2014-05-24 20:11:47

സമാധാനപാത തെളിക്കുന്നത്
പരിശുദ്ധാത്മാവെന്ന് – പാപ്പാ അമാനില്‍


24 മെയ് 2014, അമാന്‍
പാപ്പാ ഫ്രാന്‍സിസിന്‍റെ വിശുദ്ധനാടു സന്ദര്‍ശനത്തിന്‍റെ ആദ്യദിവസം, ശനിയാഴ്ച രാവിലെ പ്രാദേശികസമയം വൈകുന്നേരം 4 മണിക്ക് അമാനിലെ രാജ്യാന്തര സ്റ്റേഡിയത്തില്‍ പാപ്പാ വിശ്വാസികള്‍ക്കൊപ്പം ദിവ്യബലിയര്‍പ്പിച്ചു. ആയിരങ്ങള്‍ പങ്കെടുത്ത ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പാപ്പാ വചനചിന്തകള്‍ പങ്കുവച്ചു. യോര്‍ദ്ദാനിലെ നദിക്കരയില്‍ ക്രിസ്തുവിന്‍റെ മേല്‍ ആവസിച്ചുകൊണ്ട് രക്ഷയുടെ പാതതെളിച്ച പരിശുദ്ധാത്മാവ് ഇന്നും നമ്മുടെ കലുഷിതമായി ലോകത്തെ രക്ഷയുടെയും സമാധനത്തിന്‍റെയും പാതയിലേയ്ക്കു നയിക്കുമെന്ന് വചനസമീക്ഷയില്‍ പാപ്പാ വിസ്തരിച്ചു.
സുവിശേഷത്തെ ആധാരമാക്കി നടത്തിയ വചനചിന്തയുടെ പരിഭാഷ താഴെ ചേര്‍ക്കുന്നു :

0. ആമുഖം
‘ഞാന്‍ പിതാവിനോടു പ്രാര്‍ത്ഥിക്കുകയും, എന്നേയ്ക്കും നിങ്ങളോടുകൂടെ ആയിരിക്കുവാന്‍ മറ്റൊരു സഹായകനെ അവിടുന്നു നിങ്ങള‍ക്കു തരുകയുംചെയ്യു’മെന്ന് ക്രിസ്തു ശിഷ്യന്മാരോടു പറയുന്നതാണ് ഇന്നത്തെ സുവിശേഷഭാഗത്ത് നാം ശ്രവിച്ചത് (യോഹ. 14, 16). ആദ്യത്തെ സഹായകന്‍ ക്രിസതുതന്നെയാണ്. പരിശുദ്ധാത്മാവാണ് ക്രിസ്തു നല്കുന്ന ‘മറ്റൊരു സഹായകന്‍’.

സ്നാപകനില്‍നിന്ന് ക്രിസ്തു മാമോദീസ സ്വീകരിക്കുകയും, പരിശുദ്ധാത്മാവ് അവിടുത്തെമേല്‍ ഇറങ്ങിവരികയും ചെയ്ത സ്ഥലത്തുനിന്നും വളരെ അകലെയല്ല നാം ബലിയര്‍പ്പണത്തിനായി സമ്മേളിച്ചിരിക്കുന്നത് (മത്തായി 3, 16). പരിശുദ്ധാത്മാവിനെക്കുറിച്ചും, ക്രിസ്തുവിലും, ക്രിസ്തുവിലൂടെ നമ്മിലും അവിടുന്നു നേടിയതൊക്കെയെയും കുറിച്ച് ധ്യാനിക്കുവാനാണ് ഈ വേദിയിലേയ്ക്ക് ഇന്ന് നാം ക്ഷണിക്കപ്പെട്ടിരിക്കുന്നത്. ഒരുക്കുക, അഭിഷേചിക്കുക, അയക്കുക എന്നീ ത്രിവിധ ദൗത്യങ്ങളാണ് പരിശുദ്ധാത്മാവ് നമ്മില്‍ ആര്‍ജ്ജിക്കുന്നത്.

