2014-07-07 18:39:32

ചൂഷണത്തിന്
ഇരയായവരെ ഓര്‍ത്ത്
ദുഃഖിക്കുന്ന പാപ്പാ


7 ജൂലൈ 2014, വത്തിക്കാന്‍
ലൈംഗിക ചൂഷണത്തിന് ഇരയായ കുഞ്ഞുങ്ങളെയോര്‍ത്ത് താന്‍ ദുഃഖിക്കുന്നുവെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ജൂലൈ 7-ാം തിയതി തിങ്കാളാഴ്ച പേപ്പല്‍ വസതി സാന്താ മാര്‍ത്തിയില്‍ കുട്ടികളുടെ പീഡനങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കമ്മിഷനിലെ അംഗങ്ങള്‍ക്കൊപ്പം അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ വികാരഭരിതനായി ഇങ്ങനെ ചിന്തകള്‍ പങ്കുവച്ചത്.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അഭിഷിക്തരായവര്‍ കുഞ്ഞങ്ങളെ ദൈവത്തിങ്കലേയ്ക്ക് അടുപ്പിക്കേണ്ടവര്‍ അവരെ ലൈംഗീകമായി ചൂഷണംചെയ്ത സംഭവങ്ങളില്‍ താന്‍ ഏറെ ദുഃഖാര്‍ത്തനാണെന്നും, ക്രിസ്തുവിനെ ഒറ്റുകൊടുത്ത് പത്രേസ്, ഗുരുവിന്‍റെ കണ്ണുകളില്‍ നോക്കി വിലപിച്ചതുപോലെ, ഈ നിര്‍ദ്ദേഷികളായ കുഞ്ഞുങ്ങളെ ഓര്‍ത്ത് വിലപിക്കാനുള്ള കൃപ ഈ ദിവ്യബലിയില്‍ ക്രിസ്തുവിനോടു യാചിക്കണമെന്ന് കുട്ടികളുടെ പീഡനങ്ങള്‍ സംബന്ധിച്ച പൊന്തിഫിക്കല്‍ കമമിഷനിലെ അംഗങ്ങളെ പാപ്പാ ഉദ്ബോധിപ്പിച്ചു.

ക്രിസ്തുവിന്‍റെ തറയ്ക്കുന്ന നോട്ടം ഇന്ന് നമ്മുടെ മേലും നിപതിക്കുന്നുണ്ട്. തങ്ങളുടെ പ്രേഷിതദൗത്യത്തെയും സമര്‍പ്പണത്തെയും വഞ്ചിച്ചുകൊണ്ട് നിര്‍ദ്ദേഷികളായവരെ ദുരുപയോഗിച്ച സഭയുടെ പുത്രന്മാരെയും പുത്രിമാരെയും ഓര്‍ത്ത് അനുതപിക്കുവാനുള്ള കൃപ സഭയ്ക്കു തരണമേ എന്ന് ക്രിസ്തുവിനോട് പ്രാര്‍ത്ഥിക്കാം. വിവിധ രാജ്യങ്ങളില്‍നിന്നും ഈ സഭാനിയോഗത്തിന്‍റെ പഠനത്തിനായി ബുദ്ധിമുട്ടിയെത്തിയ കര്‍ദ്ദിനാള്‍ ഓമലിയുടെ നേതൃത്വത്തിലുള്ള കമ്മിഷനിലെ അംഗങ്ങള്‍ക്ക് പാപ്പാ നന്ദിപ്രകടിപ്പിച്ചു.

