2014-05-27 17:04:51

ദിദീമോസ് പ്രഥൻ വലിയ ബാവ സഭാചരിത്രത്തിലെ മാതൃകാ വ്യക്തിത്വം: കർദിനാൾ ആലഞ്ചേരി


27 മെയ് 2014, കൊച്ചി
കേരള ക്രൈസ്തവ സഭാചരിത്രത്തിലെ മാതൃകാവ്യക്തിത്വമെന്ന നിലയില്‍, മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മെത്രാപ്പോലീത്തയും പൗരസ്ത്യ കാതോലിക്കയുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ ദിദീമോസ് പ്രഥമന്‍ വലിയ ബാവ എക്കാലവും സ്മരിക്കപ്പെടുമെന്നു സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

ക്രൈസ്തവ വിജ്ഞാനീയത്തിലും ആധ്യാത്മികതയിലും ആഴമായ അറിവും അനുഭവവും സ്വന്തമാക്കിയിരുന്ന വലിയ ബാവായുടെ ധ്യാനപ്രസംഗങ്ങൾ സഭയ്ക്കു മുഴുവൻ വലിയ മുതൽക്കൂട്ടാണ്. അറിയപ്പെടുന്ന ധ്യാനഗുരു എന്ന നിലയിൽ ആധ്യാത്മിക ശുശ്രൂഷയിൽ അദ്ദേഹത്തിന്‍റെ സംഭാവന വിലപ്പെട്ടതായിരുന്നു. ബഹുഭാഷാപണ്ഡിതനും അധ്യാപകനുമായിരുന്ന അദ്ദേഹം നിരവധി ശിഷ്യഗണങ്ങളെ നേടുകയും നയിക്കുകയും ചെയ്തു.
മലങ്കര സുറിയാനി ക്രിസ്ത്യൻ അസോസിയേഷൻ അഞ്ചുതവണ വിളിച്ചുകൂട്ടിയതിലൂടെ സഭാ ശുശ്രൂഷയിലുള്ള അദ്ദേഹത്തിന്‍റെ തീക്ഷണതയാണ് വെളിവാക്കപ്പെട്ടത്. അദ്ദേഹത്തിന്‍റെ വിയോഗം മൂലം ഭാരത്തിലെ ക്രൈസ്തവ സമൂഹം ദുഃഖിക്കുന്നു. ദിദീമോസ് പ്രഥമൻ വലിയ ബാവായുടെ വിയോഗത്തിൽ വേദനിക്കുന്ന മലങ്കര സുറിയാനി സഭയിലെ ഏവരോടും അനുശോചനം അറിയിക്കുകയും അദ്ദേഹത്തിന്‍റെ ആത്മശാന്തിക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നതായി കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അനുശോചന സന്ദേശത്തിൽ അറിയിച്ചു.







All the contents on this site are copyrighted ©.