2014-06-25 19:21:53

ജീവിതയാത്രയില്‍ ക്രിസ്തു നല്കുന്ന
ആത്മീയ സഞ്ജീവനി


20 ജൂണ്‍ 2014, റോം
ജൂണ്‍ 19-ാം തിയതി വ്യാഴാഴ്ച റോമിലെ ലാറ്ററന്‍ ബസിലിക്കയില്‍ ആചരിച്ച ദിവ്യകാരുണ്യമഹോത്സവത്തോട് അനുബന്ധിച്ച് പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച വചനചിന്തകള്‍

“നിങ്ങള്‍ക്ക് പരിചിതമല്ലാത്ത അപ്പംകൊണ്ട് ദൈവമായ കര്‍ത്താവ് നിങ്ങളെ പോറ്റി, പരിപാലിച്ചു” (നിയമാവര്‍ത്തനം 8, 2).
ഈജിപ്തിലെ അടിമത്വത്തില്‍നിന്നും ഇസ്രായേല്‍ ജനത്തെ ദൈവം എപ്രകാരം മോചിച്ച്, മോശയുടെ നേതൃത്വത്തില്‍ നാല്പതു സംവത്സരക്കാലം മരുപ്രദേശത്തിലൂടെ നയിച്ച് വാഗ്ദത്ത നാട്ടിലെത്തിച്ചുവെന്ന് നിയമാവര്‍ത്തന പുസ്തകത്തിലെ ഈ വാക്യം വ്യക്തമാക്കുന്നു. വാഗ്ദത്തനാട്ടില്‍ എത്തിയശേഷം പൂര്‍വ്വകാലങ്ങളില്‍ ദൈവംചെയ്ത എല്ലാം നന്മകളും വിസ്മരിച്ച്, തിരഞ്ഞെടുക്കപ്പെട്ട ജനം തന്നിഷ്ടത്തില്‍ ജീവിക്കാന്‍ തുടങ്ങി. മോശയുടെ ദൗത്യം ജനത്തെ ദൈവത്തിങ്കലേയ്ക്കു നയിക്കുകയായിരുന്നു. മനുഷ്യന്‍ അപ്പംകൊണ്ടുമാത്രമല്ല, ദൈവത്തിന്‍റെ അധരങ്ങളില്‍നിന്നും ഉതിരുന്ന ഓരോ വചനംകൊണ്ടും ജീവിക്കുന്നുവെന്ന് (നിയമാവര്‍ത്തനം 8, 3) അവരെ മനസ്സിലാക്കി കൊടുക്കേണ്ടത് ആവശ്യമായിരുന്നു.

ശാരീരികമായ വിശപ്പിനെക്കാള്‍ സാധാരണ ഭക്ഷണംകൊണ്ട് ശമിപ്പിക്കാനാവാത്ത ആത്മീയവിശപ്പ് മര്‍ത്ത്യജീവിതത്തിന്‍റെ ഭാഗവും ഭാഗധേയവുമാണ്. പുറപ്പാടിന്‍റെ കാലത്ത് രക്ഷയുടെ ഭോജനമായി മാറിയ മന്ന പോലെ, ഇന്ന് മനുഷ്യന്‍റെ വിശപ്പടക്കുന്ന പുതിയ നിയമത്തിലെ മന്ന, ക്രിസ്തു നല്കുന്ന ആത്മീയ ഭോജ്യം, ദിവ്യകാരുണ്യമാണ്. യഥാര്‍ത്ഥത്തില്‍ ലോകത്തിന് ജീവന്‍ നല്കുന്ന ഭോജ്യം ക്രിസ്തുതന്നെയാണ്. “സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നേയ്ക്കും ജീവിക്കും. ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാണ്.” (യോഹ. 6, 51).

അപ്പത്തിന്‍റെ രൂപത്തില്‍ ക്രിസ്തുവിന്‍റെ ശരീരം യഥാര്‍ത്ഥ ഭക്ഷണവും, വീഞ്ഞിന്‍റെ രൂപത്തില്‍ അവിടുത്തെ രക്തം ജീവന്‍പകരുന്ന യഥാര്‍ത്ഥ പാനീയവുമാണ്. കാരണം, സത്തയില്‍ സ്നേഹംതന്നെയാണ് ദൈവികകാരുണ്യത്തിന്‍റെ പ്രതീകമായ ഈ അപ്പം.

വിശക്കുന്നവര്‍ക്ക് ഉണര്‍വ്വും ഓജസ്സും പകരുവാന്‍ തന്നത്തെന്നെ ഭോജ്യമായ് നല്കുന്ന മഹത്തായതും, നിസ്വാര്‍ത്ഥവും, എന്നും ലഭ്യമാകുന്നതുമായ
ഈ ആത്മീയഭോജനത്താല്‍ പരിപോഷിപ്പിക്കപ്പെടുന്നത് വിശ്വാസതലത്തിലുള്ള പ്രത്യേക വളര്‍ച്ചയും ആത്മീയ അനുഭവവുമാണ്. അത് നശ്വരമായ ശാരീരിക വളര്‍ച്ചയോ ഭൗതികനേട്ടമോ അല്ല, മറിച്ച് യഥാര്‍ത്ഥവും അനശ്വരവുമായ ദൈവികദാനമാണ്. അത് ക്രിസ്തുവിന്‍റെ മൗതികശരീരവും അവിടുത്തെ ദിവ്യവചനവുമാണ്.

