2014-05-24 13:53:06

മതസ്വാതന്ത്ര്യമുണ്ടെങ്കില്‍
സമാധാനമുണ്ടാകുമെന്ന് പാപ്പാ


24 മെയ് 2014, അമാന്‍
മൂന്നു ദിവസം നീണ്ടുനില്ക്കുന്ന വിശുദ്ധ നാട്ടിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക യാത്രയുടെ ആദ്യഘട്ടമായിരുന്നു ജോര്‍ദാന്‍ സന്ദര്‍ശനം. മെയ് 24-ാം തിയതി ശനിയാഴ്ച രാവിലെ ഇറ്റലിയിലെ സമയം രാവിലെ 8.30-ന് പാപ്പാ ഫ്രാന്‍സിസ് റോമില്‍നിന്നും ജോര്‍ദ്ദാനിലേയ്ക്ക് യാത്രതിരിച്ചു. അമാനിലെ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് 1 മണിക്ക് ഇറങ്ങിയ പാപ്പാ, ഔപചാരിക സ്വീകരണച്ചടങ്ങുകള്‍ക്കുശേഷം, 38 കിലോമീറ്റര്‍ അകലെയുള്ള ജോര്‍ദാന്‍റെ രാജകൊട്ടാരത്തിലേയ്ക്ക് കാറില്‍ യാത്രചെയ്തു. അബ്ദുള്ള രണ്ടാമന്‍ രാജാവിനെയും രാജകുടുംബത്തെയും അഭിവാദ്യംചെയ്ത പാപ്പാ, ഏതാനും നിമിഷങ്ങള്‍ അവരുമായി അനൗപചാരികമായി സംവദിച്ചു. തുടര്‍ന്ന് കൊട്ടാരത്തിലെ പ്രത്യേക ഹാളില്‍ രാഷ്ടത്തെയും, ഭരണകര്‍ത്താക്കളെയും വിശിഷ്ടരായ മതനേതാക്കളെയും പാപ്പാ അഭിസംബോധനചെയ്തു.
പ്രഭാഷണത്തിന്‍റെ പരിഭാഷ ചുവടെ ചേര്‍ക്കുന്നു.

തേജസ്വിയായ രാജവേ, രാജ്ഞീ, ഭരണകര്‍ത്താവക്കളേ, മതാദ്ധ്യക്ഷന്മാരേ, സുഹൃത്തുക്കളേ,
എന്‍റെ മുന്‍ഗാമികളായ പോള്‍ ആറാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍, ബനഡിക്ട് 16-ാമന്‍ എന്നീ പാപ്പാമാരെ പിന്‍തുടര്‍ന്ന് ജോര്‍ദാന്‍റെ മനോഹരമായ ഹാഷ്മൈറ്റ് സാമ്രാജ്യം സന്ദര്‍ശിക്കുന്നത് ഭാഗ്യമായി കരുതുന്നു.
എന്നെ ക്ഷണിച്ച ആദരണീയനായ അബ്ദുള്ള രാജാവ് രണ്ടാമന് പ്രത്യേകം കൃതഞ്ജതയര്‍പ്പിക്കുകയും, അദ്ദേഹത്തിന്‍റെ അടുത്തകാലത്തെ വത്തിക്കാന്‍ സന്ദര്‍ശനം സ്നേഹത്തോടെ അനുസ്മരിക്കുകയും ചെയ്യുന്നു. ചരിത്രപുരാതനവും, യഹൂദ-ക്രൈസ്തവ-ഇസ്ലാം മതങ്ങളുടെ പിള്ളത്തൊട്ടിലുമായ ജോര്‍ദാനിലെ രാജകുടുംബാംഗങ്ങളെയും, ഭരണകര്‍ത്താക്കളെയും, ജനങ്ങളെയും ഞാന്‍ അത്യാദരവോടെ അഭിവാദ്യംചെയ്യുന്നു.

