2014-05-28 18:46:31

തീര്‍ത്ഥാടനത്തിലെ
സംതൃപ്തിയുടെ സന്ദേശം


28 മെയ് 2014, വത്തിക്കാന്‍
മടക്കയാത്രയില്‍ രാഷ്ട്രത്തലവന്മാര്‍ക്ക് പാപ്പാ ഫ്രാന്‍സിസ് ആശംസകളര്‍പ്പിച്ചു.
മെയ് 26-ാം തിയതി തിങ്കളാഴ്ച വൈകുന്നേരം വിശുദ്ധനാട്ടിലെ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി വത്തിക്കാനിലേയ്ക്കു മടങ്ങവെ സഞ്ചാരപഥത്തിലുള്ള സൈപ്രസ്, നിക്കോസിയ, ഗ്രീസ്, എതെന്‍സ്, അല്‍ബേനിയ, തിരാനാ, ഇറ്റലി എന്നീ രാജ്യങ്ങളുടെ വ്യോമാര്‍ത്തി കടക്കവെയാണ് പാപ്പാ രാഷ്ട്രത്തലവന്മാരെ അഭിവാദ്യംചെയ്തത്.

Tel Aviv-ല്‍നിന്നും ഇസ്രായേലിന്‍റെ പ്രത്യേക B777 വിമാനത്തില്‍ യാത്രതിരിച്ച പാപ്പാ ഫ്രാന്‍സിസ് പ്രാദേശിക സമയം രാത്രി 11 മണിക്ക് വിമാനമിറങ്ങുന്നതിന് മുന്‍പ് ഇറ്റാലിയന്‍ പ്രസിഡന്‍റ് ജോര്‍ജ്ജിയോ നെപ്പോളിത്താനോയ്ക്ക് സന്ദേശമയച്ചു. വിവിധ മതങ്ങളെയും സമൂഹങ്ങളെയും തമ്മില്‍ അനുരജ്ഞനത്തിന്‍റെയും സമാധാനത്തിന്‍റെയും പാതയില്‍ കൂട്ടിയിണക്കാനുള്ള പരിശ്രമത്തിന്‍റെ തീര്‍ത്ഥാടനം ശുഭകരമായി പരിയവസാനിച്ചതായിട്ടാണ് പാപ്പാ സന്ദേശത്തിലുടെ രാഷ്ട്രത്തലവന്മാരെ അറിയിച്ചത്.

മെയ് 24-ാം തിയതി ശനിയാഴ്ച രാവിലെ ആരംഭിച്ച പാപ്പായുടെ വിശുദ്ധനാടു തീര്‍ത്ഥാടനം ഇടതോരാത്ത പരിപാടികളുമായി ജോര്‍ദ്ദാന്‍, പലസ്തീന, ഇസ്രായേല്‍ എന്നീ മൂന്നു രാജ്യങ്ങള്‍ കടന്നുള്ളതായിരുന്നു. ശനി, ഞായര്‍, തിങ്കള്‍ എന്നീ മൂന്നു ദിവസങ്ങളില്‍ ക്രിസ്തുവിന്‍റെ പാദസ്പര്‍ശമേറ്റ ജോര്‍ദ്ദാന്‍, ബഥനി, ബെതലേഹം, പലസ്തീന, ജരൂസലേമിലെ വിശുദ്ധസ്ഥലങ്ങള്‍, തിരുവത്താഴമുറി, ഗദ്സേമിനി, വിശുദ്ധകുടീരം എന്നിവിടങ്ങള്‍ പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിച്ചു. വിവിധ മതസ്ഥര്‍ തമ്മില്‍ ചരിത്രപരമായി ഉയര്‍ന്നിരിക്കുന്ന ഭിന്നിപ്പുകളാല്‍ കീറിമുറിക്കപ്പെട്ട വിശുദ്ധനാട്ടില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും പ്രത്യാശ പകരുന്നതായിരുന്നു.








All the contents on this site are copyrighted ©.