2014-06-06 17:30:23

അജപാലകർ നല്ലിടയർ ആയിരിക്കണമെന്ന് ഫ്രാൻസിസ് പാപ്പ


06 ജൂൺ 2014, വത്തിക്കാൻ
അജപാലകർ നല്ലിടയർ ആയിരിക്കണമെന്ന് ഫ്രാൻസിസ് പാപ്പ ഉത്ബോധിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ സാന്താ മാർത്താ മന്ദിരത്തിൽ അർപ്പിച്ച ദിവ്യബലി മധ്യേവചന സന്ദേശം നൽകുകയായിരുന്നു പാപ്പ. ക്രിസ്തുവിനോടുണ്ടായിരുന്ന ‘ആദ്യ സ്നേഹത്തെക്കുറിച്ച്’ വൈദികരെ അനുസ്മരിപ്പിച്ച പാപ്പ, ആദ്യകാലത്ത് ദൈവസ്നേഹത്തിലുണ്ടായിരുന്ന തീവ്രത ഇന്നും ഉണ്ടോ എന്ന് ആത്മ വിചിന്തനം ചെയ്യാൻ അവരെ ക്ഷണിച്ചു. ശുശ്രൂഷാഭാരവും മറ്റനേകം കാര്യങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠകളും ദൈവ സ്നേഹത്തിൽ നിന്ന് അകലാൻ കാരണമായിട്ടുണ്ടോ?
ഒരു കുടുംബത്തിൽ വഴക്കുകളുണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷേ സ്നേഹമില്ലാതായാൽ അവിടെ വഴക്കുണ്ടാകാൻ ഇടയില്ല, കാരണം സ്നേഹത്തിന്‍റെ അഭാവത്തിൽ ദാമ്പത്യബന്ധം തകർന്നുകഴിഞ്ഞിരിക്കുമെന്ന് പാപ്പ ചൂണ്ടിക്കാട്ടി.

ദൈവജനത്തിന്‍റെ നല്ലിടയരായിരിക്കണം അജപാലകർ, തങ്ങളുടെ അറിവും കഴിവും നന്നായി വിനിയോഗിച്ച് അവർ ജനത്തെ നയിക്കണം. ജനത്തെ നയിക്കുക, ഇടയനായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. തന്‍റെ ജനത്തിന്‍റെ ഇടയനായിരിക്കാനാണ് ക്രിസ്തു അവരെ വിളിച്ചിരിക്കുന്നത്. “ഞാൻ ഒരു നല്ലിടയനാണോ? അതോ ‘സഭ’ എന്നു വിളിക്കപ്പെടുന്ന സർക്കാരിതര സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണോ?” എന്ന് ദൈവത്തിന്‍റെ അഭിക്ഷിതർ സ്വയം ചോദിക്കേണ്ടതുണ്ട്. അവ രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്.
ഞാനൊരു നല്ല ഇടയനാണോ? എന്ന ചോദ്യം താൻ സ്വയം ചോദിക്കേണ്ടതാണെന്ന് പ്രസ്താവിച്ച പാപ്പ, മെത്രാൻമാരും വൈദികരും ഈ ആത്മശോധന നടത്തണമെന്നും അഭിപ്രായപ്പെട്ടു. തന്നെ അനുഗമിക്കാൻ നമ്മെ ക്ഷണിച്ച യേശു നാഥൻ ഒരിക്കലും നമ്മെ കൈവെടിയില്ല. ഏതു പ്രതിസന്ധിയിലും വിഷമഘട്ടത്തിലും രോഗാവസ്ഥയിലും കർത്താവ് നമ്മോടു കൂടെയുണ്ടായിരിക്കും. ക്രിസ്തുവാണ് നമ്മുടെ ഏക ഉറപ്പ്. എല്ലായ്പ്പോഴും അവിടുന്ന് നമ്മെ വഴിനയിക്കുമെന്നും പാപ്പ വിശദീകരിച്ചു.








All the contents on this site are copyrighted ©.