2014-06-04 18:15:16

കര്‍ദ്ദിനാള്‍ ലൂര്‍ദ് സ്വാമിയുടെ
സംസ്ക്കാരകര്‍മ്മം പോണ്ടിച്ചേരിയില്‍


4 ജൂണ്‍ 2014, ഡല്‍ഹി
ഭാരതത്തിലെ മെത്രാന്‍ സമിതി കര്‍ദ്ദിനാള്‍ ലൂര്‍ദ്ദുസ്വാമിയുടെ നിര്യാണത്തില്‍ അനുശോചിച്ചു.
ജൂണ് 3-ാം തിയതി ചൊവ്വാഴ്ച ഡല്‍ഹിയില്‍ ഇറക്കിയ പ്രസ്താവനയിലൂടെയാണ് വത്തിക്കാനില്‍ ജൂണ്‍ 2-ാം തിയതി അന്തരിച്ച പൗരസ്ത്യ സഭകളുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ മുന്‍പ്രീഫെക്ട്, കര്‍ദ്ദിനാള്‍ സൈമണ്‍ ലൂര്‍ദ്ദുസ്വാമിയുടെ നിര്യാണത്തില്‍ ദേശീയ മെത്രാന്‍ സമിതി അനുശോചനം അറിയിച്ചത്.

കര്‍ദ്ദിനാള്‍ സംഘത്തലവന്‍, ആഞ്ചലോ സൊഡാനോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍,
ജൂണ്‍ 5-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പരേതനുവേണ്ടിയുള്ള ദിവ്യബലി അര്‍പ്പിക്കപ്പെടുമെന്നും, ദിവ്യബലിയെ തുടര്‍ന്നുള്ള അന്തിമോപചാര ശുശ്രൂഷയ്ക്ക് പാപ്പാ ഫ്രാന്‍സിസ് നേതൃത്വം നല്കുമെന്നും, സിബിസിഐയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, ഫാദര്‍ ജോസഫ് ചിന്നൈയ്യന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കുന്ന വത്തിക്കാനിലെ അന്തിമോപചാര ശുശ്രൂഷകള്‍ക്കുശേഷം, കര്‍ദ്ദിനാള്‍ ലൂര്‍ദ്ദുസ്വാമിയുടെ ഭൗതീകാവശിഷ്ടങ്ങള്‍ സംസ്ക്കരത്തിനായി അദ്ദേഹത്തിന്‍റെ അതിരൂപതയായ തമിഴ്നാട്ടിലെ പോണ്ടിച്ചേരിയിലേയ്ക്ക് കൊണ്ടുവരുമെന്നും, അവിടെ അമലോത്ഭവനാഥയുടെ കത്തീഡ്രല്‍ ദേവാലയത്തില്‍ നടത്തപ്പെടുന്ന തിരുക്കര്‍മ്മങ്ങളോടെ അടക്കംചെയ്യാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു വരികയാണെന്നും ഫാദര്‍ ചിന്നൈയ്യാ പ്രസ്താവനയിലൂടെ അറിയിച്ചു.
പൗരസ്ത്യ സഭകളുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ തലവാനായി 6 വര്‍ഷക്കാലം റോമില്‍ സേവനംചെയ്തിട്ടുണ്ട്. ബാംഗളൂര്‍ അതിരൂപതാ മെത്രാപ്പോലീത്ത ആയിരിക്കുമ്പോഴാണ് ആദ്യം പൗരസ്ത്യകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറിയായും, പിന്നെ 1985-ല്‍ പ്രീഫെക്ടായും ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ അദ്ദേഹത്തെ നിയോഗിച്ചത്. ജനതളുടെ സവുശേഷവത്ക്കരണത്തിനായുള്ള സംഘത്തിന്‍റെ അഡിഷണല്‍ സെക്രട്ടറി, പിന്നെ സെക്രട്ടറി, പൊന്തിഫിക്കല്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പ്രസിഡന്‍റ്, പൊന്തിഫിക്കല്‍ ഊര്‍ബന്‍ യൂണിവേഴ്സിറ്റിയുടെ വൈസ് ചെയര്‍മാന്‍ എന്നീ നിലകളിലും കര്‍ദ്ദിനാള്‍ ലൂര്‍ദ്ദുസ്വമി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കര്‍ദ്ദിനാള്‍ ലൂര്‍ദ്ദു സ്വാമിയുടെ നിര്യാണത്തോടെ ഭാരതത്തിലെ കര്‍ദ്ദിനാളന്മാരുടെ എണ്ണം അഞ്ചായും. സാര്‍വത്രിക സഭയിലെ കര്‍ദ്ദിനാളന്മാരുടെ എണ്ണം 214-ആയും കുറഞ്ഞിട്ടുണ്ട്.

1924-ല്‍ പോണ്ടിച്ചേരിയിലെ കല്ലേരിയിലാണ് ജനനം. 1951-ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1956-ല്‍ റോമിലെ ഊര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍നിന്നും സഭാനിയമത്തില്‍ ഡോക്ടര്‍ ബിരുദം കര്‍സ്ഥമാക്കി.
1962-ല്‍ ബാംഗളൂര്‍ അതിരൂപതയുടെ കോജുറ്റര്‍ സഹായമെത്രാനായി നിയമിതനായി. 1968-ല്‍ ബാംഗളൂര്‍ അതിരൂപതാ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു. 1973-ല്‍ പൗരസ്ത്യ സഭകളുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റ സെക്രട്ടറിയായും, പിന്നെ 1985-ല്‍ അതിന്‍റെ പ്രീഫെക്ടായും നിയമിതനായി.

ആഗോള സഭയിലെ പൗരസ്ത്യസഭകളുടെ നിലനില്പിനും വളര്‍ച്ചയ്ക്കും, അവയെ മാതൃസഭയോടു ചേര്‍ത്തുനിറുത്തുന്നതിലും കര്‍ദ്ദിനാള്‍ ലൂര്‍ദ്ദുസ്വാമി നല്കിയിട്ടുള്ള സംഭാവനകള്‍ സ്തുത്യര്‍ഹമാണ്.








All the contents on this site are copyrighted ©.