2014-05-28 18:51:31

സഭൈക്യജീവന്‍റെ
പൈതൃക തീര്‍ത്ഥാടനം


28 മെയ് 2014, വത്തിക്കാന്‍
സഭൈക്യത്തിന്‍റെയും മതാന്തര സംവാദത്തിന്‍റെയും പൈതൃകം പകര്‍ന്നതായിരുന്നു പാപ്പാ ഫ്രാന്‍സിസിന്‍റെ വിശുദ്ധനാടു തീര്‍ത്ഥാടനമെന്ന്, സഭൈക്യകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ കേര്‍ട്ട് കോഹ് പ്രസ്താവിച്ചു.

ബെതലഹേമില്‍വച്ച് പലസ്തീന്‍-ജോര്‍ദ്ദാന്‍ വിഭജനത്തിന്‍റെ ഭത്തിയിലേയ്ക്കു നടത്തിയ യാദൃശ്ചിക സന്ദര്‍ശവും, പലസ്തീന്‍‍ ഇസ്രായേലി പ്രസിഡന്‍റുമാരെ വത്തിക്കാനിലെ തന്‍റെ ഭവനത്തിലേയ്ക്ക് സമാധാനത്തിനായി പ്രാര്‍ത്ഥിക്കാന്‍ ക്ഷണിച്ചതും, സിറിയയിലെയും ഇറാക്കിലെയും ആയുധവ്യാപാരികളെ യോര്‍ദ്ദാന്‍ തീരത്തുവച്ച് മാനസാന്തരത്തിനായി ക്ഷണിച്ചതുമെല്ലാം പാപ്പാ ഫ്രാന്‍സിസിന്‍റെ വിശുദ്ധനാടു തീര്‍ത്ഥാടനത്തിലെ മറക്കാനാവത്തതും, സമാധാനത്തിന്‍റെ പാതയില്‍ പ്രത്യാശ പകരുന്നതുമായ സംഭവങ്ങളാണെന്ന്, പാപ്പായുടെ കൂടെ വിശുദ്ധനാടു തീര്‍ത്ഥാടനത്തില്‍ പങ്കെടുത്ത കര്‍ദ്ദിനാള്‍ കോഹ് അഭിപ്രായപ്പെട്ടു.

വിശുദ്ധകുടീരത്തില്‍വച്ച് കിഴക്കിന്‍റെ പാത്രിയാര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമനുമായി നടന്ന കൂടിക്കാഴ്ചയും, ആശ്ലേഷവും, സംയുക്ത പ്രസ്താവനയിലുള്ള ഒപ്പുവയ്ക്കലുമെല്ലാം സഭൈക്യസ്വപ്നങ്ങള്‍ മെല്ലെ പൂവണിയും എന്നതിനും തെളിവാണെന്ന് കര്‍ദ്ദിനാള്‍ കോഹ് പ്രസ്താവിച്ചു.

നൂറ്റാണ്ടുകളായി ശത്രുതയിലായിരുന്നവര്‍ ഒരുമിച്ചു പ്രാര്‍ത്ഥിച്ചതും സഭയുടെ പ്രഭവസ്ഥാനമായ cennacle, അന്ത്യത്താഴ വിരുന്നു ശാലയില്‍ ഒത്തുചേര്‍ന്നതും പാപ്പാ ഫ്രാന്‍സിസിന്‍റെ സഭൈക്യപരിശ്രമങ്ങള്‍ക്ക് ഫലപ്രാപ്തിയും, സമാധാനത്തിന്‍റെ മേഖലയില്‍ ലോകത്തിന് പ്രത്യാശ പകര്‍ന്ന സംഭവങ്ങളായിരുന്നെന്ന് കര്‍ദ്ദിനാള്‍ കോഹ് വിശേഷിപ്പിച്ചു.

റാബായ് അബ്രാഹം സ്ക്കോര്‍ക്കാ, ഇസ്ലാം പണ്ഡിതന്‍ ഒമര്‍ അബൂദ് എന്നീ രണ്ട് അര്‍ജന്‍റീനിയന്‍ കൂട്ടുകാരെ വിശുദ്ധനാട് തീര്‍ത്ഥാടനത്തില്‍ പാപ്പാ സഹയാത്രികരാക്കിയതും, മൂവ്വരും ആശ്ലേഷിച്ചുകൊണ്ട് സമാധനത്തിന്‍റെ പ്രത്യാശയില്‍ കണ്ണീരണിഞ്ഞതും പ്രതിസന്ധികള്‍ക്കു മദ്ധ്യേയും വിശുദ്ധനാട്ടില്‍ സമാധാനം വളര്‍ത്തുവാനുള്ള ശക്തമായ അടയാളങ്ങളായിരുന്നുവെന്ന്, കര്‍ദ്ദിനാള്‍ കോഹ് വത്തിക്കാന്‍ റോഡിയോയ്ക്കു നല്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.








All the contents on this site are copyrighted ©.