2014-06-03 10:05:59

വിലാപസങ്കീര്‍ത്തനങ്ങള്‍ (9)
ദൈവത്തോടുള്ള മനുഷ്യന്‍റെ രോദനം


RealAudioMP3
സങ്കീര്‍ത്തനങ്ങളെക്കുറിച്ചുള്ള പശ്ചാത്തലപഠനത്തില്‍ മൂന്നു തരത്തിലുള്ള സാഹിത്യ രൂപങ്ങളെക്കുറിച്ച് നാം മനസ്സിലാക്കി – സ്തുതിപ്പ്, രാജത്വസങ്കീര്‍ത്തനം, സിയോണ്‍ സങ്കീര്‍ത്തനങ്ങള്‍. കഴിഞ്ഞ പ്രക്ഷേപണത്തില്‍ സിയോന്‍റെ സങ്കീര്‍ത്തനങ്ങളെക്കുറിച്ചാണ് നാം പഠിച്ചത് - the Psalms of Zion. അവ സിയോനെ, ജരൂസലേമിനെ സ്തുതിക്കുന്നു. അവസാനം മനുഷ്യരുടെ മദ്ധ്യേയുള്ള ദൈവിക സാന്നിദ്ധ്യത്തെ പ്രഘോഷിക്കുന്നു. ഇനി, സങ്കീര്‍ത്തനങ്ങളുടെ നാലാമത്തെ സാഹിത്യഗണമായ വിലാപസങ്കീര്‍ത്തനത്തെക്കുറിച്ച് നമുക്കിനി പഠിക്കാം, The Psalms of Lamentation. മനുഷ്യജീവിതം സുഖദുഃഖസമ്മിശ്രമാണ്. സന്തോഷിക്കുന്നതുപോലെ മനുഷ്യന്‍ ജീവിതത്തില്‍ ദുഃഖിക്കുകയും ചെയ്യുന്നു. സന്തോഷത്തില്‍ ദൈവത്തെ സ്തുതിക്കുന്നവന്‍, വേദനയില്‍ ദൈവസന്നിധിയില്‍ വിലപിക്കുകയും സഹായത്തിനായി ദൈവത്തോടു നിരന്തരമായി കേണപേക്ഷിക്കുകയും ചെയ്യുന്നു. കാരണം എല്ലാറ്റിന്‍റെയും പരമമായ ഭാവവും ആദ്യന്ത്യവും ദൈവമാണല്ലോ.

ഇന്നത്തെ പഠനത്തിന് മാതൃകയായി നാം ഉപയോഗിക്കുന്നത് ഫാദര്‍ മാത്യു മുളവന - ജെറി അമല്‍ദേവ് സംഘം സംഗീതാവിഷ്ക്കാരംചെയ്ത ‘കാരുണീകനാം പ്രഭോ...’ Miserere mei Deo എന്ന വളരെ വിഖ്യാതമായ 50-ാംമത്തെ അല്ലെങ്കില്‍ 51-ാമത്തെ സങ്കീര്‍ത്തനമാണ്. ‘ദാവീദിന്‍റെ വിലാപ’മെന്നും ഇതിനെ വിളിക്കാറുണ്ട്. തന്‍റെ ദയനീയമായ പാപാവസ്ഥയില്‍ രാജാവ് ദൈവിക കാരുണ്യത്തിനായി വിലപിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതുമാണ് ഈ ഗീതത്തിന്‍റെ ഉള്ളടക്കം.
Psalm 50
കാരുണീകനാം പ്രഭോ നീ ദയാലുവാണല്ലോ
നിന്‍ ക്ഷമാവരം ഏകിടൂ മഹേശ്വരാ,
കാരുണ്യപൂര്‍ണ്ണനാം ...
1. ദ്രോഹിയാണു ഞാന്‍ വിഭോ ദ്രോഹമോചനം തരൂ
എന്നിസീമ പാപങ്ങള്‍ മായിച്ചീടണേ വിഭോ.
കാരുണ്യപൂര്‍ണ്ണനാം ...

