2014-05-28 19:36:41

തിരുവത്താഴത്തിന്‍റെ വിരുന്നുശാല
സകലര്‍ക്കുമായി തുറക്കപ്പെടണം


28 മെയ് 2014, ജരൂസലേം
തിരുവത്താഴത്തിന്‍റെ വിരുന്നുശാല പൊതുപ്രാര്‍ത്ഥനാലയം ആക്കണമെന്ന്
പാപ്പാ ഫ്രാന്‍സിസ് അഭ്യര്‍ത്ഥിച്ചു.

ശിഷ്യന്മാരോടൊപ്പം ക്രിസ്തു അന്ത്യത്താഴം കഴിക്കുകയും പരിശുദ്ധകുര്‍ബ്ബാന സ്ഥാപിക്കുകയുംചെയ്ത ജരൂസലേമിലെ പൂജ്യമായ മന്ദിരം ക്രൈസ്തവര്‍ക്കു മാത്രമായിട്ടല്ല, സകലര്‍ക്കുമായി തുറക്കപ്പെടണമെന്ന് മെയ് 26-ാം തിയതി തിങ്കളാഴ്ച വൈകുന്നേരം അവിടെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയുള്ള വചനപ്രഘോഷണത്തില്‍ പാപ്പാ അഭ്യര്‍ത്ഥിച്ചു.

അന്ത്യത്താഴ വിരുന്നുശാല ഇസ്രായേലി അധീനത്തിലാകയാല്‍ അവിടെ ക്രൈസ്തവര്‍ക്കോ മറ്റുമതസ്ഥര്‍ക്കോ പ്രവേശനമില്ലാത്ത അവസ്ഥയിലാണ് പാപ്പാ ഈ പൊതുഅഭ്യര്‍ത്ഥന നടത്തിയത്.
ക്രിസ്തുവിന്‍റെ രക്ഷാകര പദ്ധതിയുമായി കണ്ണിചേര്‍ന്നിരിക്കുന്ന തിരുവത്താഴ വിരുന്നു ശാലയോട് ക്രൈസ്തവര്‍ക്കുള്ള ആത്മബന്ധവും അവകാശവും പാപ്പാ പ്രഭാഷണത്തില്‍ അടിവരിയിട്ടു പ്രസ്താവിച്ചു.

വിശുദ്ധ നാട്ടിലെ മെത്രാന്‍ സംഘത്തോടൊപ്പം അന്ത്യത്താഴ വിരുന്നുശാലയില്‍ ദിവ്യബലിയര്‍പ്പിക്കാന്‍ ലഭിച്ച അവസരവും, കിഴക്കിന്‍റെ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍റെയും പ്രതിനിധി സംഘത്തിന്‍റെയും സാന്നിദ്ധ്യവും താന്‍ ലക്ഷൃംവയ്ക്കുന്ന സഭൈക്യകൂട്ടായ്മയുടെയും വിശ്വസാഹോദര്യത്തിന്‍റെയും പ്രതീകമായി കരുതുന്നുവെന്നും
പാപ്പാ കൂട്ടിച്ചേര്‍ത്തു.

സേവനം, സാഹോദര്യം സഭാകൂട്ടായ്മ എന്നീ പദങ്ങള്‍കൊണ്ടാണ് ശിഷ്യന്മാരൊത്ത് ജരൂസലേമില്‍ ക്രിസ്തു അന്ത്യത്താഴം കഴിച്ച മേല്‍മുറിയുടെ പ്രാധാന്യത്തെക്കുറിച്ച് വിശുദ്ധനാടു തീര്‍ത്ഥാടനമദ്ധ്യേ പാപ്പാ ഫ്രാന്‍സിസ് വിവരിച്ചത്.

ക്രിസ്തു പരിശുദ്ധകുര്‍ബ്ബാന സ്ഥാപിച്ച വേദിയാണിത്. എന്നാല്‍ ഇന്ന് ആര്‍ക്കും ഇവിടെ ബലിയര്‍പ്പിക്കാന്‍ അനുവാദമില്ല എന്ന സത്യം പാപ്പാ ഖേദപൂര്‍വ്വം വെളിപ്പെടുത്തി.

ഈ വേദി ലോകത്തുള്ള ക്രൈസ്തവര്‍ക്കു മാത്രമായിട്ടല്ല, സകലര്‍ക്കുമായി തുറക്കപ്പെടേണ്ടതാണെന്ന് പാപ്പാ അടിവരയിട്ടു പ്രസ്താവിച്ചു. പരസ്പരം സാഹോദര്യത്തില്‍ കാലുകഴുകുകയും, തുണയ്ക്കുകയും ചെയ്യുന്നതും, എളിയവരുടെ പക്ഷംചേരുന്നതുമായ സേവനജീവിതമാണ് ക്രിസ്തു ഇവിടെ തന്‍റെ ശിഷ്യന്മാരെ പഠിപ്പിച്ചത്. അന്ത്യത്താഴവിരുന്നില്‍ ക്രിസ്തു വെളിപ്പെടുത്തിയ വിനയത്തിന്‍റെ മാതൃകയെക്കുറിച്ച് വചനസമീക്ഷയില്‍ പാപ്പാ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. അത് പാവങ്ങളെയും അംഗവൈകല്യമുള്ളവരെയും സമൂഹത്തില്‍ ശുശ്രൂഷിക്കുന്നതാണെന്നും പാപ്പാ വചനചിന്തയില്‍ വിവരിച്ചു.








All the contents on this site are copyrighted ©.