2014-06-12 20:02:50

ലോകകപ്പ് സമാധാനത്തിന്‍റെ
കായികമേളയെന്ന് പാപ്പായുടെ സന്ദേശം


12 ജൂണ്‍ 2014, വത്തിക്കാന്‍
ഫുഡ്ബോള്‍ സമാധാനത്തിന്‍റെ കായിക മേളയെന്ന് ബ്രസിലിലേയ്ക്കയച്ച വീഡിയോ സന്ദേശത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ബ്രസീലിന്‍റെ തലസ്ഥാനമായ റിയോ നഗരത്തില്‍ ജൂണ്‍ 12-ന് ആരംഭിക്കുന്ന ലോകകപ്പ് ഫുഡ്ബോള്‍ മേളയ്ക്കാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശമയച്ചത്.

സമാധാനത്തിന്‍റെ ഉപാധിയാക്കാവുന്ന ഫുഡ്ബോള്‍കളിയുടെ മൂന്ന് ഗുണഗണങ്ങള്‍ പാപ്പാ സന്ദേശത്തില്‍ വിവരിച്ചു.

1. എതിര്‍ ടീമിനോടുള്ള മാന്യതയും കഠിനാദ്ധ്വാനമുള്ള നിരന്തരമായ പരിശീലനവും (fair play and respect even for opponents) ഫുഡ്ബോള്‍ കളിക്ക് അനിവാര്യമാണ്. ജീവിതവിജയം കൈവരിക്കാന്‍ നാം സ്വയം പരിശീലിപ്പിക്കുകയും കഠിനാദ്ധ്വാനം ചെയ്യുന്നതിന്‍റെയും തനിയാവര്‍ത്തനമാണ് ഫുഡ്ബോള്‍ മാമാങ്കത്തിന്‍റെ ആദ്യ ഗുണഗണമെന്ന് പാപ്പാ വ്യാഖ്യാനിച്ചു.

2. മാന്യമായ കളിയുടെ കാതല്‍ കൂട്ടായ്മയാണ്. ആരും ഫുഡ്ബോളില്‍ ഒറ്റയാന്മാരല്ല, കൂട്ടായ്മയുടെ കളിയാണ് ഫുഡ്ബോള്‍. വ്യക്തിമഹാത്മ്യവും സ്വര്‍ത്ഥതയും വംശീയതയും, അസഹിഷ്ണുതയും വെടിഞ്ഞ് പരസ്പര ധാരണയോടും ഐക്യത്തോടുംകൂടെയുള്ള നീക്കമാണ് ടീമിന് വിജയം നേടിക്കൊടുക്കുന്നത്. അതുപോലെ, ജീവിതത്തിലും ഒത്തൊരുമിച്ചുള്ള കഠിനാദ്ധ്വാനമാണ് വിജയം നേടിത്തരുന്നതെന്ന് പാപ്പാ വ്യാഖ്യാനിച്ചു.

3. എല്ലാവരും കളിക്കുമെങ്കിലും അവസാനം ഒരു ടീം വിജയിക്കുന്നത് കളിയുടെ നിയമമാണെങ്കിലും, എല്ലാ ടീമുകളുടെയും സമാധാനപൂര്‍ണ്ണമായ സഹകരണവും പങ്കാളിത്തവും വഴിയാണ് നിരവധി ദിവസങ്ങള്‍ നീണ്ടുനില്ക്കുന്ന മത്സരത്തെ അതിന്‍റെ പരിസമാപ്തിയിലെത്തിക്കുന്നത്.

ഈ കായിക മാമാങ്കം പഠിപ്പിക്കുന്നത് നമുക്കെല്ലാവര്‍ക്കും ജീവിതത്തില്‍ വിജയിക്കാം, പരസ്പര ആദരവോടും, മാന്യതയോടും, സാഹോദര്യത്തോടുംകൂടെ കളിക്കുകയാണെങ്കില്‍ ജീവിക്കുകയാണെങ്കില്‍.... സാഹോദര്യവും, ഐക്യദാര്‍ഢ്യവും പരസ്പര ബഹുമാനവുമുള്ള കുടുംബമായി ലോകത്തെ വളര്‍ത്താന്‍ ഈ ഫുഡ്ബോള്‍ മേള സഹായകമാകട്ടെ, എന്ന് ആശംസയോടും പ്രാര്‍ത്ഥനയോടെയുമാണ് പാപ്പാ വീഡിയോ സന്ദേശം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.