2014-06-07 09:57:44

പരിശുദ്ധാത്മാവ് :
ദൈവപിതാവിന്‍റെ സ്നേഹാംഗുലം


RealAudioMP3
വി. യോഹന്നാന്‍ 20, 19-23 പരിശുദ്ധാത്മ മഹോത്സവം
ആഴ്ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട് ശിഷ്യന്മാര്‍യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ, ക്രിസ്തു വന്ന് അവരുടെ മദ്ധ്യേനിന്ന് അവരോടു പറഞ്ഞു. നിങ്ങള്‍ക്കു സമാധാനം. ഇപ്രകാരം പറഞ്ഞുകൊണ്ട് ക്രിസ്തു തന്‍റെ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു. കര്‍ത്താവിനെ കണ്ട് ശിഷ്യന്മാര്‍ സന്തോഷിച്ചു. ക്രിസ്തു വീണ്ടും അവരോടും പറഞ്ഞു. നിങ്ങള്‍ക്കു സമാധാനം. പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു. ഇതു പറഞ്ഞിട്ട് അവരുടേമേല്‍ നിശ്വസിച്ചുകൊണ്ട് അവരോട് അരുള്‍ച്ചെയ്തു. നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നവോ അവ ബന്ധിക്കപ്പെട്ടിരിക്കും.

ഒന്‍പതു വയസ്സുള്ള ഗദാധരന്‍ എന്ന ബാലന്‍ വയല്‍ വരമ്പിലൂടെ ചോളം കൊറിച്ചുകൊണ്ട് നടന്നുപോവുകയാണ്. ഇടയ്ക്ക് അവന്‍ ഒന്ന് ശിരസ്സുയര്‍ത്തി മാനത്തേയ്ക്കു നോക്കുമ്പോള്‍ കാര്‍മേഘങ്ങള്‍ ആകാശത്തിലൂടെ ഓടി നടക്കുന്നു. അവയ്ക്കെതിരെ വെള്ളക്കൊറ്റികള്‍ പറന്നുപോകുന്നു. നോക്കിനില്ക്കേ കുട്ടി മോഹാലസ്യപ്പെട്ടു, വീണു. അതായിരുന്നു, ഹൈന്ദവ ആത്മീയതയുടെ നവോത്ഥാരകനും രാമകൃഷ്ണ മിഷന്‍റെ ആത്മീയ പിതാവുമായ ശ്രീ രാമകൃഷ്ണ പരമഹംസന്‍റെ ആദ്യത്തെ അതീന്ദ്രീയാനുഭവം!

ദൈവത്തെ Unmovable mover എന്ന് പഠിപ്പിക്കുന്നത് തോമസ് അക്വിനാസാണ് സ്വയം നിശ്ചലനായിനിന്ന് സകലത്തിനെയും ചലിപ്പിക്കുന്നത് ദൈവമാണ് എന്നദ്ദേഹം സമര്‍ത്ഥിച്ചു. “എന്‍റെ പിതാവ് എപ്പോഴും പ്രവര്‍ത്തന നിരതനാണ്,” എന്ന ക്രിസ്തുമൊഴി ഇതിനോട്
കൂട്ടി വായിക്കണം. പ്രപഞ്ചത്തിനു ചുറ്റുമുള്ള ചലനങ്ങളിലൂടെ പിതാവ് കര്‍മ്മനിരതനാകുന്നു. പ്രാര്‍ത്ഥനകളൊക്കെ സര്‍വ്വത്തെയും ചലിപ്പിക്കുന്ന ചൈതന്യത്തിന്‍റെ ഇടപെടലിനായുള്ള അര്‍ത്ഥനകളാണ്, എന്നും മനസ്സിലാക്കാം.

