2014-06-26 18:18:46

പെരുമാറ്റത്തിലെ
ഭീദിതമായ അടിമത്വം
മയക്കുമരുന്നും മദ്യപാനവും


26 ജൂണ്‍ 2014, ന്യൂയോര്‍ക്ക്
പെരുമാറ്റ രീതിയിലെ അടിമത്വമാണ് മയക്കുമരുന്നിന്‍റെ ഉപയോഗമെന്ന് യുഎന്നിന്‍റെ ജനറല്‍ സെക്രട്ടറി, ബാന്‍ കി മൂണ്‍ പ്രസ്താവിച്ചു.

മയക്കുമരുന്നിന് എതിരായ ആഗോളദിനത്തില്‍ ജൂണ്‍ 26-ന് ഐക്യരാഷ്ട്ര സഭയുടെ
ജനറല്‍ സെക്രട്ടറി ബാന്‍ കീ മൂണ്‍ ന്യൂയോര്‍ക്കിലെ ആസ്ഥാനകേന്ദ്രത്തില്‍നിന്നും ഇറക്കിയ സന്ദേശത്തിലാണ് ഇങ്ങനെ പ്രസ്താവിച്ചത്.

സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, അഴിമതിവാഴ്ച, സാമ്പത്തിക പരാധീനതകള്‍, കാലഘട്ടത്തിന്‍റെ നവമായ ദാരിദ്ര്യം എന്നിങ്ങനെ സാമൂഹ്യ പ്രതിസന്ധികളുടെയും അത്യാഹിതങ്ങളുടെയും മദ്ധ്യേ സമൂഹത്തിന്‍റെ പെരുമാറ്റത്തില്‍ കടന്നുകൂടുന്ന ഭീദിതമായ അടിമത്വമാണ് മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും ഉപയോഗമായി പ്രത്യക്ഷപ്പെടുന്നതെന്ന് ബാന്‍ കി മൂണ്‍ സന്ദേശത്തില്‍ പ്രസ്താവിച്ചു. കലുഷിതമായ ഇന്നത്തെ സാമൂഹ്യപശ്ചാത്തലത്തില്‍ ഏവരും ജാഗ്രതയോടെ സാമൂഹ്യ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നതിനു പകരം മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് അലക്ഷൃമായി ജീവിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന ഭയാനകമായ അവസ്ഥയാണ് കാണുന്നതെന്നും ബാന്‍ കീ മൂണ്‍ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ ചൂണ്ടിക്കാട്ടി.

വിവര സാങ്കേതികതയുടെ ആധുനിക തൊഴില്‍ പരിസരങ്ങളിലേയ്ക്ക് ചേക്കേറിയിരിക്കുന്ന നല്ലൊരു ശതമാനം യുവജനങ്ങളും മാനസീകോത്തേജന വസ്തുക്കളുടെയും, മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും അടിമകളായിത്തീരുന്നത് നിര്‍ഭാഗ്യകരമാണെന്നും ബാന്‍ കി മൂണ് പ്രസ്താവിച്ചു. നവീനതയുടെ പേരില്‍ വളര്‍ന്നുവരുന്ന അത്യാധുനീക സാങ്കേതികത ഉപയോഗിച്ചുള്ള ചൂതാട്ടം മയക്കുമരുന്നിന്‍റെയും മദ്യത്തിന്‍റെയും ഉപയോഗവുമായി ബന്ധപ്പെട്ടു വളര്‍ന്നുവരുന്ന സാമൂഹ്യതിന്മകളാണെന്ന് ബാന്‍ കി മൂണ്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

ദാരിദ്യത്തിന്‍റെയും രാഷ്ട്രീയ അരിഷ്ടിതാവസ്ഥയുടെയും പിടിയില്‍ കിടക്കുന്ന രാഷ്ട്രങ്ങളില്‍ നടക്കുന്ന വ്യാജമദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കടത്തും കള്ളക്കച്ചവടവും സാമൂഹ്യ വ്യവസ്ഥിതിയെ തകിടം മറിക്കുകയും, സമൂഹത്തില്‍ അധാര്‍മ്മികത വളര്‍ത്തുകയുംചെയ്യുന്ന തിന്മകളാണെന്നും ബാന്‍ കി മൂണ്‍ പ്രസ്താവിച്ചു.

മാനവകുലത്തിനു തന്നെ ഭീഷണയാകുന്ന ഈ സാമൂഹ്യതിന്മയെ മറികടക്കേണ്ടത് ഇന്നിന്‍റെ ആവശ്യമാണെന്നും, നല്ല ചികിത്സാക്രമങ്ങളിലൂടെ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരെ മോചിക്കാനാവുമെന്നതും ഇനിയും പ്രത്യാശപകരുന്ന യാഥാര്‍ത്ഥ്യമാണെന്നും കി മൂണ്‍ സന്ദേശത്തില്‍ സമര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.