2014-07-07 19:18:36

അഭയാര്‍ത്ഥികളോട് അലിവും
ആര്‍ദ്രതയും കാട്ടണം


7 ജൂലൈ 2014, വത്തിക്കാന്‍
ആഗോളീകരണത്തിന്‍റെ നിസംഗഭാവം വെടിഞ്ഞ്, അഭയാര്‍ത്ഥികളോട് അലിവും
ആര്‍ദ്രതയും കാണിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് അഭ്യര്‍ത്ഥിച്ചു. തന്‍റെ ലാമ്പദൂസാ സന്ദര്‍ശനത്തിന്‍റെ പ്രഥമ വാര്‍ഷികം അനുസ്മരിച്ചുകൊണ്ട് സ്ഥലത്തെ മെത്രാപ്പോലീത്താ ഫ്രാന്‍ചേസ്ക്കോ മൊന്തെനേഗ്രോയ്ക്ക്
ജൂലൈ 7-ാം തിയതി വത്തിക്കാനില്‍നിന്നും അയച്ച സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ അഭ്യര്‍ത്ഥിച്ചത്.

സന്മനസ്സുള്ള സകലരും വിശിഷ്യാ എല്ലാ ക്രൈസ്തവമക്കളും ഭീതിയോ സന്ദേഹമോ
കൂടാതെ അഭയംതേടിയെത്തുന്ന മനുഷ്യരെ സ്വീകരിക്കുകയും തുണയ്ക്കുകയും ചെയ്യണമെന്ന് സന്ദേശത്തിലൂടെ പാപ്പാ ലാമ്പദൂസാസിയിലെ ജനങ്ങളോടു മാത്രമല്ല, ലോകത്തുള്ള സകലരോടുമായി പാപ്പാ അഭ്യര്‍ത്ഥിച്ചു.

ഉത്തരവാദിത്വപ്പെട്ട സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും അഭയാര്‍ത്ഥികളെ ശുശ്രൂഷിക്കുന്നതിലും അവരുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കുന്നതിലും, ഇറ്റലിയില്‍ മാത്രമല്ല യൂറോപ്പു മുഴുവനും - ഔദാര്യത്തോടും ഹൃദയവിശാലതയോടുംകൂടെ സമീപിക്കണമെന്നും, ആഗോളവത്ക്കരണത്തിന്‍റെ നിസംഗഭാവം വെടിഞ്ഞ് മനുഷ്യത്വത്തിന്‍റെ മാന്യത ഉള്‍ക്കൊള്ളണമെന്നും പാപ്പാ സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

2013-ല്‍ ജൂലൈ 8-ാം തിയതിയാണ് ഇറ്റലിയുടെ രാജ്യാതിര്‍ത്തിയില്‍ മെഡിറ്ററേനിയന്‍ തീരത്തുള്ള ലാമ്പദൂസാ ദ്വീപ് പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിച്ചത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നും യൂറോപ്പിലേയ്ക്ക് കുടിയേറ്റാനുള്ള എളുപ്പമാര്‍ഗ്ഗമായതിനാല്‍ അനുദിനമെന്നോണം ന്യായമായ കുടിയേറ്റത്തിന്‍റെയും അനധികൃതകുടിയേറ്റത്തിന്‍റെയും കവാടമാണ് ലാമ്പെദൂസ്സാ.

2013-ല്‍ ആവര്‍ത്തിച്ചുണ്ടാ അഭയാര്‍ത്ഥികളുടെ ബോട്ടപകടങ്ങള്‍ പ്രത്യേകിച്ച ജൂലൈ മാസത്തില്‍ 800-ലേറെ കുടിയേറ്റക്കാരുടെ കൂട്ടമരണത്തിന്‍റെ കദനകഥകേട്ട് മനസ്സലിഞ്ഞാണ് പാപ്പാ ഫ്രാന്‍സിസ് ലാമ്പദൂസായിലെത്തിയത്.








All the contents on this site are copyrighted ©.