ഇന്നത്തെ സുവിശേഷ ചിന്തകളില്‍ പരിശുദ്ധാത്മാവിനെയാണ് നാം ധ്യാനിക്കുന്നത്. പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമത്തെ ആളാണ് പരിശുദ്ധാത്മാവ്. “നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ് ഞാന്‍ പോകുന്നത്. ഞാന്‍ പോകുന്നില്ലെങ്കില്‍ സഹായകന്‍ നിങ്ങളുടെ പക്കലേയ്ക്കു വരികയില്ല,” അതനുസരിച്ച് ക്രിസ്തു കടന്നുപോയി, ഇതാ പരിശുദ്ധാത്മാവ്, സഹായകന്‍ പെന്തക്കൂസ്താ ദിനത്തില്‍ അവരുടെമേല്‍ ആവസിച്ചു.
“പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു,” എന്നു പറഞ്ഞതിനുശേഷം അവരുടെമേല്‍ ഊതിക്കൊണ്ട്, നിശ്വസിച്ചുകൊണ്ട് ക്രിസ്തു പറഞ്ഞു, “പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍!” (20, 22).
അങ്ങനെ കര്‍ത്താവിന്‍റെ ആരൂപിയാല്‍ നിറഞ്ഞ് അവിടുന്നില്‍ ശക്തിപ്പെട്ടവരാണ് ലോകത്തിന്‍റെ നാനാഭാഗത്തേയ്ക്കും ഇറങ്ങിപ്പുറപ്പെട്ടത്.
സംവസ്തരങ്ങളായി അടഞ്ഞുകിടന്ന സഭയുടെ ജാലകങ്ങള്‍ മലര്‍ക്കെ തുറന്ന പുണ്യശ്ലോകനായ പാപ്പാ റങ്കോളി പ്രാര്‍ത്ഥിച്ചു. “പരിശുദ്ധാത്മാവേ, സഭയിലേയ്ക്ക് അങ്ങേ കതിരൊളി വീശണമേ,” എന്ന്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ തുടക്കം അങ്ങിനെയായിരുന്നുവെന്ന് ചരിത്രം സാക്ഷൃപ്പെടുത്തുന്നു. സൂനഹദോസിന്‍റെ
50-ാം വാര്‍ഷികമെത്തിയപ്പോഴേയ്ക്കും ഇതാ, സഭയിലെ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയുകയും, അതിനായി തുറവുകാണിക്കുകയും ചെയ്ത പാപ്പായെ സഭ വിശുദ്ധനായി പ്രഖ്യാപിച്ചു- വിശുദ്ധനായ ജോണ്‍ 23-ാമന്‍ പാപ്പാ!

ഉല്പത്തി പുസ്തകം വിവരിക്കുന്നതുപോലെ ദൈവത്തിന്‍റെ ചൈതന്യം ഈ പ്രപഞ്ത്തിനു മീതെ ചലിച്ചുകൊണ്ടേയിരുന്നു. താഴെ ക്രമമില്ലാതെയും ഭംഗിയില്ലാതെയും നമ്മുടെ ജീവിതങ്ങള്‍ ഉഴലുമ്പോള്‍ പരിശുദ്ധാത്മാവില്‍ അത് ക്രമമുള്ളതാക്കാന്‍ സാധിക്കും. ശിരസ്സിനുമീതെ വീശുന്ന ഈ കാറ്റിനെക്കുറിച്ച് ക്രിസ്തു സുഹൃത്തായ നിക്കദേമൂസിനോട് പറഞ്ഞു കൊടുക്കുന്നുണ്ട്. “ദൈവത്തിന്‍റെ ആത്മാവ് കാറ്റുപോലെ വീശുന്നു. എവിടെനിന്നു വരുന്നുവെന്നോ എവിടേയ്ക്കു പോകുന്നുവെന്നോ നമുക്കറിയില്ല്” (യോഹ. 3, 8). ‘റൂഹാ’ എന്ന വാക്കിന് കാറ്റ് എന്നും നിശ്വാസം എന്നും അര്‍ത്ഥമുണ്ട്.

