2014-07-01 09:18:08

പ്രബോധനപരമായ
വിജ്ഞാനസങ്കീര്‍ത്തനങ്ങള്‍ (13)


RealAudioMP3
സങ്കീര്‍ത്തനങ്ങളുടെ സാഹിത്യഗണങ്ങളെക്കുറിച്ചുള്ള പഠനം തുടരുകയാണ്. കഴിഞ്ഞ പ്രക്ഷേപണത്തില്‍ നാം കണ്ടത് രാജകീയ സങ്കീര്‍ത്തനങ്ങളെക്കുറിച്ചാണ്. ഇനി പതിനൊന്നാമത്തെ സാഹിത്യഗണമായ വിജ്ഞാന, സങ്കീര്‍ത്തനങ്ങളെക്കുറിച്ചാണ് ഇക്കുറി നാം വിശദീകരിക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തില്‍ ഏറെ ഉപഗണങ്ങളുള്ള പ്രബോധനപരമായ വലിയ സാഹിത്യഗണമാണ് വിജ്ഞാനസങ്കീര്‍ത്തനങ്ങള്‍. ചരിത്രപരമായ സങ്കീര്‍ത്തനങ്ങള്‍, പ്രവചനപരമായ സങ്കീര്‍ത്തനങ്ങള്‍, ആരാധനക്രമപരമായവ എന്നിവ വിജ്ഞാനസങ്കീര്‍ത്തനങ്ങളുടെ ഉപഗണങ്ങളായി ബൈബിള്‍ പണ്ഡിതന്മാര്‍ കണക്കാക്കുന്നു.

വിജ്ഞാനസങ്കീര്‍ത്തനത്തിന് പഠനസഹായിയായി നാം ഇന്ന് ഉപയോഗിക്കുന്നത്
146-ാം സങ്കീര്‍ത്തനമാണ് ഉപയോഗിക്കുന്നത്. ഇതിന്‍റെ സംഗീതാവിഷ്ക്കാരം നിര്‍വ്വഹിച്ചത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം
രമേഷ് മുരളിയും സംഘവും.

Muscial Version of Psalm : 146

ഭയപ്പെടേണ്ട, നിങ്ങള്‍ ഭയപ്പെടേണ്ട,
നിന്നെ രക്ഷിക്കാനിതാ, കര്‍ത്താവ് ആഗതനാകുന്നു.

1. കര്‍ത്താവെന്നും വിശ്വസ്തനാണ്
മര്‍ദ്ദിതര്‍ക്കവിടുന്നെന്നും നീതിനടപ്പാക്കിക്കൊടുക്കുന്നു
വിശക്കുന്നവര്‍ക്ക് അവിടുന്ന് ആഹാരം നല്കുന്നു
കര്‍ത്താവ് ബന്ധനസ്ഥരെ മോചിക്കുന്നു.

വിജ്ഞാന സങ്കീര്‍ത്തനങ്ങളുടെ സവിശേഷതകള്‍ നമുക്ക് ആദ്യം മനസ്സിലാക്കാം: പണ്ഡിതന്മാരും കവികളുമാണ് ഇസ്രായേലില്‍ ജനങ്ങള്‍ക്ക് ആദ്ധ്യാത്മികനേതൃത്വം കൊടുത്തിരുന്നത്. അവരുടെ പഠനങ്ങള്‍ കവിതാരൂപത്തിലും വിജ്ഞാനശൈലിയിലുമാണ് കൈമാറിയിരുന്നത്. ഇതില്‍ ധാരാളം പഴമൊഴികളും ആപ്തവാക്യങ്ങളും താക്കീതുകളും ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും ധ്യാനചിന്തകളും പ്രായോഗിക ജീവിത വിജ്ഞാനവും കാണാവുന്നതാണ്. ഇവിടെ ഇസ്രായേലിലെ കല്പനകള്‍ അല്ലെങ്കില്‍ നിയമങ്ങള്‍ (തോറാ) ജനങ്ങളുടെ മനനത്തിനും ധ്യാനത്തിനും വിഷയമാക്കപ്പെടുന്നതും ഏറെ ശ്രദ്ധേയമാണ്.

