2014-06-25 19:00:11

കുടിയേറ്റക്കാരുടെ ജീവനെയും
അവകാശങ്ങളെയുംകുറിച്ച് സമ്മേളനം


25 ജൂണ്‍ 2014, വാഷിങ്ടണ്‍
കുടിയേറ്റ നയങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് വ്യക്തമായ ധാരണ നല്കണമെന്ന് അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍ സമിതി അഭിപ്രായപ്പെട്ടു. ജൂലൈ 7-മുതല്‍ 10-വരെ തിയതികളില്‍ വാഷിങ്ടണ്‍ ഡി.സി.യില്‍ അമേരിക്കയുടെ കത്തോലിക്കാ മെത്രാന്‍ സമിതി സംഘടിപ്പിക്കുന്ന ‘കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ജീവനും മനുഷ്യാവകാശവും’ എന്ന വിഷയം സംബന്ധിച്ച സമ്മേളനത്തിന് ആമുഖമായി ഇറക്കിയ പ്രസ്താവനയിലാണ്, സമിതിയുടെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് ജോസഫ് എഡ്വേര്‍ഡ് കൂട്സ് ഇങ്ങനെ പ്രസ്താവിച്ചത്.

കുടിയേറ്റനയങ്ങളെക്കുറിച്ചുള്ള സഭയുടെ വീക്ഷണം, അതിന്‍റെ പ്രാദേശികവും അന്തര്‍ദേശിയവുമായ നിയമങ്ങള്‍, രാഷ്ട്രത്തിനും ഭരണകര്‍ത്താക്കള്‍ക്കും കുടിയേറ്റക്കാരോടുമുള്ള ഉത്തരവാദിത്തങ്ങള്‍, ഈ മേഖലയിലെ അജപാലന സാദ്ധ്യതകള്‍, അവര്‍്ക്കായി ദേശീയ തലത്തില്‍ ചെയ്യാവുന്ന സാമൂഹ്യ പിന്‍തുണയുടെയും, അജപാലനശുശ്രൂഷയുടെയും, പ്രാര്‍ത്ഥനയുടെയും അവബോധന പരിപാടികളുടെയും പങ്കുവയ്ക്കല്‍ (networking) എന്നിവ യാഥാര്‍ത്ഥ്യമാക്കുകയാണ് ഈ ദേശീയ സമ്മേളനത്തിന്‍റെ ലക്ഷൃമെന്നും ലൂയിസ്വില്ലാ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് കൂട്സ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

കുടിയേറ്റക്കാര്‍, അഭയാര്‍ത്ഥികള്‍, മനുഷ്യക്കടത്തിന് ഇരയായവര്‍, രാജ്യാതിര്‍ത്തികളില്‍ പരിത്യക്തരായ പാവങ്ങള്‍ എന്നിവരുടെ ശുശ്രൂഷയില്‍ താല്പര്യമുള്ളവരെ ലക്ഷൃമാക്കിയും, ആഗോളവത്ക്കരണത്തിന്‍റെ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന ഈ വന്‍പ്രതിഭാസത്തെ നേരിടുവാനും, ഈ വിഷയത്തില്‍ തല്പരകക്ഷികളായവര്‍ക്ക് വേണ്ട അവബോധം നല്കുകയുമാണ് ഈ സമ്മേളനത്തിന്‍റെ ലക്ഷൃമെന്നും ആര്‍ച്ചുബിഷപ്പ് കൂട്സ് പ്രസ്താവനയുടെ ഉപസംഹാരമായി കൂട്ടിച്ചേര്‍ത്തു.








All the contents on this site are copyrighted ©.