2014-05-26 18:30:30

ജീവിതായനത്തില്‍ മതങ്ങള്‍
സ്നേഹസാക്ഷൃമേകണമെന്ന് പാപ്പാ


26 മെയ് 2014, ജരൂസലേം
പാപ്പാ ഫ്രാന്‍സിസിന്‍റെ വിശുദ്ധനാടു തീര്‍ത്ഥാടനത്തിന്‍റെ മൂന്നാം ദിവസം ആരംഭിച്ചത്, ജരൂസലേം പഴയനഗരത്തിലെ ഇസ്ലാമിക കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടാണ്. ചരിത്രപുരതനമായ Temple Mount-ഉം Dome of the Rock –ഉം സന്ദര്‍ശിച്ച പാപ്പാ മുസ്ലീം പണ്ഡിതപ്രമുഖന്‍ മുഹമ്മദ് അഹമ്മദ് ഹുസൈനും സംഘവുമായി കൂടിക്കാഴ്ച നടത്തി. ഇസ്ലാം സഹോദരങ്ങള്‍ക്ക് പാപ്പാ നല്കിയ പ്രഭാഷണത്തിന്‍റെ പരിഭാഷ താഴെ ചേര്‍ക്കുന്നു :
...........................
ഇസ്ലാം സഹോദരങ്ങളുമായി ഈ വിശുദ്ധസ്ഥലത്തുവച്ചുള്ള കൂടിക്കാഴ്ച ഹ്രസ്വമെങ്കിലും ഞാന്‍ അതീവ കൃതാര്‍ത്ഥനാണ്. എന്നെ ഇവിടേയ്ക്കു ക്ഷണിച്ച മഹാമഫ്തി, മുഹമ്മദ് അഹമ്മദ് ഹുസൈന്‍റെയും ഇവിടത്തെ പരമോന്നത ഇസ്ലാമിക സമിതിയുടെയും മഹാമനസ്ക്കതയ്ക്ക് പ്രത്യേകം നന്ദിയര്‍പ്പിക്കുന്നു. 50 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെ എത്തിയ എന്‍റെ മുന്‍ഗാമി, പോള്‍ ആറാമന്‍ പാപ്പായെ അനുസ്മരിച്ചുകൊണ്ട് ക്രിസ്തുവിന്‍റെ പാദസ്പര്‍ശമേറ്റ വിശുദ്ധനാട്ടിലേയ്ക്ക് തീര്‍ത്ഥാടകനായി വരണമെന്നത് എന്‍റെ അതിയായ ആഗ്രഹമായിരുന്നു. ഇവിടത്തെ വിവിധ മതസമൂഹങ്ങളെ, വിശിഷ്യ ഇസ്ലാം സഹോദരങ്ങളെ സന്ദര്‍ശിക്കാതെയുള്ള തീര്‍ത്ഥാടനം പൂര്‍ണ്ണമാവില്ലെന്നും എനിക്കറിയാം.

ഈ ഭൂപ്രദേശത്ത് തീര്‍ത്ഥാടകനായിരുന്ന പൂവ്വപിതാവായ അബ്രഹാമിന്‍റെ രൂപമാണ് എന്‍റെ മനസ്സിലിപ്പോള്‍ തെളിഞ്ഞുനില്ക്കുന്നത്. വ്യത്യസ്ത തലങ്ങളിലാണെങ്കിലും, മുസ്ലീങ്ങളും ക്രിസ്ത്യാനികളും യഹൂദരും വിശ്വാസത്തിന്‍റെ പിതാവായും മാതൃകയായും അബ്രാഹത്തെ അംഗീകരിക്കുന്നുണ്ട്. ആത്മീയനേതൃത്വത്തിനായുള്ള ദൈവത്തിന്‍റെ വിളി ജീവിതത്തില്‍ ശ്രവിച്ച അബ്രാഹം സ്വന്തം ജനത്തെയും, നാടും വീടും വിട്ട് ഉടനെ ഇറങ്ങിപ്പുറപ്പെട്ടു.

തീര്‍ത്ഥാടകന്‍ ദരിദ്രനാണ്. എല്ലാം മറന്ന് ലക്ഷൃപ്രാപ്തിക്കായി മുന്നേറുന്നവനാണ്. വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും എന്ന പ്രത്യാശയിലാണ് അവന്‍ യാത്രതുടരുന്നത്. അബ്രാഹത്തിന്‍റെ ഈ അവസ്ഥ ഇന്ന് നമ്മുടെ ആത്മീയ മനോഭാവമായിത്തീരട്ടെ. ജീവിതത്തില്‍ എല്ലാം തികഞ്ഞവരും പരിപൂര്‍ണ്ണരുമാണ് നാമെന്നു കരുതരുത്. നമ്മുടെ മാത്രം മതാത്മക ബോധ്യങ്ങളില്‍ സുരക്ഷിതരാണെന്ന അടഞ്ഞ മനസ്ഥിതിയോടെ ജീവിക്കുന്നതും ശരിയല്ല.