ആമുഖം കേന്ദ്രഭാഗം ചിലപ്പോള്‍ ഉപസംഹാരം എന്നീ മൂന്നു ഘടകങ്ങള്‍ വിലാപസങ്കീര്‍ത്തനങ്ങള്‍ക്കുണ്ട്. ആമുഖത്തില്‍ ഗായകന്‍ അല്ലെങ്കില്‍ സങ്കീര്‍ത്തകന്‍ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നു. അങ്ങനെ സാഹയത്തിനുവേണ്ടിയുള്ള നിലവിളിയോടെയാണ് വിലാപകീര്‍ത്തനത്തിന്‍റ തുടക്കം. ആമുഖം ആവര്‍ത്തിക്കപ്പെടുന്നതും ചിലപ്പോള്‍ നമുക്കു കാണാം. ഇതുവഴി ജീവിതത്തില്‍ വിലപിക്കുന്നവര്‍ ദൈവത്തില്‍ നിരന്തരമായി അര്‍പ്പിക്കുന്ന ശരണമാണ് സങ്കീര്‍ത്തകന്‍ പ്രകടമാക്കപ്പെടുന്നത്. ഉപമയിലൂടെയും ദൃഷ്ടാന്തങ്ങളിലൂടെയും യാഹ്വേയുടെ നന്മയും സംരക്ഷണവും ഗായകന്‍ പ്രകീര്‍ത്തിക്കുന്നതാണ് സങ്കീര്‍ത്തനത്തിന്‍റെ കേന്ദ്രഭാഗം. ദരിദ്രനും ക്ലേശിതനുമായിട്ടാണ് ആരാധകന്‍ ഇവിടെ തന്നെത്തന്നെ വിശേഷിപ്പിക്കുന്നത്. മാത്രമല്ല, പ്രധാനഭാഗത്ത് വിലാപത്തോടൊപ്പം യാചനയും കണ്ടെന്നു വരാം. ആരാധകന്‍ തന്‍റെ ആവലാതി ദൈവതിരുമുന്‍പില്‍ ചൊരിയുന്നതാണ് സങ്കീര്‍ത്തനത്തിന്‍റെ കേന്ദ്രഭാഗം.
Psalm 50
ദൈവമേ, അങ്ങേയ്ക്കെതിരായി, ഞാന്‍ പാപംചെയ്തു
അങ്ങേ തിരുമുന്‍പില്‍ ഞാന്‍ തിന്മചെയ്തുപോയ്.
(സങ്കീര്‍ത്തനം 50, 4).

ഇതേവാക്കുകള്‍ മുളവനയച്ചന്‍ മണിപ്രവാളശൈലിയില്‍ രചിച്ചിരിക്കുന്നത്, അമല്‍ദേവ് ഭാവാര്‍ദ്രമായി സംഗീതസൃഷ്ടിചെയ്തിരിക്കുന്നത് ഇനിയും ശ്രവിക്കാം.
Psalm 50
2. ദോഷമാകെയാര്‍ന്നു ഞാന്‍ ഘോരപാപി ഞാനിതാ
പാപമേതുമെന്‍ മുന്നില്‍ കാണുന്നൂ സദാ വിഭോ
കാരുണ്യപൂര്‍ണ്ണനാം ...

തീര്‍ച്ചയായും വിലാപം വ്യക്തിക്ക് ആശ്വാസംപകരുന്നതാണ്. മാത്രമല്ല, സങ്കീര്‍ത്തകനെ സമാശ്വസിപ്പിക്കാനും, അയാളുടെ പ്രശ്നങ്ങള്‍ക്ക് പ്രായോഗികമായ പരിഹാരം കണ്ടെത്തുവാനും ദൈവത്തിനു സാധിക്കും, തന്‍റെ വിലാപം ദൈവം സ്വീകരിക്കും എന്നുതന്നെയാണ് സങ്കീര്‍ത്തകന്‍റെ വിശ്വാസം. ദുഃഖങ്ങളുടെ വിവരണം, ആവശ്യങ്ങള്‍, ആവലാതികള്‍ തുടങ്ങിയവ ഇവിടെ സങ്കീര്‍ത്തകന്‍ എണ്ണിയെണ്ണി പറയുന്നു.
ഇവ ഗായകന്‍ അനുഭവിച്ചിട്ടുള്ളതോ അനുഭവിച്ചുകൊണ്ടിരിക്കുന്നതോ ആയ ജീവിതയാതനകളാകാം. രോഗവും, നീതിനിഷേധവും അവകാശലംഘനവും, ശത്രുപീഡനവും, ദൈവത്തിന്‍റെ ഉപേക്ഷയും, സ്വന്തം അപരാധങ്ങളും, കുറവുകളും എല്ലാം സങ്കീര്‍ത്തകന്‍റെ സഹന കാരണമാകാം. ദൈവത്തിന്‍റെ തിരുമുഖം ദര്‍ശിക്കുവാനും, അവിടുത്തെ കാരുണ്യം തേടുവാനും, അവസാനം സമൂഹത്തിന്‍റെ കൂട്ടായ്മയില്‍ തിരിച്ചെത്തുവാനുമാണ് വിലാപസങ്കീര്‍ത്തകന്‍ അതിയായി ആഗ്രഹിക്കുന്നതെന്ന് 50-ാം സങ്കീര്‍ത്തിനം വ്യക്തമാക്കുന്നു.
Psalm 50
3. കേവലം നിന്നോടു ഞാന്‍ ചെയ്തുപോയി പാപങ്ങള്‍
നീതി നീ തന്നീടുന്നു നിഷ്പക്ഷം അഹോ വിധി
കാരുണ്യപൂര്‍ണ്ണനാം ...

