2014-05-27 17:07:38

മാധ്യമ പ്രവർത്തകരുമായി മാർപാപ്പായുടെ സുദീർഘ അഭിമുഖം


27 മെയ് 2014,
തിരക്കേറിയ മൂന്ന് ദിവസത്തെ വിശുദ്ധനാട് സന്ദർശനത്തിന്‍റെ മടക്കയാത്രയിൽ പാപ്പാ ഫ്രാൻസിസ് മാധ്യമപ്രവർത്തകരുമായി സുദീർഘമായ സംഭാഷണം നടത്തി. വിശുദ്ധനാട് സന്ദർശനത്തെക്കുറിച്ച് ആരാഞ്ഞുകൊണ്ടാണ് പത്രപ്രവർത്തകർ ചോദ്യങ്ങളാരംഭിച്ചതെങ്കിലും ഇസ്രയേൽ - പലസ്തീൻ രാഷ്ട്രീയ നിലപാടുകൾ, റോമൻ കൂരിയാ പരിഷ്കരണം, വൈദികരുടെ ബാലപീഡനം, അടുത്ത സിനഡ് സമ്മേളനങ്ങൾ, ഏഷ്യൻ പര്യടനം, പാപ്പായുടെ രാജി സാധ്യത എന്നിങ്ങനെ വിവിധ വിഷയങ്ങളിലേക്ക് പിന്നീടത് നീണ്ടു. ഒരു ചോദ്യത്തിനും പാപ്പ ഉത്തരം നിഷേധിച്ചില്ല. വ്യക്തവും ലളിതവുമായിരുന്നു പാപ്പായുടെ ഉത്തരങ്ങൾ.

ഇസ്രയേൽ - പലസ്തീൻ:
ഇസ്രയേൽ പ്രസിഡന്‍റ് ഷിമോൺ പേരെസിനേയും, പലസ്തീൻ പ്രസിഡന്‍റ് മഹമൂദ് അബ്ബാസിനേയും വത്തിക്കാനിലേക്ക് ക്ഷണിച്ചിരിക്കുന്നത് മധ്യസ്ഥ ചർച്ചയ്ക്കല്ല, ഒരുമിച്ച് പ്രാർത്ഥിക്കാനാണ് എന്ന് പാപ്പ വിശദീകരിച്ചു. ജറുസലേം നഗരത്തെക്കുറിച്ച് പാപ്പായുടെ കാഴ്ച്ചപ്പാട് തികച്ചും ആദ്ധ്യാത്മികമാണ്. സമാധാനത്തിന്‍റെ നഗരമായിരിക്കണം ജറുസലേം, മൂന്ന് മതസ്ഥർക്കും സമാധാനത്തോടെ കഴിയാൻ സാധിക്കുന്നിടം.

സഭൈക്യം:
ഫ്രാൻസിസ് മാർപാപ്പയും എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തോലോമെയോ പ്രഥമനും സഭൈക്യത്തെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. ഒരുമിച്ചുള്ള സഞ്ചാരത്തിന്‍റെ ഫലമായി ക്രമേണ ഉടലെടുക്കുന്നതാണ് സഭൈക്യം. ഒരൊറ്റ ദൈവശാസ്ത്ര സമ്മേളനത്തിലൂടെ സഭൈക്യം ഉണ്ടാക്കിയെടുക്കാനാവില്ല. ഒരുമിച്ച് സഞ്ചരിച്ചും, ഒന്നിച്ച് പ്രാർത്ഥിച്ചും, സഹകരിച്ച് ജീവിച്ചുമാണ് സഭൈക്യം വളർത്തിയെടുക്കേണ്ടത്. അതിന് ചില മാറ്റങ്ങൾ അനിവാര്യമാണ്. ഉദാഹരണത്തിന്, ക്രിസ്തുവിന്‍റെ ഉയിർപ്പ് തിരുന്നാൾ കത്തോലിക്കർക്കും ഓർത്തഡോക്സ് ക്രൈസ്തവർക്കും ഒരുമിച്ച് ആഘോഷിക്കാൻ സാധിക്കണം.
(“നിന്‍റെ ക്രിസ്തു എപ്പോഴാണ് ഉയിർത്തെഴുന്നേൽക്കുക”? “അടുത്ത ആഴ്ച്ച!” “എന്‍റെ ക്രിസ്തു കഴിഞ്ഞ ആഴ്ച്ച ഉയിർത്തെഴുന്നേറ്റു”! ഇങ്ങനെ പറയുന്ന അവസ്ഥ അപഹാസ്യമാണെന്ന് പാപ്പ പറഞ്ഞു.)
മാർപാപ്പയും പാത്രിയാർക്കീസും മുൻതൂക്കം നൽകുന്ന മറ്റൊരു മേഖല പരിസ്ഥിതി സംരക്ഷണമാണെന്നും പാപ്പ വെളിപ്പെടുത്തി.

