2014-06-02 14:44:18

ക്രൈസ്തവ ജീവിതം
സ്വര്‍ഗ്ഗോന്മുഖമായ പുറപ്പാട്


2 ജൂണ്‍ 2014, വത്തിക്കാന്‍
ജൂണ്‍ ഒന്നാം തിയതി ഞായറാഴ്ച. തെളിഞ്ഞാകാശത്ത് ഉയര്‍ന്നുനിന്ന സൂര്യന്‍റെ പൊന്‍കതിരുകള്‍ വസന്തപ്രഭ വിരിയിച്ചു. ക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗാരോഹണ മഹോത്സവത്തിന്‍റെ തേജസ്സ് അറിയിക്കുംപോലെ വെണ്‍മേഖ പാളികള്‍ക്കിടയിലൂടെ സൂര്യകിരണങ്ങള്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ വെണ്ണിലാ ശിലകള്‍ക്ക് മാറ്റു കൂട്ടുന്നുണ്ടായിരുന്നു. വത്തിക്കാന്‍ കുന്നുകളെ തഴുകി വന്ന കുളിര്‍കാറ്റ് മഹാദേവാലയത്തിന്‍റെ തിരുമുറ്റത്ത് തിങ്ങിനിന്ന തീര്‍ത്ഥാടകര്‍ക്ക് ഉണര്‍വ്വു പകര്‍ന്നു. ചത്വരത്തിന്‍റെ ഇരുപാര്‍ശ്വങ്ങളിലും ഉയര്‍ന്നുനിന്ന 500-ലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള ബര്‍ണ്ണീനിയുടെ ജലധാരകളില്‍നിന്നും ചിതറിവീണ ജലകണങ്ങളും ത്രികാലപ്രാര്‍ത്ഥനയ്ക്കെത്തിയ ജനാവാലിക്ക് ആത്മീയതയുടെ കുളിരേകി. പ്രാര്‍ത്ഥനയ്ക്ക് സമയമായതും അപ്പസ്തോലിക അരമനയുടെ രണ്ടാമത്തെ ജാലകത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രത്യക്ഷപ്പെട്ടു. കരങ്ങളുയര്‍ത്തി പുഞ്ചിരിച്ചുകൊണ്ട് ഏവരെയും അഭിവാദ്യംചെയ്തശേഷം പാപ്പാ ഇങ്ങനെ അഭിസംബോധനചെയ്തു.

പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു :
പ്രിയ സഹോദരങ്ങളേ,
ഇന്ന് നാം കര്‍ത്താവിന്‍റ സ്വര്‍ഗ്ഗാരോഹണ മോഹോത്സവം കൊണ്ടാടുകയാണല്ലോ. ഉത്ഥാനാനന്തരം നാല്പതാംനാള്‍, പിതാവിന്‍റെ പക്കലേയ്ക്ക് ക്രിസ്തു ആനീതനയാതിന്‍റെ ഓര്‍മ്മയാണിത്. ശിഷ്യന്മാരോട് യാത്രപറഞ്ഞ് അവിടുന്ന് ഈ ലോകത്തോട് വിടപറയുന്ന സംഭവം അപ്പോസ്തോല നടപടി പുസ്തകം രേഖപ്പെടുത്തുന്നു (നടപടി 1, 6-9). എന്നാല്‍ ശിഷ്യന്മാര്‍ക്ക് ക്രിസ്തു അവസാനമായി നല്കിയ കല്പന സുവിശേഷകന്‍ മത്തായി രേഖപ്പെടുത്തിയിരിക്കുന്നു : ലോകത്തിന്‍റെ നാനാഭാഗങ്ങളിലേയ്ക്കും ഇറങ്ങി പുറപ്പെടുവാനും, സകല ജനതകളോടും സുവിശേഷം പ്രഘോഷിക്കുവാനുമുള്ള സന്ദേശമായിരുന്നു അത് (മത്തായി 28, 16-20). ‘പോവുക,’ അല്ലെങ്കില്‍ ‘പുറപ്പെടുക’ എന്ന ക്രിസ്തുവിന്‍റെ ആഹ്വാനമാണ് സ്വര്‍ഗ്ഗാരോഹണ മഹോത്സവത്തിന്‍റെ സവിശേഷമായ സന്ദേശം. പിതാവിന്‍റെ പക്കലേയ്ക്ക് യാത്രയാകുന്ന ക്രിസ്തു, ശിഷ്യന്മാരോട് ലോകത്തിന്‍റെ നാനാ അതിര്‍ത്തികളിലേയ്ക്കും ഇറങ്ങി പുറപ്പെടാന്‍ ആവശ്യപ്പെട്ടു.