സങ്കീര്‍ത്തകന്‍റെ എല്ലാ ആവലാതികളും അക്ഷരാര്‍ത്ഥത്തില്‍ നാം എടുക്കണമെന്നില്ല. കാരണം, ചിലവ അതിശയോക്തി കലര്‍ന്നതാണ്. മറ്റുചിലത് വിലാപഗീതങ്ങളില്‍ സമകാലീന കീഴ്നടപ്പനുസരിച്ചുള്ള പ്രയോഗങ്ങളും ആയിരിക്കാം.
ഈ പ്രയോഗങ്ങളെല്ലാം സങ്കീര്‍ത്തകന്‍റെ വിലാപങ്ങള്‍ക്ക് മാറ്റുകൂട്ടുകയാണ്. ‘കര്‍ത്താവേ, അങ്ങേ, മുഖം എന്നില്‍നിന്നും മറയ്ക്കരുതേ,’
‘എന്‍റെ പാപങ്ങള്‍ മായിച്ചുകളയണമേ,’ ‘എനിക്കായ് ചെവിചായ്ക്കണമേ,’ ‘എന്നെ കടാക്ഷിക്കണമേ,’ ‘കര്‍ത്താവേ, എനിക്ക് ഉത്തരമരുളണമേ,’ ‘വേഗം വരണമേ, നന്മസ്വാരൂപാ...’ ‘രക്ഷണമരുളുക നാഥാ....’ എന്നീ യാചനകള്‍ പലപ്പോഴും ആജ്ഞാരൂപത്തിലും, ചിലപ്പോള്‍ ആശംസകളായും ശാപഭീഷണികളായും പ്രകടമാക്കപ്പെടാം.

രോഗികളോ, കുറ്റം ആരോപിക്കപ്പെട്ടവരോ, പീഡിതരോ ആകാം ഇങ്ങനെയുള്ള യാചനകള്‍ നടത്തുന്നത്. സാധാരണ ഗതിയില്‍ അവര്‍ ദരിദ്രരും പീഡിതരുമാണ്. അതിനാല്‍, വിലാപകീര്‍ത്തനങ്ങളെ പിന്നെയും പണ്ഡിതന്മാര്‍ തരംതിരിക്കുന്നുണ്ട്. രോഗികളുടെ വിലാപം (സങ്കീര്‍ത്ത. 6, 13, 28), പാപികളുടെ വിലാപം (സങ്കീര്‍ത്ത. 5, 7, 17), പീഡിതരുടെ വിലാപം (സങ്കീര്‍ത്ത. 109, 142, 143). എന്നിങ്ങനെയാണവ.

ശരണത്തിന്‍റെ അംശവും ഈ സങ്കീര്‍ത്തനങ്ങളില്‍ കാണുവാന്‍ സാധിക്കും. ശരണപ്രേരകങ്ങള്‍ പലതാകാം. ദൈവത്തിന്‍റെ വിശേഷണങ്ങള്‍, അവിടുത്തെ അന്തസ്സും ആഭിജാത്യവും, വിശ്വസ്തത, അപേക്ഷകന്‍റെ അടിയന്തരവും പ്രധാനവുമായ ആവശ്യങ്ങള്‍, അയാളുടെ നിരപരാധിത്വവും അനുതാപം. എന്നിങ്ങനെ....
Psalm 50
4. പാപിയാണു ഞാനയ്യോ, ഘോരപാപി ഞാനിതാ
അമ്മതന്‍ ഗര്‍ഭേയിദം ജന്മമാര്‍ന്നു ദേവ ഞാന്‍
കാരുണ്യപൂര്‍ണ്ണനാം ...