പലസ്തീന, ഇറാക്ക് എന്നീ രാജ്യങ്ങളിലെ അഭയാര്‍ത്ഥികളെയും, അയല്‍രാജ്യമായ സിറിയയുടെ നീണ്ടകാല അഭ്യന്തരകലാപത്തില്‍നിന്നും രക്ഷപ്പെട്ടെത്തിയ ആയിരങ്ങളെയും, മറ്റു രാജ്യങ്ങളില്‍നിന്നുമുള്ള കുടിയേറ്റക്കാരെയും യോര്‍ദ്ദാന്‍ എപ്പോഴും ഹൃദയപൂര്‍വ്വം സ്വീകരിച്ചിട്ടുണ്ട്. ഈ സൗമനസ്യവും ഔദാര്യവും അന്തര്‍ദേശീയ സമൂഹം മനസ്സിലാക്കേണ്ടതും അംഗീകരിക്കേണ്ടതുമാണ്. ഹതഭാഗ്യരായ അഭയാര്‍ത്ഥി സമൂഹത്തെ തുണയ്ക്കുവാന്‍ കത്തോലിക്കാ സഭയും ഇവിടെ ആവുന്നത്ര പരിശ്രമിന്നുണ്ട്, പ്രത്യേകിച്ച് ജോര്‍ദാനിലെ ‘കാരിത്താസ്’ (Caritas International) പ്രസ്ഥാനത്തിന്‍റെ പിന്‍തുണയോടെ.

മദ്ധ്യപൂര്‍വ്വദേശത്ത് നടമാടുന്ന നിരന്തരമായ സംഘര്‍ഷങ്ങളില്‍ ഞാന്‍ അതിയായി ഖേദിക്കുന്നു. എന്നാല്‍ കലുഷിതമായ ഈ മേഖലയുടെ സമാധാന ലബ്ധിക്കായുള്ള ജോര്‍ദാന്‍റെ പരിശ്രമങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ സമാധാനവാഞ്ഛയില്‍ ജോര്‍ദാന്‍ ഊന്നിനിന്നുകൊണ്ട് സിറിയന്‍ അഭ്യാന്തരകലാപത്തിന് സ്ഥായിയായ പരിഹാരം തേടുവാനും, ഇസ്രായേലി-പലസ്തീന്‍ സംഘര്‍ഷത്തിന് നീതിനിഷ്ഠമായ പ്രതിവിധി കണ്ടെത്തുവാനും, അത് അടിയന്തിരമായി കണ്ടെത്തുവാനും പരിശ്രമിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

ഇസ്ലാം സമൂഹത്തോടുള്ള ആഴമായ മതിപ്പും ആദരവും ഇത്തരുണത്തില്‍ ഞാന്‍ എടുത്തു പറയുന്നു.
ഇസ്ലാമിക പുണ്യങ്ങള്‍ ശരിയായി വ്യാഖ്യാനിക്കുന്നതിലും, വിവിധ മതങ്ങള്‍ തമ്മില്‍ സൗഹാര്‍ദ്ദത്തിന്‍റെയും സമാധാനത്തിന്‍റെയും അന്തരീക്ഷം നിലനിര്‍ത്തുന്നതിനുമുള്ള പ്രാഭവനായ അബ്ദുള്ള രാജാവിന്‍റെ നിരന്തരമായ പരിശ്രങ്ങളെ പ്രത്യേകം പ്രശംസിക്കുന്നു. മതാന്തരസംവാദത്തിന്‍റ മേഖലയില്‍, വിശിഷ്യാ യഹൂദരും, ക്രൈസ്തവരും, മുസ്ലീങ്ങളും തമ്മില്‍ ധാരണയും സംവാദവും വളര്‍ത്തുന്നതില്‍ ജോര്‍ദാന്‍ എടുത്തിട്ടുള്ള നല്ല നീക്കങ്ങള്‍ക്ക് ഇത്തരുണത്തില്‍ നന്ദിയര്‍പ്പിക്കുന്നു. ഐക്യാരാഷ്ട്ര സഭയുടെ മതസൗഹാര്‍ദ്ദ വാരാഘോഷത്തിനു അനുവര്‍ഷം ഈ നാടു നല്കുന്ന പിന്‍തുണയും, സവിശേഷമായ ‘അമാന്‍ സൗഹൃദസന്ദേശ’വും അഭിനന്ദനാര്‍ഹമാണ്.

