2014-07-02 17:53:21

‘യുവജനങ്ങള്‍
ദൈവരാജ്യത്തിന്‍റെ സമ്പത്ത്’
കേരളത്തിലെ യുവജനദിനം


2 ജൂലൈ 2014, കോട്ടയം
യുവജനങ്ങള്‍ ദൈവരാജ്യത്തിന്‍റെ സമ്പത്തെന്ന്, കെസിബിസി യുവജന കമ്മിഷന്‍റെ ചെയര്‍മാന്‍ ബിഷപ്പ് ജോസഫ് മാര്‍ പണ്ടാരശ്ശേരി പ്രസ്താവിച്ചു.

ജൂലൈ 6-ാം തിയതി ഞായറാഴ്ച കേരളസഭ ആചരിക്കുന്ന 29-ാം യുവജന ദിനാഘോഷങ്ങളോട് അനുബന്ധിച്ച് ഇറക്കിയ സന്ദേശത്തിലാണ് കോട്ടയം അതിരൂപതാ
സഹായമെത്രാന്‍, മാര്‍ പണ്ടാരശ്ശേരി ഇങ്ങനെ പ്രസ്താവിച്ചത്.

ആത്മാവില്‍ ദാരിദ്ര്യവും ലാളിത്യവും ഉള്‍ക്കൊണ്ട് ക്രിസ്തു ശിഷ്യരാകുന്ന
യുവജനങ്ങള്‍ ദൈവരാജ്യത്തിന്‍റെ സമ്പത്താണെന്ന് സന്ദേശം വിശദമാക്കുന്നു.

യുവാവായ ക്രിസ്തുവിനെ അനുകരിച്ചുകൊണ്ട് യുവജനങ്ങള്‍ യുവത്വത്തിന്‍റെ ഓജസ്സും ജീവിതമൂല്യങ്ങളും വേദനിക്കുന്നവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുമായി പങ്കുവച്ചുകൊണ്ട് ക്രിസ്തുവിന്‍റെ കര്‍മ്മപദങ്ങളിലേയ്ക്ക് ക്രൈസ്തവയുവത ഇറങ്ങിവരണം, എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ചിന്തയാണ് ഇക്കുറി കേരള സഭയും യുവജനസന്ദേശമായി നല്കുന്നതെന്ന്,
മാര്‍ പണ്ടാരശ്ശേരി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ പ്രസ്താവിച്ചു.

യുവജനങ്ങളെ ഏറെ സ്നേഹിച്ച, ആധുനികയുഗത്തിലെ തിരുസ്സഭയുടെ രണ്ട് അമൂല്യനിധികളാണ് വിശുദ്ധരായ ജോണ്‍ പോള്‍ രണ്ടാമന്‍, ജോണ്‍ 23-ാമന്‍ എന്നീ
പാപ്പാമാര്‍. ലോകയുജനദിനാഘോഷങ്ങളുടെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥനായ ജോണ്‍ പോള്‍ രണ്ടാമന‍ പാപ്പായും രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പാപ്പാ എന്നറിയപ്പെടുന്ന ജോണ്‍ 23-ാമന്‍ പാപ്പായും 2014 ഏപ്രില്‍ മാസം 27-ാം തിയതി വിശുദ്ധരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു. യുവജനങ്ങളെക്കുറിച്ചുള്ള സഭയുടെയും സമൂഹത്തിന്‍റെയും കാഴ്ചപ്പാടുകള്‍ക്ക് സുപ്രധാനമായ മാറ്റങ്ങള്‍ കുറിച്ചത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലോടെയാണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ ചരിത്രത്തില്‍ തിരുസഭയുടെ നിര്‍ണ്ണായകമായ സാന്നിദ്ധ്യമായി മാറിയ രണ്ട് പുണ്യജന്മങ്ങളാണ് വിശുദ്ധരായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായും ജോണ്‍ ഇരുപത്തിമൂന്നാന്‍ പാപ്പായും.
ഒരു ലോക യുവജനദിനം കൂടി കടന്നുവരുമ്പോള്‍ ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള യുവതലമുറയെ ഈ രണ്ട് വിശുദ്ധരുടെയും മദ്ധ്യസ്ഥതയില്‍ നമുക്കു സമര്‍പ്പിക്കാം.









All the contents on this site are copyrighted ©.