“കര്‍ത്താവെന്നും വിശ്വസ്തനാണ്, മര്‍ദ്ദിതര്‍ക്കവിടുന്നെന്നും നീതിനടപ്പാക്കി കൊടുക്കുന്നു, വിശക്കുന്നവര്‍ക്ക് ആഹാരം നല്കുന്നു, കര്‍ത്താവ് ബന്ധനസ്ഥരെ മോചിക്കുന്നു.” ഇതുപോലുള്ള വരികള്‍ ശ്രദ്ധിക്കുകയാണെങ്കില്‍, ‘തിന്മയില്‍നിന്നം അകന്ന് നന്മചെയ്യുക,’ എന്ന സന്ദേശമാണ് ഈ സങ്കീര്‍ത്തന വാക്യങ്ങളില്‍ മുഴങ്ങിക്കേള്‍ക്കുന്നത്.
ദുഷ്ടന്‍റെ വഴികളും ചെയ്തികളും അന്ത്യവുമെല്ലാം വിജ്ഞാനസങ്കീര്‍ത്തനങ്ങള്‍ വിവരിക്കുന്നുണ്ട് (സങ്കീര്‍. 1, 37, 112). അതുപോലെ നീതിമാന്‍റെ സൗഭാഗ്യവും വിശ്വാസിയുടെ ആനന്ദവും സങ്കീര്‍ത്തകന്‍ വര്‍ണ്ണിക്കുന്നു (സങ്കീര്‍‍‍‍. 37, 127, 128). നീതിമാന്‍ വാഗ്ദാനഭൂമി കരസ്ഥമാക്കുമ്പോള്‍ ദുഷ്ടന്‍ ദൈവത്തിന്‍റെ ന്യായവിധിയെ നേരിടേണ്ടി വരുന്നു. നീതിമാന്‍ ചിന്തിച്ചും ധ്യാനിച്ചുമാണ് ദൈവഹിതം മനസ്സിലാക്കുന്നത്. എന്നാല്‍ ദുഷ്ടന്‍ അറിവില്ലാത്ത ഭോഷനായി പെരുമാറുന്നു. നീതിമാനെ ദൈവം അറിയുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്- എന്നിങ്ങനെയുള്ള ചിന്തകള്‍ വിജ്ഞാന സങ്കീര്‍ത്തനത്തിന്‍റെ കാതലായ ഭാഗമാണ്.
Psalm : 146
ഭയപ്പെടേണ്ട, നിങ്ങള്‍ ഭയപ്പെടേണ്ട,
നിന്നെ രക്ഷിക്കാനിതാ, കര്‍ത്താവ് ആഗതനാകുന്നു.

2. കര്‍ത്താവന്ധരുടെ കണ്ണുതുറക്കുന്നു
നിലംപറ്റിയവരെ അവിടുന്ന് എഴുന്നേല്പിക്കുന്നു
കര്‍ത്താവ് നീതിമാന്മാരെ സ്നേഹിക്കുന്നു
അവിടുന്നു പരദേശികളെ പാലിക്കുന്നു.

നന്മ-തിന്മകള്‍ക്കുള്ള പ്രതിഫലത്തെ സംബന്ധിക്കുന്ന പരിചിന്തനങ്ങളും വിജ്ഞാനസങ്കീര്‍ത്തനങ്ങളില്‍ കാണാം. പലപ്പോഴും പരമ്പരാഗതമായിട്ടുള്ള പ്രതിസമ്മാനത്തെപ്പറ്റിയുള്ള അഭിപ്രായങ്ങളാണ് ഈ സങ്കീര്‍ത്തനങ്ങളില്‍ കാണുന്നത്. ഉദോഹരണത്തിന് “നീതിമാന് ആനന്ദവും ഐശ്വര്യവും കൈവരുമ്പോള്‍ ദുഷ്ടന് ആപത്തും അത്യാഹിതവും സംഭവിക്കുന്നു” (സങ്കീര്‍ത്ത. 1, 91, 112, 119, 127, 128).
എന്നാല്‍ ഈ ലോകത്ത് ദൈവികനീതിയുടെ പ്രതിസമ്മാനവും ശിക്ഷയും വേണ്ടവിധം നടക്കുന്നില്ലെന്നാണ് അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. ദുഷ്ടന്‍റെ അഭിവൃദ്ധിയും ഐശ്വര്യവും ദൈവഭക്തന് അപവാദവും അപകീര്‍ത്തിയും നിന്ദയും അതിക്രമവുമാണ് സമ്മാനിക്കുന്നത് (സങ്കീ. 73, 2-16) എന്ന് സങ്കീര്‍ത്തകന്‍ ആവലാതിപ്പെടുന്നു.
മറ്റൊരു ഉദാഹരണം... “സ്വര്‍ഗ്ഗത്തില്‍ അങ്ങല്ലാതെ ആരാണ് എനിക്കുള്ളത് ഭൂമിയിലും അങ്ങല്ലാതെ ഞാനാരെയും ആഗ്രഹിക്കുന്നില്ല. എന്‍റെ ശരീരവും മനസ്സും ക്ഷീണിച്ചു പോയേക്കാം, എന്നാല്‍ ദൈവമാണ് എന്‍റെ ബലം, അവിടുന്നാണ് എന്നേയ്ക്കുമുള്ള എന്‍റെ ഓഹരി.” ഇത് 73-ാമത്തെ വിജ്ഞാന സങ്കീര്‍ത്തനത്തിലെ വരികളാണ്. ദൈവമാണ് എന്‍റെ പരമമായ രക്ഷ എന്ന അറിവ് അല്ലെങ്കില്‍ വിജ്ഞാനം സങ്കീര്‍ത്തകന്‍ ഏറ്റു പാടുകയാണ്.
വരാനിരിക്കുന്ന ലോകത്തിലാണ് യഥാര്‍ത്ഥ പ്രതിസമ്മാനവും ശിക്ഷയും എന്ന ആശയത്തിലേയ്ക്ക് സങ്കീര്‍ത്തകന്‍ ക്രമേണ നമ്മെക്കൊണ്ടെത്തിക്കുന്നത്. വരാനിരിക്കുന്ന ലോകത്തില്‍ നീതിമാന് രക്ഷയും മഹത്ത്വവും തീര്‍ച്ചയായും ഉണ്ടാകും (49, 15; 73, 24),
എന്നു പറഞ്ഞുകൊണ്ട് പരലോക പ്രാപ്തിയെക്കുറിച്ചുള്ള ചിന്തകളിലേയ്ക്കും വിജ്ഞാനസങ്കീര്‍ത്തനങ്ങള്‍ നമ്മെ നയിക്കുന്നു.

