂപതയുടെ രണ്ടാമത്തെ സഹായമെത്രാനാണ് തിയദോര്‍ മസ്ക്കരാനസ്. ബിഷപ്പ് ടെലിസ്ഫോര്‍ ബിലൂങ്ങ് എസി.വി.ഡി.-യാണ് നിലവിലുള്ള പ്രഥമ സഹായമെത്രാന്‍.

നാഗപ്പൂരിനെ സെന്‍റ് ചാല്‍സ് സെമിനാരിയില്‍ തത്വശാസ്ത്ര ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കിയ ഫാദര്‍ മസ്ക്കരാനസ് റോമിലെ ബിബ്ലിക്കും യൂണിവേഴ്സിറ്റിയില്‍നിന്നും ഡോക്ടര്‍ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

1988-ല്‍ പൗരോഹിത്യം സ്വീകരിച്ചശേഷം പഞ്ചാബിലായിരുന്നു പ്രേഷിത പ്രവര്‍ത്തനങ്ങളുടെ ആരംഭം. പീലാര്‍ സഭാ കൗണ്‍സിലര്‍, ബൈബിള്‍ പണ്ഡിതനും അദ്ധ്യാപകനും, ധന്യനായ ഫാദര്‍ ആഞ്ചലോ വാസിന്‍റെ നാമകരണ നടപടികള്‍ക്കായുള്ള പോസ്റ്റുലേറ്റര്‍ എന്നീ നിലകളിലും നിയുക്ത മെത്രാന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.








All the contents on this site are copyrighted ©.