2014-06-05 19:08:49

സാമൂഹ്യപരിസരത്തിന്‍റെ
സൃഷ്ടികളാണ്
നാടോടികളെന്ന് പാപ്പാ


6 ജൂണ്‍ 2014, വത്തിക്കാന്‍
സങ്കീര്‍ണ്ണമായ സാമൂഹ്യചുറ്റുപാടുകളുടെ സൃഷ്ടികളാണ് നാടോടികളെന്ന് പാപ്പാ ഫ്രാന്‍സിസ്
പ്രസ്താവിച്ചു. ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമായി വത്തിക്കാനില്‍ കൂടിക്കാഴ്ചയ്ക്കെത്തിയ
നാടോടികളുടെ അജപാലനശുശ്രൂഷയില്‍ വ്യാപൃതരായിരിക്കുന്നവരെ ജൂണ്‍ 5-ാം തിയതി രാവിലെ അഭിസംബോധനചെയ്യവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

വിദ്യാഭ്യാസ സാംസ്ക്കാരിക ആരോഗ്യ തൊഴില്‍ മേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കാതെയും, പാര്‍പ്പിടമില്ലാതെയും മുറിപ്പെട്ടു വേദനിക്കുന്നവരാണ് നാടോടികളെന്നും, നവമായ സാമൂഹ്യ അടിമത്വത്തിന് അവര്‍ വിധേയരാണെന്നും, സമൂഹ്യ സംരക്ഷണം ലഭിക്കാത്ത ഇക്കൂട്ടരാണ് ലോകത്ത് ഏറ്റവുമധികം ചൂഷണംചെയ്യുപ്പെടുന്നതെന്നും തന്‍റെ ഹ്രസ്വപ്രഭാഷണത്തില്‍ പാപ്പാ ചൂണ്ടിക്കാട്ടി.

സുവിശേഷം പ്രഷോഷിക്കപ്പെടുക, വിശിഷ്യാ അത് പാവങ്ങളും പരിത്യക്തരുമായവര്‍ക്കായി പങ്കുവയ്ക്കുക
എന്ന സഭയുടെ ഉത്കണ്ഠയാണ് നടോടികളുടെ സേവനത്തില്‍ പങ്കുചേരുന്നവര്‍ ചെയ്യുന്നതെന്നും, എളിയവര്‍ക്ക് പിതൃസ്നേഹത്തിന്‍റെ സാക്ഷൃംപകര്‍ന്ന ക്രിസ്തുവിനെ മാതൃകയാക്കിക്കൊണ്ട് സഭയുടെ അജപാലന സാന്നിദ്ധ്യവും സാമീപ്യവും ഐക്യദാര്‍ഢ്യവും നാടാടികളായവര്‍ക്ക് ലഭ്യമാക്കണമെന്നും മെത്രാന്മാരും, അജപാലന ശുശ്രൂഷകരും, ദേശീയ ഡയറക്ടര്‍മാരും സാമൂഹ്യസേവകരും അടങ്ങുന്ന സംഘത്തെ പാപ്പാ ഉദ്ബോധിപ്പിച്ചു.

ലോകത്ത് നവമായി ഉയരുന്ന അടിമത്വത്തിന്‍റെയും മനുഷ്യാന്തസ്സ്, സ്വാതന്ത്ര്യം നീതി എന്നീ മൂല്യങ്ങളുടെ ലംഘനത്തിന്‍റെയും വെല്ലുവിളികളെ നേരിടുകയെന്നത് ഈ അജപാലന ശുശ്രൂഷയുടെ ഭാഗമാണെന്നും, ക്രിസ്തുസ്നേഹത്തിന്‍റെ സ്വാഗതാര്‍ഹവും സന്തോഷദായകവുമായ മുഖം എന്നും ആഗോളസഭയുടെ പേരില്‍ നാടോടികളായവര്‍ക്ക് ലഭ്യമാക്കാന്‍ പരിശുദ്ധ കന്യകാനാഥ ഏവരെയും തുണയ്ക്കട്ടെയെന്നുമുള്ള പ്രാര്‍ത്ഥനയോടും ആശംസയോടും കൂടിയാണ് പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചത്.

നാടോടികളുടെ അജപാലശശ്രൂഷകരുടെ സമ്മേളനം സംഘടിപ്പിച്ച പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദാനാള്‍ അന്തോണിയോ വേല്യോയ്ക്കും, സെക്രട്ടറി ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിനും സഹപ്രവര്‍ത്തകര്‍ക്കും പാപ്പാ പ്രത്യേകം നന്ദിയര്‍പ്പിക്കുകയും ചെയ്തു.









All the contents on this site are copyrighted ©.