2014-06-20 19:21:43

മതപീഡനം മനുഷ്യാന്തസ്സിന്‍റെ
ലംഘനമെന്ന് പാപ്പാ ഫ്രാന്‍സിസ്


20 ജൂണ്‍ 2014, വത്തിക്കാന്‍
മതപീഡനം മനുഷ്യാന്തസ്സിന്‍റെ ലംഘനമാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ജൂണ്‍ 20-ാം വെള്ളിയാഴ്ച റോമിലെ ലുംസാ LUMSA യൂണിവേഴ്സിറ്റി (Liber Universita di Sanctissimma Assumpta) സംഘടിപ്പിച്ച, മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അന്തര്‍ദേശീയ സംവാദത്തിനു നല്കിയ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

ബുദ്ധിക്ക് അനുയോജ്യവും യുക്തിക്ക് സ്വീകാര്യവുമായ അടിസ്ഥാന മനുഷ്യാവകാശമാണ് മതസ്വാതന്ത്ര്യമെന്നും,
സ്വതന്ത്രമായ അന്വേഷണത്തിലൂടെ സകലത്തിന്‍റെയും ആദികാരണവും കാരണക്കാരനുമായവനെ സത്യമായി അറിയാനും ആരാധിക്കുവാനുമുള്ള അവകാശമാണതെന്നും പാപ്പാ സമര്‍ത്ഥിച്ചു. സ്വകാര്യ ആരോധനയോ, ചിന്താഗതിയോ അല്ല മതസ്വാതന്ത്ര്യം, മറിച്ച് സ്വാതന്ത്ര്യത്തോടെ ധാര്‍മ്മിക നിയമങ്ങള്‍ക്കനുസൃതമായി സ്വകാര്യമായോ പൊതുവായോ, ഒറ്റയായോ കൂട്ടമായോ ജീവിക്കുവാനുള്ള അടിസ്ഥാന അവകാശവും സ്വാതന്ത്ര്യവുമാണതെന്ന് പാപ്പാ വ്യക്തമാക്കി.

ധാര്‍മ്മിക മൂല്യങ്ങളെ തരംതാഴ്ത്തുന്ന പ്രവണതയുള്ള ആഗോളവത്കൃത ലോകത്ത്, മതസഹിഷ്ണുതയുടെ പേരില്‍ ന്യൂനപക്ഷങ്ങളും പാവങ്ങളുമായവരുടെ വിശ്വാസസത്യങ്ങളും മൂല്യങ്ങളും തച്ചുടയ്ക്കുവാനും അടിച്ചമര്‍ത്തുവാനും ശ്രമിക്കുന്നത് ഇന്ന് പ്രകടമായി കാണുന്ന മതപീഡനമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

മനുഷ്യാസ്തിത്വത്തിന്‍റെ സത്തയില്‍ കോറിയിട്ടിരിക്കുന്ന ദൈവന്വേഷണവും താന്‍ കണ്ടെത്തിയ ദൈവത്തെ സ്തുതിക്കുവാനും ആരാധിക്കുവാനുമുള്ള അടിസ്ഥാനാവകാശത്തെ തകര്‍ക്കുയല്ല, മരിച്ച് സംരക്ഷിക്കുകയും പരിപോഷിപ്പിക്കകയുമാണ് സര്‍ക്കാരുകള്‍, രാഷ്ട്രങ്ങള്‍, രാഷ്ട്രീയ പ്രസ്താനങ്ങള്‍ ചെയ്യേണ്ടതെന്നും പാപ്പാ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.