ബാല പീഡനം:

വൈദികരുടെ ലൈംഗിക പീഡനം ‘ക്രിസ്തുവിന്‍റെ ശരീരത്തെ വഞ്ചിക്കുന്നതിന്’ തുല്യമാണെന്ന് പാപ്പ പ്രസ്താവിച്ചു. സാത്താൻ പൂജ നടത്തുന്നതിന് സമാനമാണത്. ഈ തെറ്റു ചെയ്യുന്നവർക്കെതിരേ നിർദാക്ഷിണ്യം നടപടിയെടുക്കും. കുറ്റം ചെയ്തവർ യാതൊരുവിധ ആനുകൂല്യങ്ങളും പ്രതീക്ഷിക്കേണ്ടതില്ല.
പീഡനത്തിന് ഇരയായ ഏഴെട്ടു വ്യക്തികളെ വത്തിക്കാനിലെ സാന്താ മാർത്താ മന്ദിരത്തിൽ പ.കുർബ്ബാനയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്നും പാപ്പ വെളിപ്പെടുത്തി. പ.കുർബ്ബാനയ്ക്കു ശേഷം പാപ്പ അവരോട് വ്യക്തിപരമായി സംസാരിക്കും.

റോമൻ കൂരിയായുടെ പരിഷ്ക്കരണം:
റോമൻ കൂരിയായുടെ പരിഷ്ക്കരണ നടപടികൾ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു. കാര്യാലയങ്ങളുടെ ഘടന കുറേക്കൂടി ലളിതമാക്കാനുണ്ട്. ഉദാഹരണത്തിന്, ചില കാര്യാലയങ്ങളെ ലയിപ്പിക്കാവുന്നതാണ്. റോമൻ കൂരിയായുടെ പുനർക്രമീകരണവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പാപ്പായുടെ ഔദ്യോഗിക ഉപദേശക സമിതിയുടെ (എട്ടംഗ കർദിനാൾ സംഘം) ജൂലൈ, സെപ്തംബർ മാസങ്ങളിൽ നടക്കുന്ന സമ്മേളനങ്ങളിൽ ചർച്ച ചെയ്യും. സാമ്പത്തിക കാര്യാലയത്തിന്‍റെ പുനർക്രമീകരണം വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു. സാമ്പത്തിക കാര്യങ്ങളിൽ സത്യസന്ധതയും സുതാര്യതയും അത്യന്താപേഷിതമാണ്. ഇടർച്ചകൾ ഇനിയുണ്ടാകില്ലെന്നു പറയുന്നില്ല, നമ്മൾ മനുഷ്യരാണ്. വീഴ്ച്ചകളുണ്ടായേക്കാം. എന്നാൽ, വീഴ്ച്ചകൾ കഴിയുന്നത്ര കുറച്ചുകൊണ്ടുവരാൻ പരിശ്രമിക്കുന്നുണ്ട്.
സഭ നിരന്തരം നവീകരിക്കപ്പെടേണ്ടിയിരിക്കുന്നു എന്നാണല്ലോ സഭാ പിതാക്കൻമാർ പറഞ്ഞിരിക്കുന്നത്. പാപികളും ബലഹീനരുമായ നാമോരോരുത്തരും അനുദിനം സഭയെ നവീകരിക്കാൻ കടപ്പെട്ടിരിക്കുന്നവരാണ്.
വത്തിക്കാൻ ബാങ്കിന്‍റെ (Istituto per le Opere di Religione – IOR) പ്രവർത്തനവും മെച്ചപ്പെടുന്നുണ്ട്. ബാങ്കിലുണ്ടായിരുന്ന നൂറുകണക്കിന് അനധികൃത അക്കൗണ്ടുകൾ മരവിപ്പിച്ചു കഴിഞ്ഞു. സഭാ സേവനമാണ് വത്തിക്കാൻ ബാങ്കിന്‍റെ ചുമതലയെന്ന് പാപ്പ ഓർമ്മിപ്പിച്ചു.

