2014-06-12 20:21:51

കേരളത്തിലെ ഈശോസഭ
പുനരുദ്ധാരണത്തിന്‍റെ സ്മരണയില്‍


12 ജൂണ്‍ 2014, കോഴിക്കോട്
പുനരുദ്ധാരണത്തിന്‍റെ രണ്ടാംശതാബ്ദി ഈശോസഭാ കേരളത്തില്‍ ആചരിച്ചു.
ജൂണ്‍ 11-ാം തിയതി കോഴിക്കോട്ടെ ക്രൈസ്റ്റ് ഹാളിലാണ് ഈശോസഭയുടെ
അടിച്ചമര്‍ത്തലിന്‍റെ വേദനയും പുനരുദ്ധാരണത്തിന്‍റെ സന്തോഷവും (1773-1814)
ചര്‍ച്ചചെയ്യപ്പെട്ടത്.

ഈശോസഭയുടെ ഇപ്പോഴത്തെ സുപ്പീരിയര്‍ ജനറല്‍ അഡോള്‍ഫ് നിക്കോളെയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കേരളത്തിലെ ജെസ്വിറ്റ് പ്രോവിന്‍സ് സഭയുടെ പുനരുദ്ധാരണത്തിന്‍റെ ചരിത്രപഠനം നടത്തിയത്.
പുനരുദ്ധാരണത്തിന്‍റെ ശതാബ്ദി ആഘോഷങ്ങളോട് 100-ഓളം വരുന്ന കേരളത്തിലെ പുതിയ തലമുറക്കാരായ ഈശോസഭാംഗങ്ങളുടെ പ്രതികരണം ക്രിയാത്മകമായിരുന്നെങ്കിലും ഇരുളും വെളിച്ചവും ഇടകലര്‍ന്ന സഭാവളര്‍ച്ചയുടെ ചരിത്രം പലര്‍ക്കും അറിയില്ല എന്ന വസ്തുത പൊതുവെ സമ്മതിക്കുകയുണ്ടായി.

ഭാരതത്തിന്‍റെ ദ്വിതീയാപ്പസ്തോലന്‍ ശവരിയാര്‍ പുണ്യാളന്‍, പുത്തന്‍ പാനയുടെ ആര്‍ണ്ണോസു പാതിരി, അര്‍ത്തുങ്കലെ വെളുത്തച്ചന്‍ തുടങ്ങിയ ഈശോസഭക്കാരായ കേരളത്തിന്‍റെ ചരിത്രപുരുഷന്മാരെയും ഡയാമ്പര്‍ സൂനഹദോസ്, കൂനംകുരിശു സത്യം എന്നീ സഭാചരിത്ര സംഭവങ്ങളെയും സമ്മേളനം പഠനവിഷയമാക്കി.

അര്‍ത്തുങ്കല്‍ പള്ളിയിലിരുക്കുന്ന ‘അയ്യപ്പസ്വാമിയുടെ സഹോദരന്‍’ എന്ന് ജനങ്ങള്‍ വിശ്വസിച്ചു പോരുന്ന ‘വെളുത്തച്ചന്‍’, ഈശോസഭാ വൈദികന്‍ ജെയിംസ് ഫെനീച്ചിയോ അണെന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്.

കോഴിക്കോട്ടെ സാമൂതിരി രാജാവിന്‍റെയും കൊച്ചി മഹാരാജാവിന്‍റെയും
ഉറ്റസുഹൃത്തായിരുന്നു പണ്ഡിതനും വാഗ്മിയും ആത്മീയഗുരുവുമായിരുന്ന ഫാദര്‍ ഫെനീച്ചിയോയെയാണ് അര്‍ത്തുങ്കല്‍ പള്ളിയിലെ വെളുത്തച്ചനെന്നും ശബരിമല ശാസ്താവിന്‍റെ സഹോദരനെന്നും ജനങ്ങള്‍ വിശേഷിപ്പിക്കുന്നതെന്ന് അല്‍ഫോന്‍സ് മാണക്കം സമ്മേളനത്തില്‍ അവതരിപ്പിച്ച ചരിത്രപ്രബന്ധം വ്യക്തമാക്കി.
അതുപോലെ മലയാളസാഹിത്യത്തിലെ ശ്രദ്ധേയമായ ക്രിസ്തീയകൃതി ‘പുത്തന്‍പാന’യുടെ കര്‍ത്താവ് ‘അര്‍ണ്ണോസ് പാതിരി’യാണെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും, ജസ്വിറ്റ് മിഷണറി ഏണസ്റ്റ് ഹാക്സില്‍ഡനാണെന്ന് സാഹിത്യലോകത്തിനുപോലും അജ്ഞാതമാണെന്ന് ചരിത്രകാരന്‍ ഫാദര്‍‍ മാണിക്കം പ്രസ്താവിച്ചു.

‘ഭാരതത്തിന്‍റെ ദ്വിതീയാപ്പസ്തോലന്‍’ ഫ്രാന്‍സിസ് സേവ്യര്‍, ജനപ്രീതിയാര്‍ജ്ജിച്ച ‘ശവരിയാര്‍ പുണ്യാളന്‍’ ഈശോ സഭാംഗമാണെന്നോ, സഭാ സ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയോടൊപ്പം ഉണ്ടായിരുന്ന സ്ഥാപകാംഗങ്ങളില്‍ ഒരാളായിരുന്നെന്നോ പൊതുവെ ആര്‍ക്കും അറിയില്ലെന്നും സമ്മേളനം വിലയിരുത്തി.

ഡയാമ്പര്‍ സൂനഹദോസും അതിനെ തുടര്‍ന്നുണ്ടായ കൂനംകുരിശു സത്യത്തിനും കാരണക്കാര്‍ ഈശോ സഭാംഗങ്ങളാണെന്ന് അക്കാലത്തെ നസ്രാണികളുടെ ഇടയില്‍ പകര്‍ന്ന തെറ്റിധാരണയും, വസ്തുനിഷ്ഠമായ പഠനങ്ങള്‍ക്കു പകരം സൗകര്യാര്‍ത്ഥം വളച്ചൊടിക്കപ്പെട്ട വീക്ഷണങ്ങള്‍ മാത്രമായതും ഈശോസഭയ്ക്ക് 15-ാം നൂറ്റാണ്ടില്‍ കേരളത്തിലും മങ്ങലേല്പിച്ചു അല്ലെങ്കില്‍ പ്രചാരം കുറച്ചുവെന്ന് പ്രബന്ധത്തില്‍ ഫാദര്‍ മാണിക്കം ചൂണ്ടിക്കാണിച്ചു.

‘ഈശോസഭാ ചരിത്രത്തിലെ ഇരുളം വെളിച്ചവും’ എന്ന ആഗസ്റ്റി 9-ന് ചേരുന്ന മറ്റൊരു ആത്മാന്വേഷണത്തിന്‍റെ പഠനശിബരത്തോടെ പുനരുദ്ധാരണത്തിന്‍റെ രണ്ടാം ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കാനാണ് സഭയുടെ കോഴിക്കോട്ടെ പ്രാദേശിക കാര്യാലയത്തിന്‍റെ പദ്ധതിയെന്ന് വക്താവ് ഫാദര്‍ ജോസഫ് കൊട്ടുകാപ്പള്ളി എസ്.ജെ അറിയിച്ചു.
jkottu@gmail.com









All the contents on this site are copyrighted ©.