2014-06-20 18:56:23

ദിവ്യകാരുണ്യം ജീവിതയാത്രയില്‍
അനിവാര്യമായ ആത്മീയഭോജനം


20 ജൂണ്‍ 2014, റോം
ജീവിതയാത്രയില്‍ ശാരീരിക ഭക്ഷണം മാത്രമല്ല, ആത്മീയഭോജനവും അനിവാര്യമെന്ന്
പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ജൂണ്‍ 19-ാം റോമില്‍ ആചരിച്ച ദിവ്യകാരുണ്യ മഹോത്സവത്തില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ പങ്കുവച്ച വചനചിന്തയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.
ശാരീരികമായ വിശുപ്പുകൂടാതെ സാധാരണ ഭക്ഷണത്തിന് ശമിപ്പിക്കാനാവാത്ത ആത്മീയ വിശപ്പ് മനുഷ്യജീവിതത്തിന്‍റെ ഭാഗവും ഭാഗധേയവുമാണ് പാപ്പാ സുവിശേഷപ്രഘോഷണത്തില്‍ പാപ്പാ ചൂണ്ടിക്കാട്ടി.

പുറപ്പാടിന്‍റെ കാലത്ത് രക്ഷയുടെ ഭോജനമായി മാറിയ ‘മന്ന’പോലെ, മനുഷ്യന്‍റെ ആത്മീയ വിശപ്പടക്കുന്ന ‘പുതിയനിയമത്തിലെ മന്ന’യും ആത്മീയഭോജ്യവുമാണ് ദിവ്യകാരുണ്യമെന്നും; അത് യഥാര്‍ത്ഥത്തില്‍ ലോകരക്ഷകനായ ക്രിസ്തുവിന്‍റെ ആത്മീയജീവന്‍ പകരുന്ന സ്നേഹസാന്നിദ്ധ്യമാണെന്നും പാപ്പാ സമര്‍ത്ഥിച്ചു.

“സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പം ഭക്ഷിച്ചാല്‍ അവന്‍ എന്നേയ്ക്കും ജീവിക്കും. ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാണ്.” (യോഹ. 6, 51).
ക്രിസ്തുവിന്‍റെ അപ്പത്തിന്‍റെ രൂപത്തിലുശ്ശ തിരുശരീരം യഥാര്‍ത്ഥ ഭക്ഷണവും, വീഞ്ഞിന്‍റെ രൂപത്തില്‍ അവിടുത്തെ തിരുരക്തം ജീവന്‍പകരുന്ന യഥാര്‍ത്ഥ പാനീയവുമാണ്. കാരണം, സത്തയില്‍ സ്നേഹമാണ് ജീവന്‍റെ അപ്പം, പരിശുദ്ധ ദിവ്യകാരുണ്യമെന്നും പാപ്പാ പങ്കുവച്ചു.

വിശക്കുന്നവര്‍ക്ക് ശക്തിയും ഓജസ്സു പകരുവാന്‍ തന്നത്തെന്നെ ഭോജ്യമായ് നല്കുന്ന മഹത്തായ, നിസ്വാര്‍ത്ഥമായ, എന്നും ലഭ്യമാകുന്ന ഈ ആത്മീയഭോജനത്താല്‍ പരിപോഷിപ്പിക്കപ്പെടുന്നത് വിശ്വാസതലത്തിലുള്ള വളര്‍ച്ചയും ആത്മീയ അനുഭവവുമാണ്. അത് നശ്വരമായ ശാരീരിക വളര്‍ച്ചയോ ഭൗതിക നേട്ടമോ അല്ല, മറിച്ച് യഥാര്‍ത്ഥവും അനശ്വരവുമായ ദൈവികദാനമാണ്. അത് ക്രിസ്തുവിന്‍റെ മൗതികശരീരവും അവിടുത്തെ ദിവ്യവചനവുമാണ്.

റോമാ രുപതയുടെ ഭദ്രാസനദേവാലയമായ ലാറ്ററന്‍ ബസിലിക്കയിലായിരുന്നു പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ദിവ്യകാരുണ്യ ആഘോഷങ്ങള്‍. ദിവ്യബലിയെ തുടര്‍ന്ന് വികാരി ജനറല്‍ കര്‍ദ്ദിനാള്‍ വലീന നയിച്ച സാഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം, പാപ്പാ നല്കിയ ദിവ്യകാരുണ്യആശീര്‍വ്വാദം എന്നിവയും ഉണ്ടായിരുന്നു. റോമാക്കാരും സന്ദര്‍ശകരുമായി ആയിരങ്ങള്‍ പാപ്പായുടെ സാന്നിദ്ധ്യത്തിലുള്ള പരിപാടികളില്‍ പങ്കെടുത്തു.








All the contents on this site are copyrighted ©.