സിനഡ് സമ്മേളനങ്ങൾ:
സിനഡ് സമ്മേളനങ്ങൾക്ക് നല്ല ഒരുക്കം നടക്കുന്നുണ്ട്. നിർണ്ണായ പ്രാധാന്യമുള്ള വിഷയമാണ് കുടുംബ പ്രേഷിതത്വം. അതേസമയം, വിവാഹ മോചനം നേടിയവരുടെ പരിശുദ്ധ കുർബ്ബാന സ്വീകരണവും, പുനർവിവാഹവും മാത്രമല്ല കുടുംബ അജപാലന രംഗത്തെ പ്രശ്നങ്ങൾ. സഭാംഗങ്ങളിൽ ചിലർ പോലും ഈ വിഷയത്തിന് അമിത പ്രാധാന്യം നൽകുന്നത് ഖേദകരമാണ്. വിവാഹ മോചിതർക്ക് സഭ മുടക്ക് കൽപ്പിച്ചിട്ടില്ല, പക്ഷേ, മുടക്കു കൽപ്പിക്കപ്പെട്ടവരോടെന്ന പോലെയാണ് പലപ്പോഴും സഭാംഗങ്ങൾ അവരോട് പെരുമാറുന്നത്. അതിന് മാറ്റം വരേണ്ടിയിരിക്കുന്നുവെന്ന് പാപ്പ പ്രസ്താവിച്ചു.

വൈദികരുടെ ബ്രഹ്മചര്യം:
വൈദികരുടെ ബ്രഹ്മചര്യം സഭയ്ക്കു ലഭിച്ചിരിക്കുന്ന വലിയൊരു ദാനമാണ്. ആദരണീയമായ ജീവിത നിഷ്ഠയാണത്. പക്ഷേ, അതൊരു വിശ്വാസ സത്യമല്ലാത്തതിനാൽ (dogma) ഇക്കാര്യത്തിൽ പുനരാലോചനയ്ക്ക് സാധ്യതയുണ്ട്. കൂടാതെ, പൗരസ്ത്യ കത്തോലിക്കാ സഭകളിൽ വിവാഹിതരായ പുരോഹിതരുണ്ട് എന്നതും ഒരു യാഥാർത്ഥ്യമാണ്.

ഏഷ്യയിലേക്ക് അപ്പസ്തോലിക പര്യടനം:

ഇക്കൊല്ലം ഓഗസ്റ്റ് മാസത്തിൽ കൊറിയയും, അടുത്തക്കൊല്ലം ജനുവരി മാസത്തിൽ ശ്രീലങ്കയും ഫിലിപ്പീൻസും സന്ദർശിക്കാൻ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.


പേപ്പൽ സ്ഥാനത്യാഗം:

മാർപാപ്പ സ്ഥാനത്യാഗം ചെയ്യാൻ സാധ്യതയുണ്ടോ? കർത്താവ് ആവശ്യപ്പെടുന്നതെന്താണോ അത് താൻ നിറവേറ്റും എന്ന് പാപ്പ മറുപടി നൽകി. പ്രാർത്ഥിക്കുക, ദൈവഹിതം നിറവേറ്റുക അതാണ് പ്രധാനം.
വിനയാന്വിതനും, വിശ്വാസത്തിന്‍റെ നേർസാക്ഷ്യവുമായ ബെനഡിക്ട് പാപ്പ, തന്‍റെ ആരോഗ്യം ക്ഷയിച്ചു കഴിഞ്ഞു എന്ന് തിരിച്ചറിഞ്ഞപ്പോൾ സത്യസന്ധമായി എടുത്ത തീരുമാനമാണ് അദ്ദേഹത്തിന്‍റെ സ്ഥാനത്യാഗം. ഏഴ് പതിറ്റാണ്ടുകൾക്ക് മുൻപ് വിശ്രമ ജീവിതം നയിക്കുന്ന മെത്രാൻമാർ (Bishop Emeritus) ഉണ്ടായിരുന്നില്ല. ഇനി, മാർപ്പമാരുടെ വിശ്രമ ജീവിതം എങ്ങനെയായിരിക്കും? അതിനുള്ള സാധ്യത തുറന്നിട്ട ബെനഡിക്ട് പാപ്പായുടെ മാതൃക നാം നിരീക്ഷിക്കേണ്ടിയിരിക്കുന്നു. സ്ഥാനത്യാഗം സാധ്യമാണ്. സ്ഥാനത്യാഗം ചെയ്യുന്ന മാർപാപ്പമാർ ഇനിയും ഉണ്ടായേക്കാം. അത് ദൈവത്തിനു മാത്രമേ അറിയൂ. റോമാ രൂപതയുടെ മെത്രാന് തന്‍റെ ശക്തി ക്ഷയിക്കുന്നതായി അനുഭവപ്പെടുകയാണെങ്കിൽ, ബെനഡിക്ട് പാപ്പ ചെയ്തതുപോലെ അദ്ദേഹം ദൈവഹിതം ആരായണം എന്നാണ് തന്‍റെ അഭിപ്രായമെന്ന് ഫ്രാൻസിസ് പാപ്പ വ്യക്തമാക്കി.







All the contents on this site are copyrighted ©.