2014-06-23 17:23:48

അളവും അതിരുമില്ലാത്ത
ദൈവസ്നേഹം - ദിവ്യകാരുണ്യം


RealAudioMP3
23 ജൂണ്‍ 2014, വത്തിക്കാന്‍
പരിശുദ്ധ ദിവ്യാകാരുണ്യ തിരുനാളില്‍ പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ നല്കിയ
ത്രികാലപ്രാര്‍ത്ഥന സന്ദേശം

ജൂണ്‍ 22-ാം തിയതി ഞായറാഴ്ച. യൂറോപ്പിലെ വസന്തത്തെ മറികടന്നെത്തിയ വേനല്‍വെയില്‍ കാഠിന്യമുള്ളതായിരുന്നു. എന്നിട്ടും മദ്ധ്യാഹ്നത്തിലെ കനത്ത ചൂടിനെ വകവയ്ക്കാതെ വിശ്വാസികളും തീര്‍ത്ഥാടകരുമായി ആയിരങ്ങളാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാന്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലേയ്ക്ക് നീങ്ങിയത്... പരിശുദ്ധ ദിവ്യകാരുണ്യത്തിന്‍റെ തിരുനാള്‍ ദിവസമായിരുന്നതുകൊണ്ടാവാം അത്രയേറെ ജനങ്ങള്‍ എത്തിയത്. വത്തിക്കാന്‍ കുന്നുകളില്‍നിന്നും ചത്വരത്തിലേയ്ക്ക് വീശിയ കുളിര്‍കാറ്റ്, ചെറുകാറ്റ് പാപ്പായുടെ വരവും കാത്തുനിന്ന ജനാവലിക്ക് ആശ്വാസം പകര്‍ന്നു. മദ്ധ്യാഹ്നം കൃത്യം 12-മണി. ത്രികാലപ്രാര്‍ത്ഥനയ്ക്ക് സമയമായി. ഇതാ, അപ്പസ്തോലിക അരമനയുടെ ജാലകത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രത്യക്ഷപ്പെട്ടു. ചത്വരം തിങ്ങിനിന്ന ജനാവലിയെ പാപ്പാ മന്ദസ്മിതത്തോടെ കരങ്ങള്‍ ഉയര്‍ത്തി അഭിവാദ്യംചെയ്തു. എന്നിട്ട്, പ്രഭാഷണം ആരംഭിച്ചു.

1. ത്രികാലപ്രാര്‍ത്ഥനാ സന്ദേശം
പ്രിയ സഹോദരങ്ങളേ, ഏവര്‍ക്കും നല്ല ദിനത്തിന്‍റെ ആശംസകള്‍! ഇന്ന് ഇറ്റലിയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ക്രൈസ്തവമക്കള്‍ പരിശുദ്ധ ദിവ്യകാരുണ്യത്തിലേയ്ക്ക് ആരാധനയോടെ, കരങ്ങള്‍ കൂപ്പിയും കണ്ണുകള്‍ കൂമ്പിയും തിരിയുന്ന ദിവസമാണ്. ലത്തീന്‍ ഭാഷയില്‍ Corpus Christi അല്ലെങ്കില്‍ Corpus Domini, അതായത് ക്രിസ്തുവിന്‍റെ തിരുശരീരത്തിന്‍റെ മഹോത്സവമെന്ന് ഈ തിരുനാള്‍ അറിയപ്പെടുന്നു. നമുക്കായി ക്രിസ്തു പകര്‍ന്നുനല്കിയ അമൂല്യസമ്പത്തും മഹത്തായ കൂദാശയുമാണ് പരിശുദ്ധദിവ്യകാരുണ്യം.

