2014-07-04 20:10:42

ലോക യുവജനസംഗമം
ചിഹ്നം പ്രകാശനംചെയ്തു


4 ജൂലൈ 2014, ക്രാക്കോ
2016 ലോകയുവജന സംഗമത്തിന്‍റെ ചിഹ്നം പ്രകാശനംചെയ്തു. ദൈവികകാരുണ്യത്തിന്‍റെ ചിത്രണവുമായിട്ടാണ് 2016 ജൂലൈ 26-മുതല്‍ 31-വരെ തിയതികളില്‍ പോളണ്ടിലെ ക്രാക്കോയില്‍ സംഗമിക്കുന്ന 31-ാമത് ലോകയുവജനമേളയുടെ ചിഹ്നം പുറത്തിറങ്ങിയത്. ജൂലൈ 28-ാം തിയതിയായിരിക്കും പാപ്പാ ഫ്രാന്‍സിസ് മേളയില്‍ എത്തിച്ചേരുന്നത്.

ക്രാക്കോ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവൂസ് ഡിവീസ് മെത്രാസനമന്ദിരത്തില്‍ ജൂലൈ
3-ാം തിയതി ബുധനാഴ്ച വിളിച്ചുകൂട്ടിയ മാധ്യമസമ്മേളനത്തിലാണ് ലോഗോയുടെയും മേളയ്ക്ക്
ഒരുക്കമായുള്ള പ്രാര്‍ത്ഥനയുടെയും പ്രകാശനകര്‍മ്മം നിര്‍വ്വഹിക്കപ്പെട്ടത്.

ഗ്രാഫിക്ക് ശൈലിയിലുള്ള പോളണ്ടിന്‍റെ ഭൂപടത്തില്‍ ക്രിസ്തുവിന്‍റെ പ്രതീകമായി മഞ്ഞനിറത്തിലുള്ള കുരിശും, കുരിശില്‍നിന്നും പ്രവഹിക്കുന്ന ചുവപ്പും നീലയും മഞ്ഞയും ഇടകലര്‍ന്ന കതിരുകളില്‍ ക്രിസ്തു പകര്‍ന്നു തന്ന ദൈവികകാരുണ്യവും പ്രതീകമാത്മകായി ചിത്രസംയോജനം ചെയ്തിരിക്കുന്നു.
ക്രാക്കോ നഗരത്തിന്‍റെ ഔദ്യോഗിക നിറങ്ങളാണ് ചുവപ്പും നീലയും മഞ്ഞയും.

ഒപ്പം ‘കാരുണ്യമുള്ളവര്‍ അനുഗ്രഹീതരാകുന്നു, അവര്‍ക്ക് കരുണ ലഭിക്കും,’ (മത്തായി 5, 7)
എന്ന മേളയുടെ ആപ്തവാക്യവും ചിഹ്നം ദൃശ്യവത്ക്കരിക്കുന്നുണ്ട്.
കുരിശിന്‍റെ ചുവട്ടിലായും, ബഹുവര്‍ണ്ണക്കതിരുകളുടെ മദ്ധ്യത്തിലും ചേര്‍ത്തിരിക്കുന്ന ചെറിയവൃത്തം ഭൂപടത്തിലെ ക്രാക്കോനഗരത്തിന്‍റെ സ്ഥാനവും ഒപ്പം യുവാക്കളുടെ ക്രിസ്തുവിലുള്ള കൂട്ടുചേരലും പ്രതീകാത്മകമായി ചിത്രീകരിക്കുന്നതാണ്.

യുവജന സംഗമത്തിന്‍റെ സ്ഥാപകന്‍, വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ജന്മനാട്ടില്‍ അരങ്ങേറുന്ന യുവജന മാമാങ്കത്തിന് മാറ്റേറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. പോളണ്ടു സ്വദേശിനി മോനിക്കായ റിബ്സിന്‍സ്ക്ക 28-വയസ്സുകാരിയാണ് ഈ ചിഹ്നത്തിന്‍റെ ചിത്രകാരി. ലോഗോയോടൊപ്പം ലോക യുവജനമേളയ്ക്കായുള്ള ഔദ്യോഗിക പ്രാര്‍ത്ഥനയും കര്‍ദ്ദിനാള്‍ ഡിവിസ് മാധ്യമ സമ്മേളനത്തില്‍ പ്രകാശനംചെയ്തു.








All the contents on this site are copyrighted ©.