കാറ്റ് നിശ്വാസമാകുന്നതാണ് Anointing - From wind it transits to breath. നിശ്വാസം ഗാഢസൗഹൃദമാകുന്ന അനുഭവമാണ് അഭിഷേചനം. “നിന്‍റെ നിശ്വാസത്തിന് ആപ്പിളിന്‍റെ സുഗന്ധമാണ്,” എന്ന് ഉത്തമഗീതത്തിലെ വരികള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട് (ഉത്തമ. 7, 8). സൃഷ്ടികര്‍മ്മം അങ്ങനെയായിരുന്നു. മനുഷ്യന്‍റെ നാസാരന്ധ്രങ്ങളില്‍ ദൈവം നിശ്വസിച്ചു.
ഈ നിശ്വാസം നമ്മില്‍നിന്നും ദൈവം തിരികെ എടുക്കുന്നതാണ് മരണം. സൃഷ്ടിക്കു മാത്രമല്ല പുനഃസൃഷ്ടിക്കും, നവീകരണത്തിനും ഈ നിശ്വാസം ആവശ്യമാണ്. അതുകൊണ്ടാണ് അവരുടമേല്‍ ഊതിക്കൊണ്ട് ക്രിസ്തു പറഞ്ഞത്. “ആത്മാവിനെ സ്വീകരിക്കുക!”
ദൈവാത്മാവിന്‍റെ നിശ്വാസത്തില്‍ സംഭവിക്കാവുന്നത്, ഒത്തിരി സാധ്യതകളില്‍ - ഉള്ളില്‍ സംഗീതം ഉണര്‍ത്തുകയും തിരിതെളിയിക്കുകയും ചെയ്യുന്നതാവണം. മുളംതണ്ടിന്‍റെ ശൂന്യതയിലൂടെ നിശ്വാസം കടന്നുപോകുന്നതുപോലെ ലളിതമാണ്. അപ്പോള്‍ ഒരാള്‍ക്കു പാടാതിരിക്കാനാവില്ല. ആത്മസന്തോഷം എന്നൊക്കെ നമ്മള്‍ വിളിക്കുന്നത് ആത്മാവിന്‍റെ സാന്നിദ്ധ്യാനുഭവമാണ്. ആത്മാവാല്‍ നിറഞ്ഞ നസ്രത്തിലെ മറിയം പാടുന്നു, “എന്‍റെ ആത്മാവ് കര്‍ത്താവില്‍ സന്തോഷിക്കുന്നു!” ആര്‍ക്കും കവര്‍ന്നെടുക്കാനാവാത്ത ഒരാന്തിരക താളത്തില്‍ നിന്നാണ് ആ ഗീതം, മറിയത്തിന്‍റെ സ്തോത്രഗീതം, magnificat ഉയര്‍ത്തുന്നത്. അത് ആത്മാവിന്‍റെ നിറവാണ്, നിറസാന്നിദ്ധ്യമാണ്. വിശുദ്ധ ഗ്രന്ഥത്തില്‍ ഉടനീളം ഇത്തരം പാട്ടിലേയ്ക്ക് ഉണര്‍ന്നവരുടെ നിരവധി കഥകളുണ്ട്. അത്തി തളിര്‍ക്കാത്തതും, മുന്തിരി പൂക്കാത്തതുമൊന്നും അവരെ അത്തരം ഗീതങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുന്നില്ല. ജീവിതം താളബദ്ധമാകുന്നു എന്ന ബോധ്യത്തിലാണ് പരിശുദ്ധാത്മാവിന്‍റെ ഇടപെടല്‍ വെളിപ്പെട്ടു കിട്ടുന്നത്.