തന്നെ ഈ ലോകത്തിലേയ്ക്ക് അയച്ച പിതാവിന്‍റെ പക്കലേയ്ക്കുള്ള മടക്കയാത്രയായിരുന്നു ക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗാരോഹണം. എന്നാല്‍ ഇതൊരു വേര്‍പാടല്ല, കാരണം അവിടുന്നു മറ്റൊരു രൂപത്തില്‍ എന്നേയ്ക്കുമായി ഈ ലോകത്ത് തുടര്‍ന്നും സന്നിഹിതനാണ്. സ്വര്‍ഗ്ഗാരോഹണത്തിലൂടെ ഉത്ഥിതനായ ക്രിസ്തു ശിഷ്യന്മാരുടെ ദൃഷ്ടികളെ പിതാവിങ്കലേയ്ക്ക് തിരിച്ചതുപോലെ, നമ്മുടെയും ദൃഷ്ടികളെ സ്വര്‍ഗ്ഗോന്മുഖമാക്കുകയാണ്, പിതാവിങ്കലേയ്ക്ക് ഉയര്‍ത്തുകയാണ്. പരിശുദ്ധാരൂപിയുടെ ശക്തിയിലൂടെയും വരദാനങ്ങളിലൂടെയും ക്രിസ്തു ഇന്നും മനുഷ്യചരിത്രത്തില്‍, നമ്മുടെമദ്ധ്യേ ജീവിക്കുന്നു. നാം അവിടുത്തെ കാണുന്നില്ലെങ്കിലും അവിടുന്നു നമ്മുടെ ചാരത്തുണ്ട്!

ക്രിസ്തുവിന്‍റെ സാന്നിദ്ധ്യം നമുക്കം ഇന്നും അനുഭവവേദ്യമാണ്. നമ്മെ അവിടുന്നു ഇന്നും നയിക്കുന്നു. വീഴുമ്പോള്‍ കൈപിടിച്ചുയര്‍ത്തുന്നു. എന്നിട്ട് അവിടുന്നു നമ്മുടെ കൂടെ നടക്കുന്നു, നയിക്കുന്നു. ഓര്‍ക്കുക, ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുകയും, പരത്യക്തരാവുകയും ചെയ്യുന്ന ഇടങ്ങളിലും, വേദനിക്കുന്ന ഓരോരുത്തരുടെയും സമീപത്തും ഉത്ഥിതനായ ക്രിസ്തു സന്നിഹിതനാണ്. നിങ്ങള്‍ അതു വിശ്വസിക്കുന്നില്ലേ? വിശ്വസിക്കുന്നെങ്കില്‍, നമുക്കേറ്റുപറയാം. “ക്രിസ്തു എന്‍റെ കൂടെയുണ്ട്. ക്രിസ്തു എന്‍റെ ചാരത്തുണ്ട്!” ചത്വരത്തില്‍ തിങ്ങിനിന്ന ജനാവലി പാപ്പായുടെ വാക്കുകള്‍ ഏറ്റുപറഞ്ഞു വിശ്വാസം പ്രഘോഷിച്ചു.