1. രക്ഷയുടെ വഴിയൊരുക്കുന്ന പരിശുദ്ധാത്മാവ്
യോര്‍ദ്ദാന്‍ തീരത്തുവച്ചു നടന്ന ക്രിസ്തുവിന്‍റെ ജ്ഞാനസ്നാന സംഭവത്തില്‍ പരിശുദ്ധാത്മാവ് ഇറങ്ങിവന്നത് മനുഷ്യരക്ഷയുടെ ജീവിതദൗത്യത്തിനായി അവിടുത്തെ ഒരുക്കുവാനായിരുന്നു. വിനീത ദാസനായി എല്ലാം പങ്കുവയ്ക്കുവാനും തന്നെത്തന്നെ പൂര്‍ണ്ണമായി ലോകരക്ഷയ്ക്കായ് സമര്‍പ്പിക്കുവാനുമുള്ള ദൗത്യമായിരുന്നു ദൈവാരൂപി പകര്‍ന്നു നല്കിയത്. അനാദിമുതല്‍ ഈ പ്രപഞ്ചത്തില്‍ സന്നിഹിതനായിരുന്ന ദൈവാത്മാവ്, രക്ഷാകര പദ്ധതിയുടെ ആരംഭം മുതല്‍, നസ്രത്തിലെ മറിയത്തിന്‍റെ ഉദരത്തില്‍ മിശിഹാ ഉരുവായ മനുഷ്യാവതാരത്തിന്‍റെ ആദ്യനിമിഷം മുതല്‍ അവിടുന്നില്‍ സന്നിഹിതനായിരുന്നു : “പരിശുദ്ധാത്മാവ് ഇറങ്ങി വരും, അത്യുന്നതന്‍റെ ശക്തി നിന്‍റെമേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും,” എന്ന് സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നു (ലൂക്കാ 1, 35).

യേശുവിനെ ആദ്യമായി ദേവാലയത്തില്‍ സമര്‍പ്പിച്ച നാളില്‍ ശിമയോനിലും അന്നായിലും പരിശുദ്ധാത്മാവ് പ്രവര്‍ത്തിച്ചിട്ടുണ്ട് (ലൂക്കാ 2, 22). രണ്ടുപേരും രക്ഷകനെ പാര്‍ത്തിരിക്കുകയായിരുന്നു. അവര്‍ പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരുമായിരുന്നു. നാളുകളായി ജനതകള്‍ കാത്തിരുന്ന രക്ഷന്‍ ഇതാണ് എന്നുള്ള വെളിപാട് കുഞ്ഞിനെ കണ്ടമാത്രയില്‍ അവര്‍ക്കു ലഭിക്കുന്നത് പരിശുദ്ധാത്മാവില്‍നിന്നാണ്. അന്നയും ശിമയോനും രക്ഷകനെ കണ്ടതിലുണ്ടായ ആത്മനിര്‍വൃതിക്ക് സവിശേഷമായ പ്രവചനാവിഷ്ക്കാരം ലഭിക്കുന്നതും, പിന്നീട് ഇസ്രായേലിലെ ജനങ്ങളും രക്ഷകനായ ക്രിസ്തുവും തമ്മിലുണ്ടാകേണ്ട കൂടിക്കാഴ്ചകളുടെയെല്ലാം മുഖരേഖയായി ഈ സംഭവം മാറുന്നതും ശ്രദ്ധേയമാണ്.

പരിശുദ്ധാത്മ സാന്നിദ്ധ്യത്തിന്‍റെയും നിറവിന്‍റെയും ഇങ്ങനെയുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ എല്ലാംതന്നെ ദൈവത്തിന്‍റെ സംയുക്തവും ചേര്‍ച്ചയുള്ളതും അന്യൂനവുമായ രക്ഷണീയപദ്ധതിയുടെയും അസ്തമിക്കാത്ത സ്നേഹത്തിന്‍റെയും പ്രതീകമാണ്. പരിശുദ്ധാത്മ ദൗത്യം ഐക്യവും കൂട്ടായ്മയും സൃഷ്ടിക്കുക എന്നതാണ്. അവിടുന്ന് കൂട്ടായ്മ തന്നെയാണ്. വൈവിധ്യങ്ങളുടെയും വ്യതിരിക്തതയുടെയും ചുറ്റുപാടുകളില്‍പ്പോലും ഐക്യത്തിന്‍റെയും കൂട്ടായ്മയുടെയും അന്തരീക്ഷം ഒരുക്കുകയെന്നതാണ് പരിശുദ്ധാത്മദൗത്യം. എന്നാല്‍ ആശയങ്ങളുടെയോ വ്യക്തികളുടെയോ വൈവിധ്യങ്ങള്‍ ഒരിക്കലും നാം തള്ളിക്കളയുകയോ, മുന്നോട്ടുള്ള പ്രയാണത്തില്‍ തടസ്സമായി കാണുകയോ ചെയ്യരുത്. കാരണം വൈവിധ്യങ്ങള്‍ സമ്പന്നമാണെന്ന അടിസ്ഥാന നിയമം നാം മനസ്സിലാക്കേണ്ടതാണ്. ആകയാല്‍ തീക്ഷ്ണമായ ഹൃദയത്തോടെ ഐക്യത്തിനും സമാധാനത്തിനുമായി ഹൃദയങ്ങളെ ഒരുക്കണമേയെന്നാണ് ഇന്നു നാം പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കേണ്ടത്.