കഫര്‍ണാമിലെ സിനഗോഗില്‍ ക്രിസ്തു നല്കിയ ജീവന്‍റെ അപ്പത്തെക്കുറിച്ചുള്ള പ്രബോധനം വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം രേഖപ്പെടുത്തിയിരിക്കുന്നു. “സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിയ ജീവന്‍റെ അപ്പം ഞാനാണ്. ഈ അപ്പം ഭക്ഷിക്കുന്നവന്‍ നിത്യാമായി ജീവിക്കും. ഞാന്‍ നിങ്ങള്‍ക്കായി നല്കുന്ന അപ്പം ലോകത്തിന്‍റെ ജീവനുവേണ്ടിയുള്ള എന്‍റെ ശരീരമാകുന്നു” എന്ന് അവിടെവച്ചാണ് ക്രിസ്തു പ്രസ്താവിച്ചത്. തന്നെത്തന്നെ ലോകത്തിന്‍റെ ജീവനുവേണ്ടിയും, തന്നില്‍ വിശ്വസിക്കുന്നവരുടെ ആത്മീയ പോഷണത്തിനുവേണ്ടിയും നല്കുവാനുമാണ് ക്രിസ്തു മനുഷ്യാവതാരം ചെയ്തത്. അങ്ങനെ ക്രിസ്തു സമാരംഭിച്ച കൂട്ടായ്മയും സമര്‍പ്പണവുമാണ് അവിടുത്തെ അനുഗമിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നതും, ഒപ്പം സഹോദരങ്ങള്‍ക്കുവേണ്ടി മുറിക്കപ്പെടുവാനും, ത്യാഗത്തില്‍ ജീവതങ്ങള്‍ സമര്‍പ്പിക്കുവാനുമുള്ള മനോഭാവം നല്കുന്നത്. ദിവ്യഗുരുവായ ക്രിസ്തു നമുക്കായി പകുത്തുനല്കുന്ന ജീവന്‍റെഅപ്പം യഥാര്‍ത്ഥത്തില്‍ അവിടുത്തെ ശരീരമാണ് – അത് പരിശുദ്ധദിവ്യകാരുണ്യമാണ്. നമ്മെ സംബന്ധിച്ചിടത്തോളം മറ്റുള്ളവര്‍ക്കായ് ജീവിതം സമര്‍പ്പിക്കുവാനും പങ്കുവയ്ക്കുവാനുമുള്ള മനോഭാവം ദിവ്യകാരുണ്യത്തിന്‍റെ പ്രതീകമാണ്, ആത്മീയശക്തിയാണ്.

ഓരോ തവണയും നാം ദിവ്യബലിയില്‍ പങ്കെടുക്കുകയും ക്രിസ്തുവിന്‍റെ ദിവ്യശരീരത്താല്‍ പരിപോഷിതരാക്കപ്പെടുകയും ചെയ്യുമ്പോള്‍ നമ്മില്‍ പരിശുദ്ധാത്മാവ് നിറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്ന ദൈവാരൂപി നമ്മുടെ മനോഭാവത്തെ സുവിശേഷമൂല്യങ്ങള്‍ക്ക് അനുസൃതമായി മാറ്റിമറിക്കുന്നു. ഇതിന് ദൈവത്തോടും ദൈവവചനത്തോടുമുള്ള തുറവാണ് ആദ്യം ആവശ്യമായിരിക്കുന്നത്. അത് നമ്മില്‍ സാഹോദര്യം വളര്‍ത്തുന്നു. ക്രിസ്തുവിനു സാക്ഷൃംവഹിക്കുവാനുള്ള ധൈര്യംനല്കുന്നു. പിന്നെ അവര്‍ ആരെയും ആകര്‍ഷിക്കുന്ന സ്നേഹത്തിന്‍റെ ഉടമകളായിത്തീരുന്നു, ആശയറ്റവര്‍ക്ക് പ്രത്യാശ പകരാനുള്ള കരുത്തും, പരിത്യക്തരെ ഉള്‍ക്കൊള്ളുവാനുള്ള കഴിവും അതു നമുക്കു നല്കുന്നു. അങ്ങനെ ദിവ്യകാരുണ്യം നമ്മെ പക്വമാര്‍ന്ന ക്രിസ്തീയ സ്നേഹത്തിലെത്തിക്കുന്നു.

ക്രിസ്തുവിന്‍റെ സ്നേഹം തുറവോടെ സ്വീകരിക്കുന്നവരില്‍ അത് മാറ്റങ്ങളുണ്ടാക്കുന്നു. അതവരെ രൂപാന്തരപ്പെടുത്തുന്നു, മറ്റുള്ളവരെ സ്നേഹിക്കാനുള്ള കഴിവ് അവര്‍ക്കു നല്കുന്നു. അത് നല്കപ്പെടുന്നത് മാനുഷികമായ തോതിലല്ല, അളവും അതിരുമില്ലാത്ത ദൈവത്തിന്‍റെ തോതിലാണ്. ദൈവത്തിന്‍റെ മാനദണ്ഡം കലവറയില്ലാത്തതാണ്, അളവുകളില്ലാത്തതാണ്. ദൈവസ്നേഹം അളക്കാവുന്നതല്ല. എന്നാല്‍ ദൈവസ്നേഹം നമ്മിലുണ്ടെങ്കില്‍, സ്നേഹിക്കാത്തവരെപ്പോലും, ശത്രുക്കളെപ്പോലും സ്നേഹിക്കുവാനും
അവരെ സേവിക്കുവാനുമുള്ള കരുത്തും കഴിവും നമുക്കു ലഭിക്കുന്നു. ഇതത്ര എളുപ്പമല്ലെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

