2014-07-04 19:37:33

ആരോഗ്യപദ്ധതികള്‍
പാവങ്ങളുടെ പക്ഷത്തെത്തണം


4 ജൂലൈ 2014, റോം
ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ സമൂഹത്തിന്‍റെ താഴെക്കിടയില്‍ എത്തണമെന്ന്, ആരോഗ്യപരിപാലകരുടെ ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് സിഗ്മണ്ട് സിമോസ്ക്കി പ്രസ്താവിച്ചു. ലോകാരോഗ്യ സംഘടന World Health Organization ജൂലൈ 4-ാം തിയതി റോമില്‍ വിളിച്ചുകൂട്ടിയ ക്ഷയരോഗത്തെ സംബന്ധിച്ച രാജ്യാന്തര സമ്മേളനത്തില്‍ (Summit on Tuberculosis) നടത്തിയ അനുഗ്രഹ പ്രഭാഷണത്തിലാണ് ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി ഇങ്ങനെ പ്രസ്താവിച്ചത്.

ആഗോളതലത്തില്‍ ക്ഷയരോഗ ബാധ നിരീക്ഷിക്കപ്പെടുന്നത് അധികവും പാവങ്ങളുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും ഇടയിലാകയാല്‍ ഈ രോഗത്തെ സംബന്ധിച്ച ആഗോളനയങ്ങളും പ്രവര്‍ത്തന പദ്ധതികളും ഫലവത്താകണമെങ്കില്‍ സമൂഹത്തിന്‍റെ താഴെക്കിടയിലേയ്ക്ക് ഇറങ്ങിച്ചെല്ലണമെന്ന് ആര്‍ച്ചുബിഷ്പ്പ് സിമോസ്ക്കി പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.

പാവങ്ങളായ രോഗികളെ പരിചരിക്കുകയെന്നത് ഉപവി പ്രവര്‍ത്തിയെന്നതിനേക്കാള്‍ സാമൂഹ്യനീതിയാണെന്നും, ആരോഗ്യപരിചരണം ഇന്ന് മനുഷ്യാവകാശത്തിന്‍റെ ഭാഗമായി വീക്ഷിക്കുവാന്‍ ആഗോള പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.

വേദനിക്കുന്ന സഹോദരങ്ങളോട് അനുകമ്പ കാണിക്കുവാനും, അവരെ സ്വീകരിക്കുവാനും പരിചരിക്കുവാനും സാധിക്കാത്ത സമൂഹം മനുഷ്യത്വമില്ലാത്തതും ക്രൂരവുമാണെന്നും, മാനവികതയുടെ മാനദണ്ഡം നിര്‍ണ്ണയിക്കേണ്ടത് സമൂഹം പാവങ്ങളായവരോടു കാണിക്കുന്ന അനുകമ്പയുടെ അടിസ്ഥാനത്തിലാണെന്നും ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി തന്‍റെ സന്ദേശത്തില്‍ സമര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.