2. അഭിഷേചിക്കുന്ന പരിശുദ്ധാത്മാവ്
ക്രിസ്തുവിനെ ആന്തരികമായി അഭിഷേകംചെയ്ത പരിശുദ്ധാത്മാവ് അവിടുത്തെ ശിഷ്യന്മാരെയും അഭിഷേചിച്ച് അവര്‍ക്ക് അവിടുത്തെ ആന്തരിക ചൈതന്യം നല്കുകയും സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും ജീവിതങ്ങള്‍ നയിക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്തു.
പരിശുദ്ധാത്മാവിന്‍റെ അഭിഷേകത്താല്‍ നമ്മുടെ മാനുഷിക സ്വഭാവങ്ങള്‍ ക്രിസ്തുവിന്‍റെ ജീവിതവിശുദ്ധിയാല്‍ മുദ്രിതമാവുകയാണ്, അതുവഴി ദൈവം നമ്മോടു കാണിക്കുന്ന സ്നേഹത്തിന്‍റെ തീക്ഷ്ണതയില്‍ സഹോദരങ്ങളെ സ്നേഹിക്കുവാനും ആദരിക്കുവാനും നമുക്ക് ശക്തിലഭിക്കുന്നു. ആകയാല്‍ നാം ജീവിതത്തില്‍ വിനയത്തിന്‍റെയും ക്ഷമയുടെയും അനുരഞ്ജനത്തിന്‍റെയും പ്രകടമായ അടയാളങ്ങള്‍ കാണിക്കേണ്ടതാണ്. സ്ഥായീഭാവമുള്ളതും, ശാശ്വതവും സത്യസന്ധവുമായ സമാധാനത്തിന് അനിവാര്യമായ അടയാളങ്ങളാണിവ. നാം ദൈവമക്കളാകുന്നതിനും, അവിടുത്തെ പുത്രനായി ക്രിസ്തുവിനോട് പൂര്‍ണ്ണമായ അനുരൂപപ്പെടുന്നതിനും, അങ്ങനെ പരസ്പരം സഹോദരങ്ങളായി ജീവിക്കുന്നതിനും പിതാവിനോട് നമുക്ക് പ്രാര്‍ത്ഥിക്കാം. അങ്ങനെ നമ്മുടെ വിദ്വേഷവും വിഭാഗീയതയും മാറ്റിവയ്ക്കുകയാണെങ്കില്‍ നാം സഹോദരീ സഹോദരന്മാരാണെന്ന് തെളിയിക്കാം. സുവിശേഷത്തില്‍ ക്രിസ്തു നമ്മോട് ആവശ്യപ്പെടുന്നത് ഇതാണ്, ‘നിങ്ങള്‍ എന്നെ സ്നേഹിക്കുമെങ്കില്‍ എന്‍റെ കല്പനകള്‍ പാലിക്കും. ഞാന്‍ പിതാവിനോട് പ്രാര്‍ത്ഥിക്കുമ്പോള്‍ എന്നും നിങ്ങളുടെ കൂടെയായിരിക്കുന്നതിന് അവിടുന്ന് നമുക്ക് മറ്റൊരു സഹോയകനെ നല്കും’ (യോഹ. 14, 15-16).

3. ദൗത്യ നിര്‍വ്വഹണത്തിനായി നമ്മെ അയക്കുന്ന ദൈവാരൂപി
അവസാനമായി പരിശുദ്ധാത്മാവാണ് നമ്മെ ജീവിത ദൗത്യങ്ങള്‍ക്കായി അയക്കുന്നത്. പിതാവിന്‍റെ അരൂപിയാല്‍ നിറഞ്ഞ്, അയയ്ക്കപ്പെട്ടവന്‍ ക്രിസ്തുവാണ്. പരിശുദ്ധാത്മാവിനാല്‍ നിറയുമ്പോഴാണ് നാം - നിങ്ങളും ഞാനും - ക്രിസ്തുവിനെപ്പോലെ സുവിശേഷവാഹകരും സാക്ഷികളുമായി അയയ്ക്കപ്പെടുന്നത്.