വിലപിക്കുന്നവര്‍ നേര്‍ച്ചകള്‍ കാഴ്ചകള്‍ സമര്‍പ്പിക്കുവാനും നിറവേറ്റുവാനും, ബലികള്‍ അര്‍പ്പിക്കുവാനും, കര്‍ത്താവിന്‍റെ നാമം പാടിസ്തുതിക്കുവാനും പ്രതിജ്ഞയെടുക്കുന്നു. തന്നെയുമല്ല, ദൈവത്തിന്‍റെ പ്രതികരണത്തിനും സഹായത്തിനുമായി ആരാധകന്‍, സങ്കീര്‍ത്തകന്‍ കാത്തിരിക്കുന്നതും നമുക്കു കാണാം.
കാരണം, അവരുടെ അപേക്ഷകള്‍ ദൈവം കേള്‍ക്കുമെന്ന് തീര്‍ച്ചയാണ്. അതുകൊണ്ട്, അവരുടെ വിലാപം നന്ദിപറച്ചിലായി അവസാനം പരിണമിക്കുന്നു. 50-ാം സങ്കീര്‍ത്തനത്തിന്‍റെ അവസാനഭാഗം, വിലാപം പ്രത്യാശയായി മാറുകയാണ്. ‘കര്‍ത്താവേ, എന്‍റെ നാവ് അങ്ങയുടെ സ്തുതികള്‍ ആലപിക്കും’ (സങ്കീര്‍ത്ത. 50, 15). അതുകൊണ്ട് വിലാപഗീതങ്ങളുടെ ഗണത്തില്‍പ്പെട്ട സങ്കീര്‍ത്തനങ്ങള്‍ക്കു കൃത്യമായ അവസാനം വേണമെന്നില്ല. ചിലവ അനുഗ്രഹ പ്രാര്‍ത്ഥനയോടെ അവസാനിക്കുന്നു. മറ്റു ചിലത് ശരണപ്രഖ്യാപനമായി മാറുന്നു. ചിലപ്പോള്‍ നന്ദിപറച്ചിലായും അവസാനിക്കുന്നു.

“എന്‍റെ ഉരുകിയ മനസ്സ്, ദൈവമേ, അങ്ങേയ്ക്ക് സ്വീകാര്യമായ ബലിയാണ്.
ബലിപീഠത്തില്‍ ഞാന്‍ അങ്ങേയ്ക്കു ഞാന്‍ നന്ദിയര്‍പ്പിക്കും.”
(സങ്കീര്‍ത്തനം 50, 9).

ജെറി അമല്‍ദേവ്-മാത്യു മുളവന സംഘം ഗാനാവിഷ്ക്കാരംചെയ്ത സങ്കീര്‍ത്തനം ഇവിടെ രാജലക്ഷ്മിയും സംഘവും ആലപിച്ചിരിക്കുന്നു.

Psalm 50
കാരുണീകനാം പ്രഭോ നീ ദയാലുവാണല്ലോ (2)
ഇന്നു നിന്‍ ക്ഷമാവരം ഏകിടൂ മഹേശ്വരാ,
കാരുണ്യപൂര്‍ണ്ണനാം ...

1. ദ്രോഹിയാണു ഞാന്‍ വിഭോ ദ്രോഹമോചനം തരൂ
എന്നിസീമ പാപങ്ങള്‍ മായ്ച്ചീടണേ വിഭോ.
കാരുണ്യപൂര്‍ണ്ണനാം ...

2. ദോഷമാകെയാര്‍ന്നു ഞാന്‍ ഘോരപാപി ഞാനിതാ
പാപമേതുമെന്‍ മുന്നില്‍ കാണുന്നൂ സദാ വിഭോ
കാരുണ്യപൂര്‍ണ്ണനാം ...

3. കേവലം നിന്നോടു ഞാന്‍ ചെയ്തുപോയി പാപങ്ങള്‍
നീതി നീ തന്നീടുന്നു നിഷ്പക്ഷം അഹോ വിധി
കാരുണ്യപൂര്‍ണ്ണനാം ...

4. പാപിയാണു ഞാനയ്യോ, ഘോരപാപി ഞാനിതാ
അമ്മതന്‍ ഗര്‍ഭേയിദം ജന്മമാര്‍ന്നു ദേവ ഞാന്‍
കാരുണ്യപൂര്‍ണ്ണനാം ...

5. സാന്തനം ക്ഷമാവരം ഏകിടൂ മഹേശ്വരാ
കാരുണ്യപൂര്‍ണ്ണനാം ...








All the contents on this site are copyrighted ©.