വിജ്ഞാനസങ്കീര്‍ത്തനങ്ങള്‍ക്ക് ഐകരൂപ്യമുള്ള സാഹിത്യപരമായ മാതൃകകളില്ലെങ്കിലും മൂലകൃതികളില്‍ അക്ഷരമാലക്രമം ഇപയോഗിച്ചിരിക്കുന്നതു കാണാം. ചില സങ്കീര്‍ത്തനങ്ങളില്‍ എല്ലാ അര്‍ദ്ധവരികളും (അര്‍ദ്ധപാദം) (112), ചിലതില്‍ ഒന്നിടവിട്ടവരികളും (37) മറ്റു ചിലതില്‍ എല്ലാ എട്ടാമത്തെ വരികളും (119) അക്ഷരമാലക്രമത്തില്‍ രചിക്കപ്പെട്ടിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. സങ്കീര്‍ത്തനത്തിലെ മൂലകൃതിയിലുള്ള അക്ഷരമാല ക്രമം പാലിക്കാന്‍ മലയാളത്തില്‍ സാധിച്ചിട്ടല്ല, തീര്‍ച്ചായായും പരിഭാഷയുടെ പരിമിതിയായിരിക്കാം.

Psalm 146
ഭയപ്പെടേണ്ട, നിങ്ങള്‍ ഭയപ്പെടേണ്ട,
നിന്നെ രക്ഷിക്കാനിതാ, കര്‍ത്താവ് ആഗതനാകുന്നു.

3. കര്‍ത്താവ് വിധവകളെയും അനാഥരെയും സംരക്ഷിക്കുന്നു
എന്നാല്‍ ദുഷ്ടരുടെ വഴി അവിടുന്നു തകിടംമറിക്കുന്നു
കര്‍ത്താവെന്നും രാജാവായ് വാഴുന്നൂ
നിന്‍റെ ദൈവം തലമുറതോറും വാഴുന്നു.

വളരെ സാധാരണമായി പഴയനിമയമ ബൈബിള്‍ ഭാഗങ്ങള്‍ അവയില്‍‍ ഉപയോഗിച്ചിരിക്കുന്നു എന്നത് വിജ്ഞാനസങ്കീര്‍ത്തനങ്ങളിലെ വളരെ ശ്രദ്ധേയമായ ഘടകമാണ് (സങ്കീ. 33, 119). സങ്കീര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും ആരാധനാഗീതങ്ങളാണ്. അതുകൊണ്ട് അവ പഠിക്കുവാനും, മനസ്സിലാക്കുവാനും എളുപ്പവുമുണ്ട്. എന്നാല്‍ പണ്ഡിതന്മാരുടെ തൂലികയില്‍ ജനിച്ച വിജ്ഞാനസങ്കീര്‍ത്തനങ്ങള്‍ അത്ര എളുപ്പമായിരിക്കണമെന്നില്ല. ഉദാഹരണങ്ങള്‍ 1, 37, 49, 73, 91, 112, 119, 128, 133, 139.