സമാധാനം വിലയ്ക്ക് വാങ്ങാവുന്ന ഒന്നല്ല. അത് ദാനമാണ്. ക്ഷമകൊണ്ടും അനുദിന ജീവിതത്തില്‍ ചെറുതും വലുതുമായ സല്‍പ്രവര്‍ത്തികള്‍കൊണ്ടും മെനഞ്ഞെടുക്കേണ്ടതുമാണത്. ഓരോ തായ്ത്തണ്ടില്‍നിന്നും പൊട്ടിവിരിയുന്ന ശാഖകളാണ് നാം. അങ്ങനെ നാം ഒരു കുടുംബമാണെന്ന ബോധ്യമുണ്ടെങ്കില്‍ തീര്‍ച്ചയായും സമാധാനത്തിന്‍റെ മാര്‍ഗ്ഗങ്ങളും തെളിഞ്ഞുവരും. നമുക്കേവര്‍ക്കും ഒരു സ്വര്‍ഗ്ഗീയപിതാവാണുള്ളതെന്നും, നാമേവരും അവിടുത്തെ മക്കളാണെന്നും, അവിടുത്തെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ടവരാണെന്നുള്ള സത്യം മറന്നുപോകരുത്.

നിങ്ങളെ ഏവരെയും - കിഴക്കിന്‍റെ ശ്രേഷ്ഠ പാത്രിയര്‍ക്കിസിനെയും, സഹോദരങ്ങളായ മെത്രാന്മാരെയും വൈദികരെയും സന്ന്യസ്തരെയും അല്‍മായരെയും, പ്രത്യേകിച്ച് ഇന്ന് ആദ്യദിവ്യകാരുണ്യം സ്വീകരിച്ച കുഞ്ഞുങ്ങളെയും അവരുടെ മാതാപിതാക്കളെയും ഞാന്‍ ദൈവാരൂപിയില്‍ ആശ്ലേഷിക്കുകയാണ്. പലസ്തീന, സിറിയ, ഇറാക്ക് എന്നിവിടങ്ങളില്‍നിന്നും ഇവിടെ സമ്മേളിച്ചിരിക്കുന്ന ക്രൈസ്തവരായ അഭയാര്‍ത്ഥികളെ പ്രത്യേകമായി ഞാന്‍ ആലിംഗനംചെയ്യുന്നു, അവര്‍ക്ക് എന്‍റെ പിന്‍തുണ വാഗ്ദാനംചെയ്യുന്നു.

പ്രിയ സഹോദരങ്ങളേ,
പാപത്തില്‍നിന്നും മരണത്തില്‍നിന്നും നമ്മെ സ്വതന്ത്രരാക്കുവാനുള്ള രക്ഷയുടെ പദ്ധതി ഭൂമുഖത്ത് തെളിയുന്നത്, ജോര്‍ദാന്‍ നദക്കരയിലെ ജ്ഞാനസ്നാന വേളിയില്‍ പരിശുദ്ധാത്മാവ് ക്രിസ്തുവിന്‍റെ മേല്‍ ഇറങ്ങിവന്നപ്പോഴാണ്.
മതാത്മകവും, സാസ്ക്കാരികവും രാഷ്ട്രീയവും ഭാഷാപരവുമായ വൈവിധ്യങ്ങള്‍ മറന്ന് സഹോദരങ്ങളുമായി ഒത്തുചേരുന്നതിന് നമ്മുടെ ഹൃദയങ്ങളെ ഒരുക്കണമേയെന്ന് പരിശുദ്ധാത്മാവിനോടു നമുക്കു പ്രാര്‍ത്ഥിക്കാം.

അങ്ങേ കാരുണ്യതൈലത്താല്‍ ഞങ്ങളെ അഭിഷേചിച്ച് തെറ്റുകളുടെയും തെറ്റിദ്ധാരകളുടെയും കലഹത്തിന്‍റെതുമായ ഞങ്ങളുടെ മുറിപ്പാടുകള്‍ സൗഖ്യപ്പെടുത്തണമേ. അങ്ങനെ വെല്ലുവിളിനിറഞ്ഞതെങ്കിലും, സമ്പന്നമായ അങ്ങേ സമാധാനത്തിന്‍റെ പാതയില്‍ വിനയാന്വിതരായും അനുരഞ്ജിതരായും ചരിക്കുവാന്‍ ഞങ്ങളെ അയയ്ക്കണമേ,
എന്ന പ്രാര്‍ത്ഥനയോടെ പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചു. ദിവ്യബലി തുടര്‍ന്നു.








All the contents on this site are copyrighted ©.