2014-05-26 16:56:46

സഹനവും വേദനയും തൊട്ടറിയുന്ന പേപ്പൽ ശൈലി


26 മെയ് 2014, വെസ്റ്റ്ബാങ്ക്
വ്യക്തികളുടെ സഹനവും വേദനയും സ്പർശിച്ചറിയുന്ന മാർപാപ്പായുടെ ശൈലിയെക്കുറിച്ച് വത്തിക്കാൻ വക്താവ് ഫാ.ഫെദറിക്കോ ലൊംബാർദി. ഇസ്രയേലിനേയും പലസ്തീനിനേയും വേർതിരിക്കുന്ന കോൺക്രീറ്റ് മതിൽ സന്ദർശിച്ച പാപ്പ, മതിലിൽ തലചായ്ച്ച് പ്രാർത്ഥിച്ചതിനെക്കുറിച്ച് മാധ്യമ പ്രവർത്തകരോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഔദ്യോഗിക പരിപാടികളിൽ ഇല്ലാതിരുന്ന ഒരു കാര്യമാണത്. പാപ്പായുടെ നീക്കം തികച്ചും അപ്രതീക്ഷിതമായിരുന്നു. അതേസമയം, പ്രാർത്ഥിച്ചും ധ്യാനിച്ചും തീരുമാനങ്ങളെടുക്കുന്നതാണ് പാപ്പായുടെ ശൈലി. അതിനാൽ പ്രാർത്ഥിച്ചൊരുങ്ങി തന്നെയാണ് പാപ്പ ഈ തീരുമാനവും എടുത്തിരിക്കുക എന്ന് ഫാ.ലൊംബാർദി അഭിപ്രായപ്പെട്ടു.

യാഥാർത്ഥ്യം തൊട്ടറിയുന്നത് ഫ്രാൻസിസ് പാപ്പായുടെ ശൈലിയാണ്. മനുഷ്യസഹനത്തിന്‍റെ മൂർത്തരൂപമായ ഈ കോൺക്രീറ്റ് മതിൽ വലിയൊരു യാഥാർത്ഥ്യം തന്നെയാണ്. ഇവിടെ സമാധാനമില്ലെന്ന് അത് വിളിച്ചോതുന്നു. വിഭജനത്തിന്‍റെ മതിൽ സന്ദർശിച്ചുകൊണ്, ഈ ലോകത്തിലെ വേദനയിലും സഹനത്തിലും താൻ പങ്കുചേരുന്നു എന്ന സന്ദേശം നൽകുകയാണ് പാപ്പ. ആ മതിലിനരികിൽ മൗനമായി പ്രാർത്ഥിച്ച പാപ്പ തന്നോടൊത്തു പ്രാർത്ഥിക്കാൻ നാമെല്ലാവരേയും ക്ഷണിക്കുകയാണെന്നും ഫാ.ലൊംബാർദി അഭിപ്രായപ്പെട്ടു.







All the contents on this site are copyrighted ©.