അപ്പോസ്തോലന്മാരുടെ ജീവിതത്തിലുണ്ടായ നവമായ ഈ താളബദ്ധത കണ്ടിട്ട്, ഇവര്‍ പുതുവീഞ്ഞു കുടിച്ചു മത്തു പിടിചിച്ചിരിക്കുന്നു, എന്നുപോലും അവരുടെ കാലം അവരെ കുറ്റപ്പെടുത്തി. മറ്റൊന്ന്, നെഞ്ചിലെ നെരിപ്പോടില്‍ കനല്‍ ആളുകയാണ്. അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ അവരുടെ മേല്‍ കൊടുങ്കാറ്റു വീശി. പിന്നെ ശിരസിനുമീതെ അഗ്നിനാളങ്ങള്‍ തെളിഞ്ഞുനിന്നു. ഇങ്ങനെയാണ് നടപടി പുസ്തകത്തിലെ പെന്തക്കൂസ്താ സംഭവങ്ങള്‍ ആരംഭിക്കുന്നത്. ഓരോരുത്തരുടെയും ഉള്ളില്‍ ചില കനലുകള്‍ ചാരംമൂടി കിടപ്പുണ്ട്. – മറവിയുടെ ധൂളികള്‍ക്കുള്ളില്‍ കിടക്കുന്ന കനലുകള്‍ നിശ്വാസത്തില്‍ നാളമായ് ഉയരുന്നു. ഹൃദയശൈത്യത്തില്‍ ആണ്ടുപോയ മേഖലകള്‍ ഊഷ്മളമാക്കുന്നു. എന്നില്‍ ആവശ്യമില്ലാത്തതൊക്കെ കത്തിയെരിഞ്ഞ് ജീവിതത്തിന്‍റെ സുവര്‍ണ്ണശോഭ എനിക്കു വീണ്ടെടുത്തു തരുന്നു.

ഓര്‍ക്കുന്നു, ജീവിതത്തില്‍ ആദ്യം പഠിപ്പിച്ച പ്രാര്‍ത്ഥനകളില്‍ ഒന്ന് പരിശുദ്ധത്മാവിനോടുള്ളതായിരുന്നു. സ്ക്കൂളിലേയ്ക്ക പുറപ്പെടുന്നതിനുമുമ്പ് അമ്മയാണ് അത് ചൊല്ലിത്തന്നത്. “റൂഹായേ, അങ്ങ് എഴുന്നളളിവന്ന് എന്‍റെ ഹൃദയത്തെ ദൈവസ്നേഹത്തിന്‍റെ അറിവുകൊണ്ടു നിറയ്ക്കണമേ,” എന്ന്. അതുപോലെ ആദ്യമായി അമ്മ പാടാന്‍ പഠിപ്പിച്ച പാട്ടും, “പരിശുദ്ധാത്മാവേ, നീ എഴുന്നുള്ളി വരണമേ എന്‍റെ ഹൃദയത്തില്‍…” എന്നാണ്.
ഇപ്പോഴും അമ്മമാര്‍ ആ പ്രാര്‍ത്ഥനയും പാട്ടും പഠിപ്പിക്കുന്നുണ്ടാവുമോ, ആവോ? പള്ളിക്കൂടത്തിന്‍റെ വഴിയില്‍ പള്ളിയുണ്ടെന്ന കാര്യംപോലും നാം മറന്നുപോകുന്നുണ്ട്. നിറയെ ട്യൂഷന്‍ സെന്‍ററുകളാണ് എവിടെയും. പഠിപ്പിച്ചതൊക്കെ ഓര്‍മ്മിപ്പിച്ചു തരുന്ന ഒരാളായി ആ ചൈതന്യത്തെ ഇളം പ്രായത്തിലേ കുഞ്ഞുങ്ങള്‍ മനസ്സിലാക്കട്ടെ.

