2014-06-19 20:02:11

ലോക അഭയാര്‍ത്ഥിദിനം :
വേദനിക്കുന്ന മനസ്സോടെ
ജീവിതഭാരം പേറുന്നവര്‍


19 ജൂണ്‍ 2014, വത്തിക്കാന്‍
അഭയാര്‍ത്ഥികളെ കൈവെടിയരുതെന്ന് പാപ്പാ ഫ്രാന്‍സിസ് അഭ്യര്‍ത്ഥിച്ചു. ജൂണ്‍ 20-ാം തിയതി വെള്ളിയാഴ്ച ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മിഷന്‍ ആചരിക്കുന്ന ആഗോള അഭയാര്‍ത്ഥി ദിനത്തെക്കുറിച്ച് ജനങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ടാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ജൂണ്‍ 18-ാം തിയതി ബുധനാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ നടന്ന പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് മുറിപ്പെട്ട മനസ്സുമായെത്തുന്ന അഭയാര്‍ത്ഥികളെ വൈവെടിയരുതെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചത്.

പീഡനങ്ങളും അഭ്യന്തര കലാപങ്ങളും യുദ്ധങ്ങളുംമൂലം ആയിരങ്ങളാണ് അനുദിനം അഭയാര്‍ത്ഥികളാക്കപ്പെടുന്നതെന്നും, വേദനിക്കുന്ന മനസ്സും ജീവിതഭാരവുമായെത്തുന്ന ഈ സഹോദരങ്ങളോട്, അത് എവിടെയായിരുന്നാലും, അനുകമ്പയും അനുഭാവവും പ്രകടമാക്കുകയും അവരെ തുണയ്ക്കുകയും വേണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു.

അഭയാര്‍ത്ഥികളുടെ കൂടെയായിരിക്കുന്നതുകൊണ്ട് അവരുടെ ഭീതിയും ഭാവിയെക്കുറിച്ചുള്ള ആശങ്കകളും പങ്കുവയ്ക്കുവാനും, അങ്ങനെ സഹായത്തിന്‍റെയും സഹകരണത്തിന്‍റെയും വഴികളിലൂടെ അവര്‍ക്ക് സാന്ത്വനം പകരണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

അഭയാര്‍ത്ഥികാളായവര്‍ക്ക് പ്രത്യാശപകരുകയും, അന്തസ്സോടെ ജീവിക്കുന്നതിന് അവരെ നിര്‍ലോഭം സഹായിക്കുകയും ചെയ്യുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ദൈവം പരിപാലിക്കട്ടെയെന്ന് പ്രഭാഷണമദ്ധ്യേ പാപ്പാ പ്രത്യേകം പ്രാര്‍ത്ഥിക്കുകയുണ്ടായി.








All the contents on this site are copyrighted ©.