2014-06-20 18:47:33

മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും
ഉപയോഗം അപലപനീയമായ തിന്മകള്‍


20 ജൂണ്‍ 2014, വത്തിക്കാന്‍
മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും തിന്മകള്‍ അപലപനീയമായ തിന്മകളാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ജൂണ്‍ 20-ാം തിയതി വത്തിക്കാനില്‍ പാപ്പായുമായി കൂടിക്കാഴ്ചയ്ക്കെത്തിയ മയക്കുരുന്നിനെതിരായ രാജ്യാന്തര നിയമപാലകരുടെ സമ്മേളനത്തെ അഭിസംബോധനചെയ്യവെയാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

ഒരിക്കലും ന്യായീകരിക്കുവാനോ അംഗീകരിക്കാനോ ആവാത്ത തിന്മയാണ് മദ്യത്തിന്‍റെ മയക്കുമരുന്നിന്‍റെയും ഉപയോഗമെന്നും, അതിന്‍റെ ശാപം അനിയന്ത്രിതമായി ലോകത്ത് വ്യാപിക്കുകയും വ്യക്തികളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും തകര്‍ക്കുന്നതു കാണുമ്പോള്‍ താന്‍ ഏറെ ആശങ്കയോടും ദുഃഖത്തോടുംകൂടെയാണ് അതിനെ വീക്ഷിക്കുന്നതെന്നും പാപ്പാ പ്രസ്താവിച്ചു. ഉല്ലാസത്തിന്‍റെ പേരില്‍ വീര്യംകുറച്ചാണെങ്കിലും നടക്കുന്ന മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും വില്പനയും ഉപയോഗവും ഈ തിന്മയുടെ പ്രതിഭാസത്തിന്‍റെ മൂടുപടം മാത്രമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

ആവര്‍ത്തിച്ച് താന്‍ പ്രസ്താവിച്ചിട്ടുള്ളതുപോലെ, എല്ലാത്തരത്തിലും എല്ലാ വിധത്തിലുമുള്ള മയക്കുരുന്നിന്‍റെയും മദ്യത്തിന്‍റെയും ഉപയോഗത്തോട്, ‘ഇല്ല’ എന്നു പറഞ്ഞ്, നിഷേധിക്കുകയാണ് ഏകരക്ഷാമാര്‍ഗ്ഗമെന്ന് പാപ്പാ പ്രസ്താവിച്ചു. മദ്യവും മയക്കുമരുന്നും ഉപേക്ഷിക്കുന്നവര്‍ക്കു മാത്രമേ ജീവനോട് ആദരവും, സഹജീവികളോട് സ്നേഹവും ഉണ്ടാകുകയുള്ളൂവെന്നും, അങ്ങനെയുള്ളവര്‍ വിദ്യാഭ്യാസത്തോടും, തൊഴിലിനോടും, തൊഴില്‍ അവസരങ്ങളോടും മാന്യതയും വിശ്വസ്തതയും പുലര്‍ത്തുമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

ഈ മേഖലയില്‍ നിയമങ്ങള്‍ നടപ്പാക്കി, ക്രമവും സമാധാനവും സമൂഹത്തില്‍ സ്ഥാപിക്കാന്‍ പരിശ്രമിക്കുന്ന സംഘടനകളെയും വ്യക്തികളെയും പാപ്പാ അനുമോദിച്ചു, ഒപ്പം സന്നദ്ധസേനവത്തിലുടെ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവരെ വിമോചിക്കുവാനും പുനരധിവസിപ്പിക്കുവാനും പ്രവര്‍ത്തിക്കുന്ന എല്ലാവരെയും തന്‍റെ പ്രഭാഷണത്തില്‍ പാപ്പാ അനുമോദിച്ചു.









All the contents on this site are copyrighted ©.