2014-06-04 19:22:15

പാപ്പാ ഫ്രാന്‍സിസ്
ജെമേലി പോളിക്ലിനിക്ക് സന്ദര്‍ശിക്കും


ജൂണ്‍ 27-ാം തിയതി യേശുവിന്‍റെ ദിവ്യഹൃദയ തിരുനാള്‍ ദിനത്തിലാണ്
90-ാം വാര്‍ഷികം ആഘോഷിക്കുന്ന മിലാനിലെ Sacred Heart University-യുടെ കീഴിലുള്ള റോമിലെ പ്രസിദ്ധമായ ജെമേലി പോളിക്ലിനിക്ക് പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കുന്നതെന്ന്, വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

സമൂഹത്തിന്‍റെ നന്മയും ജീവന്‍റെ സമുദ്ധാരണവും മനുഷ്യാന്തസ്സും പ്രഥമ ലക്ഷൃമാക്കിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റിയുടെ വളര്‍ച്ചയ്ക്കും വികസനത്തിനുമായി ഇനിയും ഏവരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്ന്,
ജൂബിലി ആശംസിച്ചുകൊണ്ട് യൂണിവേഴ്സിറ്റിയുടെ പ്രസിഡന്‍റും, മിലാന്‍ അതിതൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ആഞ്ചലോ സ്കോളയ്ക്ക് അയച്ച സന്ദേശത്തില്‍ പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചതായി പ്രസ്താവന വ്യക്തമാക്കി.

ആധുനിക ശാസ്ത്ര-സാങ്കേതിക ത്വരയെ സഭാപഠനങ്ങളോട് താദാത്മ്യപ്പെടുത്തിക്കൊണ്ട് യുവാക്കളെ വൈദ്യശാസ്ത്രത്തിന്‍റെയും ദൈവശാസ്ത്രത്തിന്‍റെയും അറിവന്‍റെയും മേഖലയില്‍ ഉന്നതനിലവാരത്തില്‍ ഒരുക്കുകയാണ് യൂണിവേഴ്സിറ്റിയുടെ വിവിധ ഫാക്കല്‍റ്റികളുടെ പതറാത്ത ലക്ഷൃമെന്ന്, ജെമേലിയിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനസന്ദേശത്തെ സ്വാഗതംചെയ്തുകൊണ്ട് ഇറക്കിയ പ്രസ്താവനയില്‍, യൂണിവേഴ്സിറ്റിയുടെ പ്രസിഡന്‍റും, മിലാന്‍ അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ആഞ്ചലോ സ്കോള പ്രസ്താവിച്ചു.

1981 മെയ് 13-ല്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ പൊതുവേദിയില്‍വച്ച് വെടിയേറ്റ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ജീവന്‍ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തിയത് റോമിലെ ജെമേലി ആശുപത്രിയായിരുന്നു.








All the contents on this site are copyrighted ©.