അപ്പസ്തോലകാലം മുതല്‍ക്കേ ഇന്നാട്ടില്‍ വേരൂന്നിയിട്ടുള്ള ക്രൈസ്തവ സമൂഹത്തെയും, രാജ്യത്തിന്‍റെ നന്മയില്‍ പങ്കുചേര്‍ന്നുകൊണ്ടുള്ള അവരുടെ സത്യസന്ധമായ എളിയ ജീവിതങ്ങളെയും ഞാന്‍ സ്നേഹത്തോടെ ആശ്ലേഷിക്കുന്നു. ഇന്ന് ക്രൈസ്തവര്‍ ഇവിടെ ന്യൂനപക്ഷമാണെങ്കിലും ആരോഗ്യപരിപാലനത്തിന്‍റെയും വിദ്യാഭ്യാസത്തിന്‍റെയും മേഖലകളില്‍ അവരുടെ സംഭാവനകള്‍ സവിശേഷമാണ്, ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും ആതുരാലയങ്ങള്‍ക്കും പ്രത്യേകം നന്ദിപറയുന്നു. മതസ്വാതന്ത്ര്യത്തെ മാനിക്കുന്ന അന്തരീക്ഷത്തില്‍ തീര്‍ച്ചയായും വിശ്വാസം സമാധാനപരമായി അവര്‍ ജീവിക്കുമെന്നതില്‍ സംശയമില്ല.

മതസ്വാതന്ത്ര്യം അടിസ്ഥാനപരമായ മനുഷ്യാവകാശമാണ്. അത് മദ്ധ്യപൂര്‍വ്വദേശത്തു മാത്രമല്ല, ലോകമെമ്പാടും മാനിക്കപ്പെടുമെന്നത് എന്‍റെ പതറാത്ത പ്രത്യാശയാണ്. വ്യക്തിപരമായും സമൂഹമായും മനസ്സാക്ഷിക്കനുസരിച്ച് വിശ്വാസം ജീവിക്കുവാനും അനുഷ്ഠിക്കുവാനുമുള്ള അവകാശം മതസ്വാതന്ത്ര്യത്തിന്‍റെ മൗലികതയാണ്.
അതുപോലെ വ്യക്തിപരമായും മനസ്സാക്ഷിക്കനുസൃതമായും ഏതു വിശ്വാസവും തിരഞ്ഞെടുക്കുന്നതിനും,
അത് പരസ്യമായി ജീവിക്കുന്നതിനുമുള്ള അവകാശവും മതസ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണ്. രാജ്യത്തിന്‍റെ പൗരന്മാരായി ജീവിച്ചുകൊണ്ട് തങ്ങളുടേതായ സംഭാവനകള്‍ സമൂഹത്തിനു നല്കുവാന്‍ ക്രൈസ്തവര്‍ എല്ലാ അര്‍ത്ഥത്തിലും ആഗ്രഹിക്കുന്നുണ്ട്.

ജോര്‍ദാന്‍ സാമ്രാജ്യത്തിനും ഇവിടത്തെ ജനങ്ങള്‍‍ക്കും സമൃദ്ധിയും സമാധാനവും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു! അതുപോലെ ഈ സന്ദര്‍ശനം ഇസ്ലാം-ക്രൈസ്തവ കൂട്ടായ്മയെ ദൃഢപ്പെടുത്തുവാനും അതില്‍ പുരോഗമിക്കുവാനും സഹായകമാകട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു!

എനിക്കു നല്കിയ ഹൃദ്യമായ സ്വീകരണത്തിനു നന്ദി! സര്‍വ്വശക്തനും കാരുണ്യവാനുമായ ദൈവം അബ്ദുള്ള രാജാവിന് സന്തോഷവും ദീര്‍ഘായുസ്സും നല്കി നയിക്കട്ടെ!! ജോര്‍ദാനെ അവിടുന്ന് ഇനിയും ഐശ്വര്യപൂര്‍ണ്ണമാക്കട്ടെ!!!

* 25-ാം തിയതി ഞായറാഴ്ച രാവലെ ജോര്‍ദാനില്‍നിന്നും ക്രിസ്തുവിന്‍റെ ജന്മസ്ഥലമായ പലസ്തീനയിലെ ബെതലഹേം നഗരത്തിലേയ്ക്കു പുറപ്പെടുന്ന പാപ്പാ ഫ്രാന്‍സിസ്, ഞായഴാറാഴ്ച വൈകുന്നരവും, 26-ാം തിയതി തിങ്കളാഴ്ച മുഴുവനായും ജരൂസലേമില്‍ ചിലവഴിക്കും. അന്ന് രാത്രി പ്രാദേശിക സമയം 8 മണിക്കാണ് വിശുദ്ധനാട്ടില്‍നിന്നും പാപ്പാ വത്തിക്കാനിലേയ്ക്ക് യാത്രതിരിക്കുന്നത്.








All the contents on this site are copyrighted ©.