ദൈവത്തില്‍നിന്നല്ലാത്ത ധാരളം വിഭവങ്ങളും ഭോജ്യവും നാം ഇന്ന് അനുദിന ജീവിതത്തില്‍ ആസ്വദിക്കുന്നുണ്ട്, ഉപയോഗിക്കുന്നുണ്ട്. അവ പണത്തിന്‍റെയും നേട്ടങ്ങളുടെയും അധികാരത്തിന്‍റെയും പ്രൗഢിയുടേതുമായ മിഥ്യാവിഭവങ്ങളാണ്. കര്‍ത്താവു നല്കുന്ന ഭോജ്യത്തിനു മാത്രമാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ വിശപ്പു ശമിപ്പിക്കുവാനും നമ്മെ പരിപോഷിപ്പിക്കുവാനും കരുത്തുള്ളത്.

കര്‍ത്താവു നല്കുന്ന ഭോജ്യം വ്യത്യസ്ഥമാണ്, നമുക്കു ലഭിക്കുന്ന ശാരീരികാഹാരത്തോളം രുചി അതിന് ഉണ്ടാകണമെന്നുമില്ല. അതുകൊണ്ടാണ് നാം ഇസ്രായേല്യരെപ്പോലെ മറ്റു പോഷണങ്ങളുടെ പിറകെ പോകുന്നത്. മാത്രമല്ല പിന്നെയവര്‍, ‘ഈജിപ്തില്‍ തങ്ങള്‍ക്കു ലഭിച്ച ഇറച്ചിക്കഷണങ്ങളെയും ഉള്ളിയെയും ഓര്‍ത്ത്’ വിലപിക്കുവാനും തുടങ്ങി, ഒപ്പം അടിമത്വത്തില്‍നിന്നും മോചിതരായ നാളില്‍, ദൈവം അവര്‍ക്ക് സുഭിക്ഷമായി നല്കിയ ആഹാരത്തെക്കുറിച്ച് മറന്നുപോവുകയും ചെയ്തു. പ്രലോഭനത്തിന്‍റെ പ്രതിസന്ധിയില്‍ അവര്‍ക്കുണ്ടായിരുന്ന ഓര്‍മ്മ, വളരെ വികലവും പരിമിതവുമായിരുന്നു. അത് അടിമത്വത്തിന്‍റെയും അസ്വാതന്ത്ര്യത്തിന്‍റെയും ഓര്‍മ്മയുമായിരുന്നു.

ഇനിയും നാം വിവേചിക്കേണ്ടതാണ്, ദൈവം തരുന്ന ആത്മീയ ഭോജ്യത്തോടു നമുക്കു പ്രിയമുണ്ടോഃ അതോ അടിമത്വത്തിന്‍റെ സ്വാദിഷ്ടഭോജ്യങ്ങളോടു മാത്രമാണോ നമ്മുടെ താല്പര്യം? എന്തുകൊണ്ടാണ് എന്‍റെ ആത്മാവിന്‍റെ വിശപ്പിന് അറുതിവരുത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നത് എന്നു ചിന്തിക്കുന്നതും നല്ലതാണ്.

ദൈവം ഇങ്ങനെയാണ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത് – ‘നിങ്ങള്‍ക്ക് പരിചിതമല്ലാത്ത മന്നകൊണ്ടാണ് ഞാന്‍ നിങ്ങളെ തീറ്റിപ്പോറ്റിയത്.’ നാം ഓര്‍മ്മ പുതുക്കേണ്ടിയിരിക്കുന്നു. നമ്മുടെ സ്വാര്‍ത്ഥയുടെയും പാപത്തിന്‍റെയും ഫലമായി ധാര്‍മ്മികശക്തി ക്ഷയിപ്പിക്കുകയും ജീവിതത്തെ വികലമാക്കുകയും ചെയ്യുന്ന ഘടകങ്ങള്‍ ഓഴിവാക്കേണ്ടിയിരിക്കുന്നു.

ദിവ്യസക്രാരിയിലെ തിരുവോസ്തി സത്യമായും ക്രിസ്തുസാന്നിദ്ധ്യമാണ്. തന്നെത്തന്നെ നമുക്കായി നല്കുന്ന സ്വര്‍ഗ്ഗീയമന്ന തിരുവോസ്തിയാണ്. നമുക്കായി തന്നെത്തന്നെ ലഭ്യമാക്കുന്ന ദൈവികസാന്നിദ്ധ്യവും അതുതന്നെയാണ്. അവിടുത്തെ സന്നിധിയിലേയ്ക്ക് നമുക്ക് വിശ്വാസത്തോടെ തിരിയാം. ഞങ്ങളെ അടിമകളാക്കുന്ന ലൗകിക നേട്ടങ്ങളുടെ വിഷാംശം കലര്‍ന്ന ജീവിതപരിസരങ്ങളില്‍നിന്നും ദൈവമേ, അങ്ങു ഞങ്ങളെ സ്വതന്ത്രരാക്കേണമേ. സ്വാര്‍ത്ഥ വ്യാമോഹങ്ങളുടെ ബന്ധനങ്ങളില്‍നിന്നും ഞങ്ങളെ അകറ്റി, അങ്ങേ സജീവസാന്നിദ്ധ്യന്‍റെ ഓര്‍‍മ്മ ഒരിക്കല്‍ക്കൂടി ഞങ്ങളുടെ മനോമുകുരങ്ങളില്‍ വളര്‍ത്തണമേ. ആ ഓര്‍മ്മ അങ്ങേ രക്ഷാസ്നേഹത്തിന്‍റെ നിത്യസ്മാരകമായിരിക്കട്ടെ!









All the contents on this site are copyrighted ©.