2014-06-18 19:29:15

ഇറ്റലിയുടെ ദേശീയമദ്ധ്യസ്ഥര്‍
ഫ്രാന്‍സിസും ക്യാതറിനും


18 ജൂണ്‍ 2014, റോം
ഇറ്റലിയുടെ ദേശീയ മദ്ധ്യസ്ഥരുടെ ജൂബിലി വര്‍ഷം അനുസ്മരിച്ചു.
അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസും സീയന്നായിലെ വിശുദ്ധ ക്യാതറീനുമാണ് ഇറ്റലിയുടെ ദേശീയ മദ്ധ്യസ്ഥര്‍.

1939 ജൂണ്‍ 18-ാം തിയതി പന്ത്രണ്ടാം പീയൂസ് പാപ്പാ രണ്ടുപേരെയും നാടിന്‍റെ ദേശീയ മദ്ധ്യസ്ഥരായി പ്രഖ്യാപിച്ചതിന്‍റെ 75-ാം വാര്‍ഷികമാണ് ഇക്കുറി ഇറ്റലി അനുസ്മരിച്ചത്.

ദാരിദ്ര്യത്തിലും എളിമയിലും ജീവിച്ചുകൊണ്ട് ക്രിസ്തുവിന്‍റെ സുവിശേഷ ചൈതന്യം ആശ്ചര്യവഹമാംവിധം ലോകം മുഴുവന്‍ പ്രചരിപ്പിച്ച അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെയും, ധീരമായ വിശ്വാസവും ചാരിത്ര്യ വിശുദ്ധിയും ജീവിച്ചുകൊണ്ട് സഭയുടെ സംരക്ഷകയുമായ സിയന്നായിലെ വിശുദ്ധ ക്യാതറിനും രാഷ്ട്രത്തിന്‍റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥരും കാവല്‍ദൂതരുമാകണെന്ന് വത്തിക്കാന്‍റെ ദിനപത്രം ‘ലൊസര്‍വത്തോരെ റൊമാനോ’ ജൂണ്‍ 18-ന് ഇറക്കിയ പ്രസ്താവന വ്യക്തമാക്കി.

തങ്ങളുടെ സമര്‍പ്പണവും വിശുദ്ധിയുള്ള ജീവിതമാതൃകയുംകൊണ്ട് അനിതരസാധാരണമാം വിധം നാടിനെയും ജനങ്ങളെയും സഭയെയും സേവച്ചവര്‍ സ്വര്‍ഗ്ഗീയപിതാവിന്‍റെ തിരുസന്നിദ്ധിയില്‍ എന്നും മാദ്ധ്യസ്ഥ്യം വഹിച്ച് നാടിനെയും ജനങ്ങളെയും സംരക്ഷിക്കും എന്നതായിരുന്നു
12-ാം പിയൂസ് പാപ്പാ തന്‍റെ സ്ഥാനാരോഹണത്തിന്‍റെ പ്രഥമ വര്‍ഷത്തില്‍ നടത്തിയ സ്വാധികാരപ്രബോധനത്തിന്‍റെ (motu proprio) ഉള്ളടക്കം.

വിശുദ്ധ ഫ്രാന്‍സിസ് (1181-1226) ധീരമായ ക്രിസ്താനുകരണത്തിലൂടെ സന്ന്യാസജീവിത്തിന്‍റെ നവമായ പാന്ഥാവും സഭാ നവീകരണത്തിനുള്ള സുവിശേഷ ചൈതതന്യവും ജീവിതത്തിലൂടെ പകര്‍ന്നു നലികിയ സിദ്ധനാണ്.

വിശുദ്ധ ക്യാതറിന്‍ (1347-1380) തന്‍റെ കഴിവും സ്വാധീനവും ഉപയോഗിച്ച് ഫ്രാന്‍സിലെ രാജാവുമായി സംവദിക്കുകയും ഫ്രാന്‍സിലെ അവിഞ്ഞോണില്‍ തടങ്കിലാലായിരുന്ന ഗ്രിഗരി 7-ാമന്‍ പാപ്പായെ മോചിച്ച് വത്തിക്കാനിലേയ്ക്ക് കൊണ്ടുവരികയും ചെയ്തു.

വിശുദ്ധ ഫ്രാന്‍സിസും ക്യാതറിനും ഇറ്റലിക്കാരാണ്. നിരവധി വിശുദ്ധാത്മാക്കളെ സഭയ്ക്കു നല്കിയിട്ടുള്ള ഇറ്റലി വിശുദ്ധരുടെ മാതൃസ്ഥാനമായിട്ടാണ് കണക്കാക്കപ്പെടുന്നത്.









All the contents on this site are copyrighted ©.