2014-07-07 19:43:05

രാഷ്ട്രത്തിന്‍റെ സുരക്ഷയെക്കാള്‍
പ്രധാനം വ്യക്തിസുരക്ഷ


7 ജൂലൈ 2014, ജനീവ
വ്യക്തിസുരക്ഷ രാഷ്ട്രത്തിന്‍റെ സുരക്ഷയെക്കാള്‍ പ്രധാന്യമെന്ന് വത്തിക്കാന്‍റെ പ്രതിനിധി പ്രസ്താവിച്ചു.
ഐക്യരാഷ്ട്ര സഭയുടെ ജനീവ ആസ്ഥാനത്ത് നടന്ന മനുഷ്യാവകാശ കമ്മിഷന്‍റെ 60-ാം സമ്മേളനത്തിലാണ് വത്തിക്കാന്‍റെ നിരീക്ഷകന്‍, ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി ഇങ്ങനെ പ്രസ്താവിച്ചത്.

അഭയാര്‍ത്ഥികളായി ഓരോ രാജ്യത്തും എത്തിച്ചേരുന്നവരെക്കുറിച്ചും അവരുടെ മനുഷ്യാവകാശ സംരക്ഷണത്തെക്കുറിച്ചും പരാമര്‍ശിക്കവെയാണ് ആര്‍ച്ചുബിഷപ്പ് തൊമാസി ഇങ്ങനെ പ്രസ്താവിച്ചത്.
കുടിയേറ്റക്കാരായി എത്തുന്നവര്‍ പിന്നിട്ട ജീവിതചുറ്റുപാടുകളും സംഘര്‍ഷാവസ്ഥയും മനസ്സിലാക്കി അവരുടെ മനുഷ്യാവകാശത്തെ സംരക്ഷിക്കുവാനും അവരെ തുണയ്ക്കുവാനും ഉതകുന്ന വിധത്തില്‍ രാഷ്ട്രങ്ങള്‍ പൊതുനയങ്ങള്‍ സ്വീകരിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി ജൂലൈ 1-ാന് അവതിപ്പിച്ച പ്രബന്ധത്തിലൂടെ രാഷ്ട്രപ്രതിനിധകളോട് അഭ്യര്‍ത്ഥിച്ചു.

രാജ്യാന്തര തലത്തില്‍ 5 കോടിയോളം ജനങ്ങളാണ് കുടിയേറ്റ പ്രതിഭാസത്തില്‍ വ്യാപൃതരായിരിക്കുന്നതെന്നും, ജീവിതവ്യഗ്രതകളുടെ പച്ചയായ സാഹചര്യങ്ങളില്‍നിന്നും പറിച്ചുനടപ്പെടാന്‍ നിര്‍ബന്ധിതരാകുന്ന ഈ ജനസമൂഹത്തോട് സഹാനുഭാവവും ഐക്യദാര്‍ഢ്യവും പ്രകടമാക്കണമെന്ന് വത്തിക്കാന്‍റെ പ്രതിനിധി രാഷ്ട്രപ്രതിനിധികളോട് അഭ്യര്‍ത്ഥിച്ചു.

ജീവനോടും മനുഷ്യാന്തിസ്സിനോടുമുള്ള ആദരവിന്‍റെ പശ്ചാത്തലത്തില്‍ സഭാ സ്ഥാപനങ്ങള്‍ സഹാനുഭാവത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും കാഴ്ചപ്പാടിലാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതെന്നും, ജീവിതസാഹചര്യങ്ങളും സമ്മര്‍ദ്ദങ്ങളും മൂലം കുടിയേറാനും അഭയാര്‍ത്ഥികളാകാനും നിര്‍ബന്ധിതരാകുന്ന ജനതകളെ സഹായിക്കുന്നതോടൊപ്പം, പീഡനങ്ങളുടെ മൂലകാരണങ്ങള്‍ ഇല്ലായ്മചെയ്യുവാനും രാഷ്ട്രങ്ങള്‍ അവരെ സഹായിക്കണമെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി പ്രബന്ധത്തിലൂടെ അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.