നീണ്ടകാലം മൂടിമറയ്ക്കപ്പെട്ട തിന്മയുടെ ഈ കൂട്ടുകെട്ട് അവസാനം ക്രിസ്തുവിന്‍റെ രൂക്ഷമായ ദര്‍ശനത്തില്‍ ഇന്ന് വെളിപ്പെടുത്തപ്പെട്ടു. ഈ കഠിന പാപത്തെ ഓര്‍ത്ത് മനസ്സാക്ഷിയില്‍ വിലപിക്കുന്ന ചിലര്‍ നമ്മുടെയും ഹൃദയങ്ങളെ സ്പര്‍ശിക്കുന്നുണ്ട്. നമ്മുടെ വൈദികസഹോദരരും ചില മെത്രാന്മാര്‍പോലും കുഞ്ഞുങ്ങളെ ലൈംഗീകമായി ചൂഷണംചെയ്യുകയും അവരുടെ നിഷ്ക്കളങ്കത നശിപ്പിക്കുകയും, തങ്ങളുടെ ദൈവവിളിയെ നിഷേധിക്കുകയും ചെയ്തിരിക്കുന്നു. നികൃഷ്ടമായ പ്രവൃത്തിയെക്കാള്‍ കഠോരമാണിത്. ദൈവനിന്ദകമായ പ്രവൃത്തിയാണിത്, കാരണം ദൈവത്തിങ്കലേയ്ക്ക് നയിക്കപ്പെടാനായി ഏല്പിക്കപ്പെട്ട കുഞ്ഞുങ്ങളെ, നയിക്കേണ്ട പുരോഹിതര്‍തന്നെ ദുരുപയോഗം ചെയ്തിരിക്കുന്നു. അങ്ങനെ ദൈവത്തിന്‍റെ പ്രതിച്ഛായകള്‍തന്നെയാണ് അവര്‍ തച്ചുടയ്ക്കുന്നത്.

കുഞ്ഞുഹൃദയങ്ങള്‍ തുറവുള്ളതും ആരെയും വിശ്വസിക്കുന്നതുമാണ്. ദൈവികരഹസ്യങ്ങള്‍ മനസ്സാലാക്കാന്‍ അവര്‍ക്ക് അവരുടേതായ കഴിവുകളുണ്ട്. വിശ്വാസത്തില്‍ വളരുവാന്‍ അവര്‍ തീക്ഷ്ണമതികളാണ്, അതിനായി അതിയായി ആഗ്രഹിക്കുന്നു.
ഈ കുഞ്ഞുകളുടെ കണ്ണുകളില്‍ ഒളിഞ്ഞിരിക്കുന്ന ക്രിസ്തുവിനെ നോക്കിയാണ് സഭയിന്ന് വിലപിക്കേണ്ടതെന്ന് പാപ്പാ പ്രസ്താവിച്ചു. നിന്ദ്യമായ ലൈംഗീക പീഡനങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ആഴമായ മുറിപ്പാടുകളെ നോക്കി എളിമയോടെ വിലപിക്കാനുള്ള കരുത്തുനല്കണമേ, എന്ന് സഭ ഇന്ന് ക്രിസ്തുവിനോടു യാചിക്കുകയാണ്. ഈ മുറിവുകള്‍ പിന്നെ ശമിക്കാത്ത ആത്മീയവും വൈകാരികവുമായ വേദനയ്ക്കും നിരാശയ്ക്കും കാരണമാകുന്നുണ്ട്. അങ്ങനെ വേദനിക്കുന്നവര്‍ ചില സാമൂഹിക തിന്മകളുടെ അടിമകളാകുന്നുമുണ്ട്. അവര്‍ മദ്യം മയക്കുമരുന്ന് എന്നിവയ്ക്ക് അടിമപ്പെടുന്നുണ്ട്. വ്യക്തി ബന്ധങ്ങളിലും കുടുംബബന്ധങ്ങളിലും ചിലര്‍ പതറിപ്പോകുന്നതും നമുക്കു കാണാം. ലൈംഗിക പീഡനങ്ങള്‍ വരുത്തുന്ന വ്യഥകള്‍ ഏറെ ആഴമുള്ളതാകയാല്‍, കുടുംബജീവിതത്തിലുണ്ടാകുന്ന വേദനകള്‍ ഏറെ ആഴമുള്ളതുമാണ്.

സ്നേഹച്ചൊരാളുടെ, അല്ലെങ്കില്‍ വിശ്വസിച്ചൊരാളുടെ മരണത്തിന്‍റെ വേദന മറികടക്കാന്‍ ആത്മഹത്യയെ അവലംബിക്കുന്നവരുമുണ്ട്. ദൈവമക്കളുടെ ഇങ്ങനെയുള്ള നഷ്ടം സഭയുടെ ആകമാനം ഹൃദയത്തെയും മനസ്സാക്ഷിയെയും വേദനിപ്പിക്കുന്നു. ഇങ്ങനെ വേദനിക്കുന്ന കുടുംബങ്ങളോടും എന്‍റെ അകൈതവമായ സ്നേഹവും, ഒപ്പം ദുഃഖവും രേഖപ്പെടുത്തുന്നുവെന്നും പാപ്പാ വചനപ്രഘോഷണമദ്ധ്യേ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.