2014-07-02 19:45:32

തദ്ദേശപ്രഭയുള്ളതാണ്
കൊറിയയുടെ വിശ്വാസവിളക്കെന്ന്
കര്‍ദ്ദിനാള്‍ പരോളിന്‍


2 ജൂലൈ 2014, വത്തിക്കാന്‍
മണ്ണിന്‍റെ മക്കള്‍ വളര്‍ത്തിയ വിശ്വാസമാണ് കൊറിയയുടേതെന്ന്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രസ്താവിച്ചു. ആഗസ്റ്റ് 13-മുതല്‍ 18-വരെ തിയതികളില്‍ നടക്കുവാന്‍ പോകുന്ന പാപ്പാ ഫ്രാന്‍സിസന്‍റെ കൊറിയ അപ്പസ്തോലിക സന്ദര്‍ശനത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്കു നല്കിയ പ്രസ്താവനയിലാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ പ്രസ്താവിച്ചത്.

വിദേശ മിഷണറിമാരോ, പടയോട്ടത്തിനെത്തിയ പടത്തലവന്മാരോ അല്ല കൊറിയന്‍ ജനതയ്ക്ക് ക്രിസ്തുവെളിച്ചം പകര്‍ന്നത്, മറിച്ച് സുവിശേഷത്തിന്‍റെ വെളിച്ചം കണ്ടെത്തിയ തദ്ദേശവാസികളായ അല്‍മായരാണ് അത് കൊറിയന്‍ മണ്ണില്‍ പരത്തിയതെന്ന് കര്‍ദ്ദാനാള്‍ പരോളിന്‍ വ്യക്തമാക്കി. ഏഷ്യന്‍ യുവജനസംഗമത്തില്‍ പങ്കെടുക്കുന്നത് പാപ്പായുടെ കൊറിയന്‍ സന്ദര്‍ശനത്തിലെ പ്രധാന ഇനമാണെങ്കിലും, കൊറിയയിലെ രക്തസാക്ഷികളെ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തുകയെന്നതും പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഥമ ഏഷ്യന്‍ സന്ദര്‍ശനത്തിലെ ശ്രദ്ധേയമായ സംഭവമാണെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ പ്രസ്താവനയില്‍ വെളിപ്പെടുത്തി.

യുദ്ധത്തിന്‍റെയും രാഷ്ട്രീയ വിഭജനത്തിന്‍റെയും സംഘര്‍ഷങ്ങളില്‍ മന്ദീഭവിച്ച വിശ്വാസം
കഴിഞ്ഞ 50-വര്‍ഷത്തിലാണ് അവിടെ വളര്‍ന്നു പന്തലിച്ചതെന്നും, ഒരു ശതമാനമായിരുന്ന കൊറിയയിലെ ക്രൈസ്തവ സമൂഹം 11-ശതമാനമായി വളര്‍ന്നത് രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ നവമായ വെളിച്ചത്തിലാണെന്നും കര്‍ദ്ദിനാള്‍ പരോളില്‍ പ്രസ്താവിച്ചു.

1784-ല്‍ ചൈനയില്‍നിന്നും പകര്‍ന്നു കിട്ടിയ വിശ്വാസവെളിച്ചം കൊറിയന്‍ മണ്ണില്‍ പ്രകാശിപ്പിച്ചത് മണ്ണിന്‍റെ മക്കളായ അല്‍മായരിലൂടെ ആയിരുന്നെന്നും, പിന്നീട് 1836-ല്‍ എത്തിയ ഫ്രഞ്ച് മിഷണറിമാരും കൊറിയയുടെ വിശ്വാസവെളിച്ചം ആളിക്കത്തിച്ചെന്നും പാപ്പായ്ക്കൊപ്പം കൊറിയയില്‍ എത്തുന്ന കര്‍ദ്ദിനാള്‍ പരോളില്‍ വിവരിച്ചു.








All the contents on this site are copyrighted ©.