ദൈവസ്നേഹത്തിന്‍റെ അനുഭവമുള്ളവര്‍ക്കാണ് തങ്ങളെ സ്നേഹിക്കാത്തവരെപ്പോലും സ്നേഹിക്കുവാനുള്ള കരുത്തും കഴിവും ലഭിക്കുന്നത്. അവര്‍ക്ക് തിന്മയെ നന്മകൊണ്ടു നേരിടുവാനും, മറ്റുള്ളവരോടു ക്ഷമിക്കുവാനും, പങ്കുവയ്ക്കുവാനും, എല്ലാം ഉള്‍ക്കൊള്ളുവാനുമുള്ള കരുത്തു ലഭിക്കുന്നു. സഹോദരങ്ങള്‍ക്കായി മുറിക്കപ്പെടുവാനും നമ്മെ പ്രാപ്തരാക്കുന്നു. ഈ അത്യപൂര്‍വ്വ സ്നേഹത്തിന് ക്രിസ്തുവിനോടും അവിടുത്തെ അരൂപിയോടും, എന്നും നന്ദിയുള്ളവരായിരിക്കാം. ജീവിതത്തില്‍ യഥാര്‍ത്ഥ സന്തോഷം നമുക്കു ലഭിക്കുന്നത് ഇങ്ങനെയാണ്! നാം അര്‍ഹിക്കുന്നില്ലെങ്കിലും, ദൈവം തന്‍റെ സ്നേഹം നമുക്കായ് വാരിക്കോരിത്തരുന്നു. അവിടുന്നു നിര്‍ലോഭമായി നല്കുന്ന സ്നേഹത്തിനുള്ള പ്രതിസ്നേഹമായിരിക്കണം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്ന സഹോദരസ്നേഹം. അങ്ങനെയാണ് നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്കുള്ള സമ്മാനവും സമര്‍പ്പണവുമാകുന്നത്.

രണ്ടു കാര്യങ്ങള്‍ പാപ്പാ അടിവരയിട്ടു പ്രസതാവിച്ചു : ഒന്നാമതായി ദൈവസ്നേഹം അളവില്ലാത്തതാണ്. ദിവ്യകാരുണ്യത്തില്‍നിന്നും ലഭിക്കുന്ന ദൈവസ്നേഹത്താല്‍ നിറഞ്ഞ്, നമ്മെ സഹോദരങ്ങള്‍ക്കായി സമര്‍പ്പിക്കുന്ന അവസ്ഥയാണത്. അപ്പോള്‍ എന്നും ഓര്‍ക്കേണ്ടത്, ദൈവസ്നേഹത്തിന്‍റെ അളവും, അത് അളവില്ലാത്തതുമാണ് എന്ന യാഥാര്‍ത്ഥ്യമാണ്. രണ്ടാമതായി, അങ്ങനെ ദിവ്യകാരുണ്യനാഥന്‍റെ പിന്‍ബലത്തോടെ നേരായ പാതിയില്‍ ചരിക്കുമ്പോഴാണ് നമ്മുടെ ജീവിതങ്ങള്‍ ദൈവസ്നേഹത്തിന്‍റെ ദാനമായി മാറുന്നത്.

സ്വര്‍ഗ്ഗത്തില്‍നിന്നും ഇറങ്ങിവന്ന മര്‍ത്ത്യാവതാരമാര്‍ന്ന ജീവന്‍റെ അപ്പം ക്രിസ്തുവാണ്. അവിടുത്തെ സ്വര്‍ഗ്ഗീയാഗമനം യാഥാര്‍ത്ഥ്യമാക്കുന്നത് നസ്രത്തിലെ മറിയമാണ്. കന്യാകാനാഥ പ്രകടമാക്കിയ അഗാധമായ വിശ്വാസത്തിനും ദൈവഹിതത്തോടുള്ള വിധേയത്വത്തിനും നമുക്ക് നന്ദിയര്‍പ്പിക്കാം. അവാച്യമായ സ്നേഹത്തോടെ യേശുവിനെ പോറ്റിവളര്‍ത്തിയ പരിശുദ്ധ മറിയം, അവസാനം കുരിശുമരണത്തോളവും പിന്നെ ഉത്ഥാനത്തോളവും അവിടുത്തെ പിന്‍ചെന്നുവെന്ന് സുവിശേഷകന്മാര്‍ രേഖപ്പെടുത്തുന്നു.

