2014-06-06 17:31:16

കെ.സി.ബി.സി സമ്മേളനം സമാപിച്ചു


06 ജൂൺ 2014, കൊച്ചി
കേരളത്തിലെ കത്തോലിക്കാ മെത്രാന്മാരുടെ സമിതിയുടെ (കെ.സി.ബി.സി) വര്‍ഷകാല സമ്മേളനം കെസിബിസി ആസ്ഥാന കാര്യാലയമായ പി.ഒ.സിയിൽ സമാപിച്ചു. കെസിബിസി പ്രസിഡന്‍റും സീറോ മലങ്കരസഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ, സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് ഡോ.എം. സൂസപാക്യം എന്നിവരടക്കം മുപ്പത്തിയഞ്ചോളം മെത്രാന്മാര്‍ പങ്കെടുത്ത സമ്മേളനത്തില്‍ സഭയും സമൂഹവുമായി ബന്ധപ്പെട്ട ഇരുപതോളം വിഷയങ്ങളാണു ചര്‍ച്ച ചെയ്തത്.

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ആശങ്ക അനുഭവിക്കുന്ന പശ്ചിമഘട്ട ജനതയുടെ പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയെ നേരിട്ടറിയിക്കുമെന്നു കേരള കത്തോ ലിക്കാ മെത്രാന്‍ സമിതി (കെസിബിസി) പ്രസ്താവിച്ചു. പ്രകൃതിയും മനുഷ്യനും സംരക്ഷിക്കപ്പെടണമെന്നതാണു സഭയുടെ നിലപാടെന്നു കെസിബിസി വര്‍ഷകാല സമ്മേളന തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് കെസിബിസി പ്രസിഡന്‍റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ളീമിസ് കാതോലിക്കാ ബാവ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. പരിസ്ഥിതി സംരക്ഷണത്തിനായുള്ള പഠനസമിതിയുടെ റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ട ജനവിഭാഗങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷമാകും സര്‍ക്കാര്‍ നടപ്പാക്കുകയെന്നാണു പ്രതീക്ഷ. പശ്ചിമഘട്ട വിഷയം ബന്ധപ്പെട്ട മന്ത്രിമാരുടെയും ശ്രദ്ധയിലെത്തിക്കും.

മലയോരമേഖലകളില്‍ ആശങ്കയോടെ ജീവിക്കുന്ന ജനങ്ങളുടെയും തീരദേശ പരിപാലന നിയമത്തിന്‍റെ ഭവിഷ്യത്തുകള്‍ അനുഭവിക്കുന്ന തീരദേശ ജനതയുടെയും പ്രശ്നങ്ങള്‍ക്കു ശാശ്വത പരിഹാരമാണു വേണ്ടത്. തീരദേശ, മലയോര ജനതകളുടെ പ്രശ്നങ്ങള്‍ കേരളസമൂഹത്തിന്‍റെ പൊതുപ്രശ്നമായി കണ്ടു പരിഹാരത്തിനായി ഒരുമിച്ചുനില്‍ക്കും. ഈ വിഷയത്തില്‍ കെസിബിസി ഭാരവാഹികളെ സഹായിക്കാന്‍ കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കലിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെ സമ്മേളനം തെരഞ്ഞെടുത്തു.

വിദ്യാഭ്യാസ മേഖലയില്‍ സ്കൂള്‍ കോര്‍പറേറ്റ് മാനേജ്മെന്റുകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസരംഗത്തെ ആശങ്കകള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. സ്റ്റാഫ് ഫിക്സേഷന്‍ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണം. അധ്യാപക പാക്കേജ് പ്രഖ്യാപിച്ച സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിട്ടുള്ള സ്പെഷലിസ്റ്റ് അധ്യാപക നിയമനം പിഎസ്സിക്കു വിടാനുള്ള നിര്‍ദേശം പിന്‍വലിക്കണം. എയ്ഡഡ് പ്രൈമറി സ്കൂള്‍ പ്രധാനാധ്യാപകരെ ക്ലാസ് ചുമതലയില്‍നിന്ന് ഒഴിവാക്കണം.

2010-11 അധ്യയന വര്‍ഷത്തിനുശേഷം കോര്‍പറേറ്റ് മാനേജ്മെന്‍റ് സ്കൂളുകളില്‍ തസ്തിക നിര്‍ണയ നടപടികള്‍ പൂര്‍ത്തിയാക്കാനായില്ല. ഈ മേഖലയിലെ 45,000 അധ്യാപകരുടെ തസ്തിക നിര്‍ണയമാണു തടസപ്പെട്ടിരിക്കുന്നത്. കോര്‍പറേറ്റ് മാനേജ്മെന്‍റ് സ്കൂളുകളില്‍ ഓരോ വിദ്യാലയത്തെയും ഓരോ യൂണിറ്റായി പരിഗണിക്കണം. 2011നു ശേഷമുള്ള നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കണം.

1:30, 1:35 അധ്യാപക-വിദ്യാര്‍ഥി അനുപാതം സംസ്ഥാനത്തു നടപ്പിലാക്കണമെന്നാണു കെസിബിസിയുടെ നിലപാട്. വിദ്യാഭ്യാസ വിഷയത്തില്‍ സമാന ചിന്താഗതിയുള്ള പ്രസ്ഥാനങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. മാനേജ്മെന്‍റുകളുടെ നിയമനാവകാശം നിയന്ത്രിക്കാനുള്ള നടപടികള്‍ പിന്‍വലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

Source: K.C.B.C







All the contents on this site are copyrighted ©.