2014-07-02 19:32:59

ഇറാക്കിനാവശ്യം
ധാര്‍മ്മിക പിന്‍ബലം


2 ജൂലൈ 2014, ബാഗ്ദാദ്
സൈനിക ഇടപെടലല്ല, ധാര്‍മ്മിക പിന്‍തുണയാണ് ഇറാക്കിന് ആവശ്യമെന്ന്,
കാല്‍ഡിയന്‍ കത്തോലിക്കാ സഭാദ്ധ്യക്ഷന്‍, പാത്രിയര്‍ക്കിസ് ലൂയി സാഖോ പ്രസ്താവിച്ചു.
ഇറാക്കിന്‍റെ വിങ്ങുന്ന സാമൂഹ്യ രാഷ്ട്രീയ അന്തരീക്ഷത്തിലാണ് ബാബിലോണില്‍
വസിക്കുന്ന കത്തോലിക്കാ പാത്രിയര്‍ക്കിസ് സാഖോ ഇങ്ങനെ പ്രസ്താവിച്ചത്.

മാധ്യമങ്ങളും പ്രസ്ഥാനങ്ങളും ഇറാക്കിലെ കലുഷിതമായ രാഷ്ട്രീയാന്തരീക്ഷത്തെയും അഭ്യന്തരകലാപത്തെയും ക്രൈസ്തവരുടെ കുടിയിറക്കത്തെയും കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും, യഥാര്‍ത്ഥത്തില്‍ അവിടുത്തെ വേദനിക്കുന്ന സാധാരണക്കാര്‍ക്ക് ധാര്‍മ്മികമോ, സാമ്പത്തികമോ ആയ പിന്‍തുണ വേണ്ടുവോളം ലഭിക്കുന്നില്ലെന്ന് ആവശ്യത്തിലായിരിക്കുന്ന സഭകളെ അടിയന്തിരമായി സഹായിക്കാനുള്ള വത്തിക്കാന്‍റെ പ്രസ്ഥാനം
Aid to the church in Need-വഴി ജൂലൈ 1-ന് ഇറക്കിയ പ്രസ്താവനയില്‍
പാത്രിയര്‍ക്കിസ് സാക്കോ വെളിപ്പെടുത്തി.

മതവിഭ്രാന്തിമൂലം ഇറാക്ക് സുന്നി, ഷിയ, കൂര്‍ഡി എന്നിങ്ങനെ മൂന്നായി പിളര്‍ക്കപ്പെട്ടിരിക്കുകയാണെന്നും, ഇതിനിടയിലാണ് ക്രിസ്തുവിന്‍റെ കാലംമുതല്‍ക്കേ അവിടെയുള്ള ക്രൈസ്തവര്‍ തിങ്ങിഞെരുങ്ങുന്നതും, കുടിയിറങ്ങാന്‍ നിര്‍ബന്ധിതരാകുന്നതുമെന്ന് പാത്രയര്‍ക്കിസ് സാഖോ പ്രസ്താവിച്ചു.
പ്രകടമായ ക്രൈസ്തവ പീഡനം ഇറാക്കില്‍ ഇല്ലെങ്കിലും, സാമൂഹ്യ-രാഷ്ടീയ സമ്മര്‍ദ്ദങ്ങള്‍മൂലം കഴിഞ്ഞ 10 വര്‍ഷത്തില്‍ 50,000-ല്‍ ഏറെ ക്രൈസ്തവരാണ് കുടിയിറങ്ങേണ്ടി വന്നിട്ടുള്ളതെന്ന് ബാബിലോണ്‍ കാല്‍ഡിയന്‍ കത്തോലിക്കാ അതിരൂപതാദ്ധ്യക്ഷന്‍കൂടിയായ പാത്രിയര്‍ക്കിസ് സാഖോ, കണക്കുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കി.

അമേരിക്കന്‍ സൈനിക ഇടപെടലിനെക്കാളും താന്‍ ആഗ്രഹിക്കുന്നത് വിദ്യാഭ്യാസത്തിലൂടെ ഐക്യത്തിനും ഐക്യാദാര്‍ഢ്യത്തിനുമുയുള്ള ഇറാക്കി യുവതയുടെ രൂപീകരണമാണെന്ന് പാത്രിയര്‍ക്കിസ് സാഖാ പ്രസ്താവനയില്‍ വെളിപ്പെടുത്തി. ബഹുഭൂരിപക്ഷമായ സുന്നി ജീഹാദികളും, ഇസ്ലാമിക ആധിപത്യം ആഗ്രഹിക്കുന്ന ഷിയാകളുമാണ് ഇന്നും ഇറാക്കിന്‍റെ രാഷ്ട്രീയ വളര്‍ച്ചയെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുന്നതെന്നും പാത്രിയര്‍ക്കിസ് സാഖോ പ്രസ്താവനയില്‍ തുറന്നടിച്ചു.









All the contents on this site are copyrighted ©.