ഇത്തരം കാറ്റിനും നിശ്വാസത്തിനും വിട്ടുകൊടുത്തൊരു ജീവിതത്തില്‍ സംഭവിക്കുന്ന അത്ഭുതം എന്തെന്ന് നടപടി പുസ്തകം കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. “ഈ സംസാരിക്കുന്നവരെല്ലാം ഗലീലയാക്കാരല്ലേ. എന്നിട്ടും നാം എല്ലാവരും താന്താങ്ങളുടെ മാതൃഭാഷയില്‍ ഇതു കേള്‍ക്കുന്നതെങ്ങനെ?” (നടപടി 2, 4). ഭാഷയ്ക്ക് അതീതമായ സംവേദനമാണ്
ഈ അത്ഭുതം. നമുക്കു മനസ്സിലാക്കാവുന്നതെന്തും, മറ്റുള്ളവര്‍ക്ക് തിരിയാത്തതെന്തുകൊണ്ടാണ് എന്ന നിരന്തരമായ സങ്കടങ്ങളിലാണ് നാം ഇന്ന്. തിരുനാളിന്‍റെ അവസാന ദിനത്തില്‍ ക്രിസ്തു എഴുന്നേറ്റുനിന്ന് ശബ്ദമുയര്‍ത്തിപ്പറഞ്ഞു. “ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ എന്‍റെ അടുക്കല്‍നിന്നു കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഹൃദയത്തല്‍നിന്ന് ജീവജലത്തിന്‍റെ അരുവികള്‍ പുറപ്പെടും” (യോഹ. 7, 38). ക്രിസ്തു ഇതു പറഞ്ഞത് തന്നില്‍ വിശ്വസിക്കുന്നവര്‍ സ്വീകരിക്കാന്‍ ഇരിക്കുന്ന ആത്മാവിനെ കുറിച്ചാണ്. സ്വന്തം ഉറവയില്‍നിന്ന് കുടിക്കാനാവുന്നത് എന്തൊരു ഭാഗ്യമാണ്. ഇനി പശിയോ ദാഹമോ അലച്ചിലോ ഇല്ല.

“കര്‍ത്താവിന്‍റെ അരൂപി വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു,” എന്ന് ഉല്പത്തിപ്പുസ്തകത്തിന്‍റെ ആരംഭത്തില്‍, സൃഷ്ടിയുടെ കഥയ്ക്ക് ആമുഖമായി നാം വായിക്കുന്നു (ഉല്പത്തി 1, 2). സുഹൃത്തായ സ്റ്റാനിസ്ലാവൂസ് കാക്കനാട്ട് അച്ചന്‍, മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് എഴുതിയ ഗാനം ഹൃദയസ്പര്‍ശിയാകുന്നത്,
കര്‍ത്താവിന്‍റെ അരൂപിയെക്കുറിച്ചുള്ള തനിമായര്‍ന്ന ചിന്തകള്‍ ഈരടകളില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നതിനാലാണ്.

“പര്‍വ്വതങ്ങള്‍ക്കു മുന്‍പേ നീ ദൈവമാകുന്നു
ഭൂമിരൂപമേല്‍ക്കും മുന്‍പേ നീ ദൈവമാകുന്നു
വാനവിതാനത്തിനും മുന്‍പേ നീ ദൈവമാകുന്നു
പൂവില്‍ കനികാണും മുന്‍പേ നീ ദൈവമാകുന്നു, എന്നിങ്ങനെ...”

ദൈവാരൂപിയെക്കുറിച്ച് കുട്ടികള്‍ക്കും മനസ്സിലാകണമെന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം സംഗീതസംവിധായകന്‍ ജെറി അല്‍ദേവിനെ വരികള്‍ എല്പിച്ചത്. അല്‍ദേവ് വരികള്‍ക്കിണങ്ങുന്ന ലളിതസുന്ദരമായ ഈണം നല്കിയിരിക്കുന്നു. ഫാദര്‍ കാക്കനാട്ടിന്‍റെ നവമായ ചിന്തകള്‍ ശ്രവിച്ചുകൊണ്ടും, അനാദിമുതലേ നമ്മോടൊത്തു വസിക്കുന്ന ദൈവാത്മാവിനെ സ്തുച്ചുകൊണ്ടും ഈ വചനചിന്തകള്‍ സമാഹരിക്കാം.









All the contents on this site are copyrighted ©.