2014-06-26 18:36:56

നിരീക്ഷണത്തിലായ
രണ്ട് ആത്മീയ പ്രസ്ഥാനങ്ങള്‍


26 ജൂണ്‍ 2014, വത്തിക്കാന്‍
യാഥാസ്ഥിതികത അവകാശപ്പെടുന്ന രണ്ടു ആത്മീയ പ്രസ്ഥാനങ്ങള്‍ വത്തിക്കാന്‍റെ നിരീക്ഷണത്തിലെന്ന്, വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് അറിയിച്ചു. ക്രിസ്തുവിന്‍റെ ലീജിയനറീസെന്നും, അമലോത്ഭവനാഥയുടെ ഫ്രാന്‍സിസ്ക്കന്‍ സഹോദരങ്ങള്‍ എന്ന പേരിലുമുള്ള രണ്ടു സന്ന്യാസസമൂഹങ്ങളാണ് വത്തിക്കാന്‍റെ നിരീക്ഷണത്തില്‍ നില്ക്കുന്നതെന്ന് ജൂണ്‍ 25-ാം തിയതി ബുധനാഴ്ച റോമില്‍ പുറത്തിറക്കിയ വത്തിക്കാന്‍
പ്രസ്സ് ഓഫിസിന്‍റെ പ്രസ്താവന വെളിപ്പെടുത്തി.
.
സന്ന്യസ്തരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘം നിയോഗിച്ച പ്രത്യേക കമ്മിഷണര്‍, ഫാദര്‍ ഫിദേന്‍സിയോ വൂള്‍പി പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, നിയമസംഹിതയെക്കുറിച്ചും സൂക്ഷ്മായി പഠിച്ച് റിപ്പോര്‍ട്ടു നല്കിയിട്ടുണ്ടെന്നും, ഇരുസഭകളിലും അംഗങ്ങളാകാന്‍ ആകാംക്ഷയോടെ എത്തിയിരിക്കുന്ന അര്‍ത്ഥികള്‍ക്ക് റോമിലെ യൂണിവേഴ്സിറ്റികളില്‍ പഠിക്കുവാനുള്ള സൗകര്യങ്ങള്‍ നല്കുവാന്‍ പാപ്പാ ഫ്രാന്‍സിസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, വത്തിക്കാന്‍ പ്രസ്സ് ഓഫിസിന്‍റെ പ്രസ്താവന വ്യക്തമാക്കി.

യാഥാസ്ഥിതികത അവകാശപ്പെടുന്ന രണ്ടു ആത്മീയ പ്രസ്ഥാനങ്ങളും രണ്ടാം വത്തിക്കാന്‍ സൂനഹദോസിനു മുന്‍പുള്ള ആരാധനക്രമത്തോട് അമിതമായ പ്രതിപത്തിയും, ഒപ്പം സഭയുടെ നവമായ പ്രബോധനങ്ങളോട് അടഞ്ഞ മനസ്ഥിതിയും പ്രകടമാക്കുന്നത് സഭാകേന്ദ്രങ്ങളെ ആശങ്കപ്പെടുത്തുന്ന വസ്തുതകളാണ്.

ഇറ്റലി കേന്ദ്രീകരിച്ച് ആധുനികകാലത്ത് തുടക്കമിട്ട രണ്ടു പ്രസ്ഥാനങ്ങള്‍ക്കും വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ കാലത്ത് നല്ല പിന്‍തുണ ലഭിച്ചിരുന്നു. എന്നാല്‍ പിന്നീടുണ്ടായ അന്വേഷണങ്ങളും അതിനെ തുടര്‍ന്നു കണ്ടെത്തിയ വാവാദങ്ങളും പ്രസ്ഥാനങ്ങളെ തെല്ലു തളര്‍ത്തുകയും ചെയ്തിട്ടുണ്ട്.
സന്ന്യസ്തരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ തലവന്‍, കര്‍ദ്ദിനാള്‍ ജോ ബ്രാസ് ദെ ആവിസ് ജൂലൈ മാസത്തില്‍ രണ്ടു പ്രസ്ഥാനങ്ങളുടെ ആസ്ഥാനകേന്ദ്രം സന്ദര്‍ശിക്കുമെന്നും, വത്തിക്കാന്‍റെ പ്രസ്താവന അറിച്ചു.
Photo : young legionaries with the new saints








All the contents on this site are copyrighted ©.