2014-07-04 20:19:02

മേളയ്ക്ക് ഒരുക്കമായി
യുവജനങ്ങളുടെ പ്രാര്‍ത്ഥന


4 ജൂലൈ 2014, ക്രാക്കോ
ലോക യുവജന സംഗമത്തിനായുള്ള ഔദ്യോഗിക പ്രാര്‍ത്ഥനയും ക്രാക്കോയില്‍ ലോഗോയോടൊപ്പം
പ്രകാശനം ചെയ്തു. 2016 ജൂലൈയില്‍ പോളണ്ടിലെ ക്രാക്കോയില്‍ അരങ്ങേറുന്ന സമ്മേളനത്തിന് ഒരുക്കമായി ദൈവികകാരുണ്യത്തില്‍ ആശ്രിയിച്ചുകൊണ്ട് ലോകനന്മയ്ക്കായുള്ള ഹ്രസ്വപ്രാര്‍ത്ഥനയും മേളയുടെ സംഘാടകരായ ക്രാക്കോ അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഡിവിസ് യുവജനങ്ങള്‍ക്ക് ഇക്കുറി നല്കിയിരിക്കുന്നത്.

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ലോകഭാഷകളില്‍ പ്രസിദ്ധീകരിച്ച ലോകനന്മയ്ക്കായുള്ള പ്രാര്‍ത്ഥന പരിശുദ്ധ കന്യകാനാഥയുടെയും, വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെയും മദ്ധ്യസ്ഥ്യം യാചിച്ചുകൊണ്ടാണ് സമാപിക്കുന്നത്. യുവജനങ്ങള്‍ ദൈവികകാരുണ്യത്തിന്‍റെ സാക്ഷികളായിക്കൊണ്ട്, ലോകത്ത് പ്രത്യാശയും സമാധാനവും സന്തോഷവും സ്നേഹവും പകരത്തക്കവിധം മനുഷ്യഹൃദയങ്ങളില്‍ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകത്തക്കവിധമുള്ള പ്രാര്‍ത്ഥനയാണിത്.

യുവജനമേളയ്ക്ക് ഒരുക്കമായുള്ള പ്രാര്‍ത്ഥന

ദൈവമേ, കാരുണ്യവാനായ പിതാവേ, ഞങ്ങളോടുള്ള അങ്ങേ അതിരറ്റസ്നേഹം ക്രിസ്തുവില്‍ പ്രകടമാക്കുക മാത്രമല്ല, ആശ്വാസദായകനായ പരിശുദ്ധാത്മാവിലൂടെ അത് സമൃദ്ധമായി ഞങ്ങളില്‍ വര്‍ഷിക്കുകയും ചെയ്തുവല്ലോ.

ഈ ലോകത്തെ ഓരോ സ്ത്രോയുടെയും പുരുഷന്‍റെയും ഭാവിയും ഭാഗധേയവും ഞങ്ങള്‍
ഇന്ന് അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു. വിവിധ നാട്ടുകാരും ഭാഷക്കാരും സംസ്ക്കാരങ്ങളുമായ യുവജനങ്ങളെ ഞങ്ങള്‍ അങ്ങേ സംരക്ഷണയ്ക്ക് സമര്‍പ്പിക്കുന്നു. ഇന്നത്തെ ലോകത്തിന്‍റെ കെട്ടുപിണഞ്ഞ സാമൂഹ്യാന്തരീക്ഷത്തില്‍ അവരെ നയിക്കുകയും സംരക്ഷിക്കുകയും ചെയ്യണമേ. ക്രാക്കോ സംഗമത്തില്‍നിന്നും സമൃദ്ധമായി നന്മയുടെ ഫലങ്ങള്‍ കൊയ്തെടുക്കാന്‍ അവരെ പ്രാപ്തരാക്കണമേ.

സ്വര്‍ഗ്ഗീയപിതാവേ, ഞങ്ങള്‍ അങ്ങേ ദൈവികകാരുണ്യത്തിന്‍റെ സാക്ഷികളാവട്ടെ.
സംശയാലുക്കളുടെ ശങ്ക അകറ്റുവാനും, നിരാശരായവര്‍ക്ക് പ്രത്യാശ പകരുവാനും,
വിഘടിച്ചു നില്ക്കുന്നവരെ സ്നേഹിക്കുവാനും, പാപികളായവര്‍ക്ക് മാപ്പുനല്കുവാനും, ദുഃഖാര്‍ത്ഥരായവര്‍ക്ക് സന്തോഷം പകര്‍ന്നുകൊടുക്കുവാനും ഞങ്ങളെ അങ്ങു പ്രാപ്തരാക്കണമേ. അങ്ങേ കാരുണ്യത്തിന്‍റെ സ്നേഹാഗ്നി എനിക്കു ചുറ്റും എന്നിലും ഹൃദയപരിവര്‍ത്തനത്തിന്‍റെയും മാനസാന്തരത്തിന്‍റെയും ജ്വാല തെളിയിച്ച് ഞങ്ങളുടെ ജീവിതങ്ങളെയും ഈ ലോകത്തിന്‍റെയും മുഖം നവീകരിക്കട്ടെ. കാരുണ്യത്തിന്‍റെ അമ്മയായ പരിശുദ്ധ കന്യകാനാഥേ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയേ, ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണമേ.
ആമേന്‍.








All the contents on this site are copyrighted ©.