2014-07-04 19:58:54

പാപ്പായുടെ കൊറിയ സന്ദര്‍ശനം
സമഗ്രവികസനത്തിന്‍റെ
പാത തെളിക്കും


4 ജൂലൈ 2014, സോള്‍
സമ്പന്നമായ കൊറിയയ്ക്ക് പാപ്പായുടെ സന്ദര്‍ശനം സമഗ്രവികസനത്തിന്‍റെ വഴിതെളിക്കുമെന്ന്, ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് പീറ്റര്‍ കാങ് ഊ-യില്‍ പ്രസ്താവിച്ചു. സാമ്പത്തിക സാങ്കേതിക വ്യവസായ മേഖലകളില്‍ വന്‍കുതിച്ചു ചാട്ടമാണ് കൊറിയ കഴിഞ്ഞൊരു ദശകത്തില്‍ കണ്ടതെന്നും, എന്നാല്‍ ആത്മീയമേഖലയില്‍ പിന്നോട്ടുപോകുന്ന കൊറിയയെ സഹായിക്കാന്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ആഗസ്റ്റ് 13-മുതല്‍ 18-വരെ തിയതികളില്‍ നടക്കുവാന്‍ പോകുന്ന സന്ദര്‍ശനം സഹായകമാകുമെന്ന് ജൂലൈ 2-ാം തിയതി മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തില്‍, ചേജൂ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് കാങ് ഊ-യില്‍ അഭിപ്രായപ്പെട്ടു.

തെക്കും വടക്കും കൊറിയന്‍ ഭരണകൂടങ്ങള്‍ തമ്മില്‍ നിലനില്ക്കുന്ന രാഷ്ട്രീയ സംഘര്‍ഷാവസ്ഥ മറികടക്കുവാനും, ഐക്യത്തിന്‍റെയും അനുരജ്ഞനത്തിന്‍റെയും അന്തരീക്ഷം പുനര്‍സ്ഥാപിക്കുവാനും ആഗസ്‍റ്റ് 13-മുതല്‍ 18-വരെയുള്ള പാപ്പായുടെ സന്ദര്‍ശനം പ്രയോജനകരമായ പരിവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുമെന്നതില്‍ സംശയമില്ലെന്നും ആര്‍ച്ചബിഷപ്പ് കാങ്-ഊയില്‍ കൂട്ടിച്ചേര്‍ത്തു.

തെക്കെ കൊറിയ വ്യവസായവതിക്കരണത്തിന്‍റെയും, ജനാധിപത്യത്തിന്‍റെയും, സുവിശേഷവത്ക്കരണത്തിന്‍റെയും മേഖലയില്‍ കഴിഞ്ഞൊരു ദശകത്തില്‍ അഭൂതപൂര്‍വ്വകമായ വളര്‍ച്ചയാണ് ആര്‍ജ്ജിച്ചിരിക്കുന്നതെന്നും, എന്നാല്‍ വളര്‍ച്ചയുടെ പ്രകൃയയില്‍ ഏറെ പ്രതിസന്ധികളും ജനങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും, ആര്‍ച്ചുബിഷപ്പ് ചൂണ്ടിക്കാട്ടി.

സുവിശേഷവത്ക്കരണ മേഖലയിലും വന്‍ പുരോഗതി നേടിയിട്ടുള്ള കൊറിയയില്‍ വര്‍ദ്ധിച്ചുവരുന്ന ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വര്‍ദ്ധിച്ചു വരുന്ന അന്തരത്തില്‍ പശ്ചാത്തലത്തില്‍, സമഗ്രമായ മാനവിക പുരോഗതിയാണ് കൊറിയ പാപ്പായുടെ സന്ദര്‍ശനത്തോടെ ലക്ഷൃമിടുന്നതെന്നും ആര്‍ച്ചുബിഷപ്പ് കാങ്-ഊയില്‍ അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.