പരിശുദ്ധ കുര്‍ബ്ബാനയിലും ആരാധനയിലും ദിവ്യകാരുണ്യത്തിന്‍റെ മനോഹാരിത കണ്ടെത്തുവാനും, അതിനെ ജീവിതത്തിന്‍റെ കേന്ദ്രബിന്ദുവാക്കുവാനുമുള്ള വിശ്വാസബോധ്യം തരണമേയെന്ന് ഇന്നേദിവസം നമുക്ക് ദിവ്യജനനിയോടു പ്രാര്‍ത്ഥിക്കാം, എന്ന് പ്രസ്താവിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്,

2. അനുമോദനങ്ങളും ആശംസകളും
ഐക്യ രാഷ്ട്രസഭാ ജൂണ്‍ 26-ന്, വരുന്ന വ്യാഴാഴ്ച... പീഡനങ്ങള്‍ക്ക് ഇരയായവരുടെ ആഗോളദിനം അനുസ്മരിക്കുകയാണ്. എല്ലാത്തരത്തിലുമുള്ള മാനുഷിക പീഡനങ്ങളെ ഒരിക്കല്‍ക്കൂടി അപലപിക്കുന്ന അവസരമാണിത്. മാത്രമല്ല, മാനുഷിക പീഡനങ്ങള്‍ ഇല്ലായ്മചെയ്യുന്നതിനായി സഹികരിക്കുന്നതിനും ഈ പീഡനങ്ങള്‍ക്കെതിരെ നമ്മെ ധീരമായി സമര്‍പ്പിക്കുന്നതിനും ഈ ദിനം നമ്മെ ക്ഷണിക്കുന്നു. അതുപോലെ പീഡനങ്ങള്‍ക്ക് ഇരയായ വ്യക്തികളെയും കുടുംബങ്ങളെയും എന്നും പിന്‍തുണയ്ക്കണമെന്ന് ചത്വരത്തില്‍ സമ്മേളിച്ച എല്ലാവരോടും പാപ്പാ പ്രത്യേകമായി അഭ്യര്‍ത്ഥിച്ചു. വ്യക്തികള്‍ക്കെതിരായ പീഡനം മാരകപാപമാണെന്നും, അത് ഘോരപാതകമാണെന്നും പാപ്പാ ശക്തമായ ഭാഷയില്‍ പ്രസ്താവിച്ചു.

തുടര്‍ന്ന് തീര്‍ത്ഥാടകരായി വിവിധ ദേശങ്ങളില്‍നിന്നും എത്തിയവര്‍ക്കും റോമാ വാസികള്‍ക്കും, യുവജനങ്ങള്‍ക്കും, ഇടവക സമൂഹങ്ങള്‍ക്കും, സംഘടനകള്‍ക്കും അഭിവാദ്യങ്ങളും അനുമോദനങ്ങളും അര്‍പ്പിച്ചശേഷം പാപ്പാ ത്രികാല പ്രാര്‍ത്ഥനചൊല്ലി.

(ലണ്ടന്‍ ഓറട്ടറി സ്ക്കൂളിലെ വിദ്യാര്‍ത്ഥികളെയും, കോമോ, ഓര്‍മെയാ രൂപതകളിലെ വിശ്വാസികളെയും, Choir of Joy ഗായക സംഘത്തെയും, ബോര്‍ഗമെനേരോയില്‍നിന്നും എത്തിയ യുവജനങ്ങളെയും കൂടാതെ, ട്രെവിസ്സോയില്‍നിന്നെത്തിയ വിദ്യാര്‍ത്ഥിസംഘത്തെയും പാപ്പാ
പാപ്പാ പ്രത്യേകമായി അഭിസംബോധനചെയ്തു.
‘ചാപ്യനായി ജീവിക്കുക, എന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ സന്ദേശം ഉള്‍ക്കൊണ്ടെത്തിയ പാദുവായില്‍നിന്നുമുള്ള സൈക്കിള്‍ സവാരിക്കാര്‍ക്കും, സവിശേഷമായി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചശേഷം ജനങ്ങള്‍ക്കൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലി.)

പിന്നെ അപ്പസ്തോലിക ആശീര്‍വ്വാദമായിരുന്നു.

ഒരിക്കല്‍ക്കൂടി ഏവര്‍ക്കും നന്ദിപറഞ്ഞു. ദിവ്യകാരുണ്യ മഹോത്സവത്തിന്‍റെ ആശംസകള്‍ നേര്‍ന്നു! തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതെന്നും പ്രത്യേകം പാപ്പാ എല്ലാവരെയും അനുസ്മരിപ്പിച്ചു. പിന്നെ, ചത്വരത്തിന്‍റെ നാനാഭാഗത്തേയ്ക്കും തിരിഞ്ഞ് മന്ദസ്മിതത്തോടെ കരങ്ങളുയര്‍ത്തി ഏവര്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് ത്രികാലപ്രാര്‍ത്ഥനാ പരിപാടി സമാപിപ്പിച്ച്, ജാലകത്തില്‍നിന്നും പിന്‍വാങ്ങിയത്. End











All the contents on this site are copyrighted ©.