2014-06-04 19:28:20

നാടോടികളും സഭയുടെ
അജപാലന പ്രതിബദ്ധയും


4 ജൂണ്‍ 2014, വത്തിക്കാന്‍
സഭയുടെ അജപാലന പ്രതിബദ്ധതയാണ് ആധുനിക നഗരപ്രാന്തങ്ങളിലെ
നാടോടിസമൂഹങ്ങളെന്ന്, പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ അന്തോണിയോ മരിയ വേലിയോ പ്രസ്താവിച്ചു.

ജൂണ്‍ 5-6 തിയതികളില്‍ റോമില്‍ സമ്മേളിക്കുന്ന നാടോടികള്‍ക്കായുള്ള അജപാലന ശുശ്രൂഷകരുടെ രാജ്യാന്തര സമ്മേളനവുമായി ബന്ധപ്പെട്ട് ഇറക്കിയ പ്രസ്താവനയിലാണ് കര്‍ദ്ദിനാള്‍ വേല്യോ ഇങ്ങനെ ചൂണ്ടിക്കാണിച്ചത്.

‘സഭ നാടോടികളായവരോടു ചേര്‍ന്ന് നഗരപ്രാന്തങ്ങളില്‍ നിര്‍വ്വഹിക്കുന്ന സുവിശേഷ പ്രഘോഷണം,’ എന്ന പ്രമേയവുമായി യൂറോപ്പ്, അമേരിക്ക ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളില്‍ നിന്നെത്തുന്ന 200-ലേറെ അജപാലന ശുശ്രൂഷകരുടെ രാജ്യാന്തര പ്രതിനിധികള്‍ ജൂണ്‍ 5-ാം തിയതി പാപ്പാ ഫ്രാന്‍സിസുമായും കൂടിക്കാഴ്ച നടത്തുമെന്ന് കര്‍ദ്ദിനാള്‍ വേലിയോ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇറ്റലിയിലെ പൊമേസ്സിയയില്‍ സമ്മേളിച്ച ആഗോള നാടോടികളുടെ സമ്മേളനത്തില്‍
പോള്‍ ആറാമന്‍ പാപ്പാ പങ്കെടുത്തിന്‍റെ 50-ാം വാര്‍ഷികമാണിത്. ആഗോളവത്ക്കരണം വളര്‍ത്തുന്ന സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന നാടോടികളുടെ എണ്ണം
ഈ മേഖലയില്‍ സഭയ്ക്കുള്ള അജപാലന പ്രതിബദ്ധതയുടെ മാറ്റു വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് കര്‍ദ്ദിനാള്‍ വേലിയോ പ്രസ്താവനയില്‍ സമര്‍ത്ഥിച്ചു.

മൂന്നു കോടിയിലേറെ നാടോടികള്‍ ലോകത്തിന്‍റെ വിവിധ ഭൂഖണ്ഡങ്ങളിലായി കഴിഞ്ഞുകൂടുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ വേല്യോ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.









All the contents on this site are copyrighted ©.