ദൈവികരഹസ്യങ്ങള്‍ക്കു മുന്നില്‍ നാം ആരുമല്ല, നമ്മള്‍ നിസ്സാരന്മാരാണ്, ദരിദ്രരാണ്. അബ്രാഹത്തെപ്പോലെ, നാം ശ്രവിച്ച വിശ്വാസത്തിന്‍റെ വിളിയോട് അനുസരണയുള്ളവരായും, ദൈവം ഒരുക്കിയിരിക്കുന്ന ഭാവിയോട് തുറവുള്ളവരായും ജീവിക്കണമെന്നതാണ് ദൈവത്തിന്‍റെ അഭീഷ്ടം.
ജീവിതയാത്രയില്‍ നാം ഒറ്റയ്ക്കല്ല : നമ്മുടെ സഹോദരങ്ങള്‍ക്കൊപ്പമാണ് ജീവിതായനം. യാത്രാമദ്ധ്യേ നാം നമ്മുടെ സഹോദരങ്ങളെ തുണയ്ക്കണം. ലക്ഷൃത്തിലേയ്ക്കുള്ള പ്രയാണത്തില്‍ ഉറപ്പുനല്കുവാനും പിന്‍തുണയ്ക്കുവാനും തീര്‍ത്ഥാടകന് നാം ഇടം നല്കാറില്ലേ. അതുപോലെ എന്‍റെ തീര്‍ത്ഥാടനത്തിനിടയിലെ വിശ്രമസ്ഥാനത്തു ലഭിച്ച ഹൃദ്യവും സന്തോഷദായകവുമായ കൂടിക്കാഴ്ചയാണിത്. സാഹോദര്യത്തിന്‍റെ സംവാദവും പരസ്പര ധാരണയുംവഴി പൊതുവായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും മറികടക്കുന്നതിനുമുള്ള നവമായ കരുത്തും കഴിവും ഇതുവഴി ലഭിക്കുമെന്നതില്‍ സംശയമില്ല.
നീതിക്കായുള്ള ദൈവത്തിന്‍റെ വിളിയായിരുന്നു അബ്രാത്തിന്‍റെ തീര്‍ത്ഥാടനം. ദൈവിക നന്മയുടെയും സ്നേഹത്തിന്‍റെയും സാക്ഷിയാകണമെന്നത് അബ്രാഹത്തിന്‍റെ വിളിയുടെ ഭാഗമായിരുന്നു. അതുപോലെ നാമും ദൈവസ്നേഹത്തിന്‍റെ സാക്ഷികളാകേണ്ടവരാണ്. നമ്മുടെ നാം സമാധാനത്തിന്‍റെയും നീതിയുടെയും സംവാഹകരാണെന്ന വസ്തുത ഈ കൂടിക്കാഴ്ചയില്‍ പ്രതിഫലിക്കട്ടെ. അതിനാല്‍ കാരുണ്യത്തിന്‍റെയും മഹാമനസ്കതയുടെയും ഔദാര്യത്തിന്‍റെയും ദാനങ്ങള്‍ തരണമേ, എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

പിതാവായ അബ്രാഹത്തോട് ഐക്യപ്പെട്ടിരിക്കുന്ന സമൂഹങ്ങളോടും ജനതകളോടും ഈ വിശുദ്ധസ്ഥലത്തു നിന്നുകൊണ്ട് ഞാന്‍ ഹൃദയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുകയാണ്:
പരസ്പര ബഹുമാനത്തിലും സ്നേഹത്തിലും സാഹോദര്യത്തിലും നമുക്കു ജീവിക്കാം!
മറ്റുള്ളവരുടെ ജീവിതയാതനകള്‍ മനസ്സിലാക്കാന്‍ പരിശ്രമിക്കാം!
ദൈവനാമത്തില്‍ നാം ഒരിക്കലും അധിക്രമങ്ങളുടെ ഉപകരണങ്ങളാകരുത്!
നമുക്കൊത്തൊരുമിച്ച് സമാധാനത്തിനും നീതിക്കുംവേണ്ടി പരിശ്രമിക്കാം!

അവസാനമായി, ഏവര്‍ക്കും സമാധാനം ആശംസിച്ചുകൊണ്ടാണ് പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.