വിമര്‍ശന ചിന്തകള്‍ : വിജ്ഞാനസങ്കീര്‍ത്തനങ്ങള്‍ എന്ന സാഹിത്യവിഭജനത്തെക്കുറിച്ച് ബൈബിള്‍ പണ്ഡിതന്മാരുടെ ഇടയില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ട്. വിഭജനത്തിന്‍റെ മാനദണ്ഡം അവ്യക്തമാണെന്നാണ് പലരുടെയും അഭിപ്രായം. ദൈവഭയം, ദൈവികനീതി, നന്മതിന്കളുടെ വൈരുദ്ധ്യം എന്നിവയാണ് അധികമായും ഈ സങ്കീര്‍ത്തനങ്ങളില്‍ തെളിഞ്ഞുനില്ക്കുന്ന സ്വഭാവവൈശിഷ്ട്യങ്ങള്‍ എന്നാണ് പൊതുവെയുള്ള നിരീക്ഷണം. എന്നിരുന്നാലും ബൈബിളിലെ വിജ്ഞാന ഗ്രന്ഥങ്ങളുടെ സ്വാധീനമുള്ള ധാരാളം സങ്കീര്‍ത്തനങ്ങള്‍ ഇക്കൂട്ടത്തില്‍ ഉണ്ടെന്നതും അംഗീകരിക്കേണ്ട വസ്തുതയാണെന്ന് പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. ഏതുതരം ദൈവത്തിലാണ് ഇസ്രായേല്യര്‍ വിശ്വസിച്ചിരുന്നത് എന്ന് വിജ്ഞാനസങ്കീര്‍ത്തനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. കാരണം
അവ ആരാധനയ്ക്കുതകുന്ന സ്തുതിപ്പുകളും, സഹസ്രനാമങ്ങളാല്‍ ദൈവത്തെ പ്രകീര്‍ത്തിക്കുന്ന സാഹിത്യഭംഗിയുള്ള ഹെബ്രായ കൃതികളുമാണ്. സര്‍വ്വോപരി
ഇസ്രായേല്‍ ജനത്തിന് ദൈവവുമായുള്ള വ്യക്തിഗത ബന്ധത്തിന്‍റെ പ്രതീകവുമാണ്
ഏറെ ആത്മീയ അവഗാഹമുള്ള വിജ്ഞാനസങ്കീര്‍ത്തനങ്ങള്‍. അത് ഇസ്രായേലിന്‍റെ
ആഴമായ വിശ്വാസത്തിന്‍റെ ഊര്‍ജ്ജസ്വലതയും ഊഷ്മളതയും വെളിപ്പെടുത്തുന്നു.

Muscial Version of Psalm : 146
146-ാം സങ്കീര്‍ത്തനത്തിന്‍റെ ഗാനാവിഷ്ക്കാരം ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയും ചേര്‍ന്നു നിര്‍വ്വഹിച്ചതാണ്. ഗാനാലാപനം, രമേഷ് മുരളിയും സംഘവും.

ഭയപ്പെടേണ്ട, നിങ്ങള്‍ ഭയപ്പെടേണ്ട,
നിന്നെ രക്ഷിക്കാനിതാ, കര്‍ത്താവ് ആഗതനാകുന്നു.

1. കര്‍ത്താവെന്നും വിശ്വസ്തനാണ്
മര്‍ദ്ദിതര്‍ക്കവിടുന്നെന്നും നീതിനടപ്പാക്കിക്കൊടുക്കുന്നു
വിശക്കുന്നവര്‍ക്ക് അവിടുന്ന് ആഹാരം നല്കുന്നു
കര്‍ത്താവ് ബന്ധനസ്ഥരെ മോചിക്കുന്നു.


2. കര്‍ത്താവന്ധരുടെ കണ്ണുതുറക്കുന്നു
നിലംപറ്റിയവരെ അവിടുന്ന് എഴുന്നേല്പിക്കുന്നു
കര്‍ത്താവ് നീതിമാന്മാരെ സ്നേഹിക്കുന്നു
അവിടുന്നു പരദേശികളെ പാലിക്കുന്നു.

3. കര്‍ത്താവ് വിധവകളെയും അനാഥരെയും സംരക്ഷിക്കുന്നു
എന്നാല്‍ ദുഷ്ടരുടെ വഴി അവിടുന്നു തകിടംമറിക്കുന്നു
കര്‍ത്താവെന്നും രാജാവായ് വാഴുന്നൂ
നിന്‍റെ ദൈവം തലമുറതോറും വാഴുന്നു.








All the contents on this site are copyrighted ©.