2014-06-27 16:28:01

പാലിയം സ്വീകരിക്കാൻ 24 മെത്രാപ്പോലീത്താമാർ


27 ജൂൺ 2014, വത്തിക്കാൻ
ഇന്ത്യയിലെ റായ്പ്പൂർ അതിരൂപതാധ്യക്ഷൻ ആർച്ചുബിഷപ്പ് വിക്ടർ ഹെൻറി ഠാക്കൂർ ഉൾപ്പെടെ 24 മെത്രാപ്പോലീത്താമാർ വി.പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ മഹോത്സവത്തില്‍ പാപ്പാ ഫ്രാന്‍സിസില്‍നിന്നും പാലിയം സ്ഥാനിക ഉത്തരീയങ്ങള്‍ സ്വീകരിക്കും. ജൂണ്‍ 29-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിമദ്ധ്യേയാണ്, ആർച്ചുബിഷപ്പ് വിക്ടർ ഹെൻറി ഠാക്കൂറിനേയും മറ്റു 23 മെത്രാപ്പോലീത്താമാരെയും സ്ഥാനിക ചിഹ്നമായ പാലിയം ഉത്തരീയം പാപ്പാ അണിയിക്കുന്നത്.

കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ആഗോളസഭയുടെ അജപാലന മേഖലയിലേയ്ക്ക് മെത്രാപ്പോലീത്താമാരായി നിയോഗിക്കപ്പെട്ടവരാണ് പാലിയം ഉത്തിരീയത്തിന്‍റെ സ്വീകര്‍ത്താക്കള്‍. അപ്പസ്തോല കൂട്ടായ്മയുടെയും പാപ്പായ്ക്കൊപ്പം സഭാദൗത്യത്തിലുള്ള മെത്രാപ്പോലീത്താമാരുടെ പങ്കാളത്തത്തിന്‍റെയും പ്രതീകമായിട്ടാണ് പാലിയം ഉത്തരീയം നല്കപ്പെടുന്നത്. എന്നാൽ, കഴിഞ്ഞ വർഷം സ്ഥാനമേറ്റ 3 മെത്രാപ്പോലീത്താമാർക്ക്, വിവിധ കാരണങ്ങളാൽ പാലിയം ഉത്തരീയ സ്വീകരണ ചടങ്ങിൽ സംബന്ധിക്കാൻ സാധിക്കില്ലെന്നും വത്തിക്കാൻ അറിയിച്ചു.

പാലിയം ഉത്തരീയം
ലോകരക്ഷയ്ക്കായി ജീവന്‍ സമര്‍പ്പിച്ച ദിവ്യകുഞ്ഞാടായ ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുവാന്‍ വെളുത്ത ആട്ടിന്‍ രോമംകൊണ്ട് നെയ്തുണ്ടാക്കിയതും, അവിടുത്തെ പഞ്ചക്ഷതങ്ങളെ അനുസ്മരിപ്പിക്കുമാറ്, അഞ്ച് ചുവന്ന കുരിശുകളും, മൂന്ന് വെള്ളിയുടെ ആണികളും വഹിക്കുന്ന കൈകൊണ്ടു നെയ്തുണ്ടാക്കിയ നാടയാണ് പാലിയം. റോമിലെ രക്തസാക്ഷിണിയായ വിശുദ്ധ ആഗ്നസിന്‍റെ തിരുനാളില്‍ വിശുദ്ധയുടെ രക്ഷസാക്ഷിത്വ സ്ഥാനമായ ബസിലിക്കയില്‍നിന്നും പാപ്പായ്ക്കു സമര്‍പ്പിക്കുന്ന വെളുത്ത ആട്ടിന്‍കുട്ടികളെ വളര്‍ത്തി, അവയില്‍നിന്നും കത്രിച്ചെടുക്കുന്ന രോമംകൊണ്ട് നെയ്തുണ്ടാക്കുന്നതാണ് ഔദ്യോഗിക വേദികളില്‍ മെത്രാപ്പോലീത്താമാര്‍ ധരിക്കുന്ന പാലിയം ഉത്തരീയം. പാപ്പാ അണിയുന്ന ഉത്തരീയത്തിന്‍റെ തനിയാവര്‍ത്തനവുമാണ് മെത്രാപ്പോലീത്താമാരുടെ ഈ സ്ഥാനികചിഹ്നം.







All the contents on this site are copyrighted ©.