ദൗത്യനിര്‍വ്വഹണത്തിനായി ക്രിസ്തു സ്ഥാപിച്ച സഭയില്‍ അവിടുത്തെ സാന്നിദ്ധ്യം അനുഭവവേദ്യമാണ്. തന്‍റെ ശിഷ്യാന്മാര്‍ക്ക് അവിടുന്ന് അവസാനമായി നല്കിയ സന്ദേശം, “നിങ്ങള്‍ ലോകമെമ്പാടും പോയി സകലരെയും ശിഷ്യപ്പെടുത്തുക,” എന്നായിരുന്നു (മത്തായി 28, 19). അത് ക്രിസ്തുവിന്‍റെ വ്യക്തവും തള്ളിക്കളയാനാവത്തതുമായ കല്പനയാണ്.
ഈ കല്പനവഴി ക്രൈസ്തവര്‍ ‘പുറപ്പാടി’ന്‍റെ സമൂഹമായി തീരുന്നു. സ്വര്‍ഗ്ഗോന്മുഖരായി പുറപ്പെടുന്ന സമൂഹം!

അടച്ചുപൂട്ടി ആവൃതിയില്‍ ജീവിക്കുന്ന മിണ്ടാമഠക്കാരില്ലേ, എന്ന് ഇത്തരുണത്തില്‍ ചിലരെങ്കിലും ചിന്തിച്ചു പോകും. എന്നാല്‍ ആവൃതിയില്‍ കഴിയുന്ന ഈ സന്ന്യസ്തര്‍ പ്രാര്‍ത്ഥനയിലൂടെ മനുഷ്യരുമായും സഹോദരങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നവരാണ്. പ്രാര്‍ത്ഥനവഴി അവരുടെ ഹൃദയങ്ങള്‍ രോഗികളും നിരാലംബരുമായ മനുഷ്യജീവിതത്തിന്‍റെ മേഖലകളിലും, ഒപ്പം ആത്മീയ നിര്‍വൃതിയുടെ ദൈവിക ചക്രവാളത്തിലും നിറഞ്ഞിരിക്കുന്നു. അങ്ങനെ പ്രാര്‍ത്ഥനയിലൂടെ അവര്‍ ക്രിസ്തുവിന്‍റെ പീഡകളോടും സാരൂപ്യപ്പെടുന്നു.

ശിഷ്യന്മാരെ പ്രേഷിതദൗത്യം ഏല്പിച്ചുകൊണ്ട് ക്രിസ്തു പറഞ്ഞത്, “ഭയപ്പെടേണ്ട. ലോകാവസാനംവരെ ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്” (മത്തായി 28, 20) എന്നാണ്. ക്രിസ്തുവില്ലാതെ, തനിച്ച് നമുക്കൊന്നും ചെയ്യാനാവില്ല!
പ്രേഷിത പ്രവര്‍ത്തനത്തിനാവശ്യമായ ശക്തിയും, ഉപയസാധ്യതകളും, സൗകര്യങ്ങളും ഉണ്ടായാല്‍ത്തന്നെയും, ക്രിസ്തുവിന്‍റെ അരൂപിയുടെ സാന്നിദ്ധ്യവും ചൈതന്യവുമില്ലാതെ, പ്രേഷിതജോലികള്‍ ഏറെ സംഘടിതവും കാര്യക്ഷമമായാലും, ഫലശൂന്യമാകാന്‍ ഇടയുണ്ട്.

ക്രിസ്തുവിനോടൊപ്പം, അവിടുത്തെ അമ്മയായ പരിശുദ്ധ കന്യകാമറിയവും നമ്മെ അനുഗമിക്കുന്നുണ്ട്, ജീവിതയാത്രയില്‍ നമ്മുടെ കൂടെയുണ്ട്.. തന്‍റെ തിരുക്കുമാരനോടൊപ്പം മറിയം സ്വര്‍ഗ്ഗീയ ഗേഹത്തിലുണ്ട് – അങ്ങനെ മറിയം സ്വര്‍ഗ്ഗരാജ്ഞിയാണ്. നമുക്കേവര്‍ക്കും പ്രത്യാശയുടെ അമ്മയാണ് മറിയം!








All the contents on this site are copyrighted ©.