2014-05-22 19:37:35

സ്നേഹം ക്രൈസ്തവരുടെ മുഖമുദ്രയെന്ന്
പാപ്പായുടെ വചനചിന്ത


22 മെയ് 2014, വത്തിക്കാന്‍
ക്രൈസ്തവര്‍ സ്നേഹം മുഖമുദ്രയാക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. മെയ് 22-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പോളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. പരിശുദ്ധാത്മാവാണ് ക്രൈസ്തവനെ സ്നേഹത്തെക്കുറിച്ച് പഠിപ്പിക്കുന്നതും സ്നേഹത്താല്‍ നിറയക്കുന്നതും. അതിനാല്‍ സ്നേഹമില്ലാതെ ജീവിക്കുവാന്‍ ക്രൈസ്തവനാകില്ലെന്ന് പാപ്പാ വചനസമീക്ഷയില്‍ വ്യക്തമാക്കി.

സ്നേഹത്തിന് ആധാരം ദൈവകല്പനകളാണെന്നും, കല്പനകള്‍ സ്നേഹത്തില്‍ ജീവിക്കുവാനുള്ള മര്‍ഗ്ഗരേഖകളാണെന്നും, സഹോദരങ്ങളെയും ദൈവത്തെയും ഒരുപോലെ സ്നേഹിക്കാന്‍ സഹായിക്കുന്ന പ്രായോഗികമായ പെരുമാറ്റച്ചട്ടങ്ങളാണ് അവയെന്നും വിശുദ്ധ യോഹന്നാന്‍റെ സുവിശേഷത്തെ ആധാരമാക്കി പാപ്പാ വിശദീകരിച്ചു (വിശുദ്ധ യോഹ. 15, 7-21).

പിതാവ് സ്നേഹിച്ചതുപോലെയാണ് ക്രിസ്തു നമ്മെ സ്നേഹിച്ചത്, ദൈവസ്നേഹം അവിടുന്ന് ലോകവുമായി പങ്കുവച്ചത്. ആകയാല്‍ സ്നേഹത്തിന്‍റെ സ്രോതസ്സ് പിതാവാണ്. പിതാവു നല്കുന്ന സ്നേഹത്തില്‍ വസിക്കുവാന്‍ ക്രിസ്തു ഏവരെയും ക്ഷണിക്കുന്നു. ക്രിസ്തുവിനെ സ്നേഹിക്കുന്നവര്‍ അവിടുത്തെ കല്പനകള്‍ പാലിച്ചുകൊണ്ട് ജീവിക്കുവാനും, അവിടുത്തെ സ്നേഹത്തില്‍ വസിക്കുവാനും ഏവരെയും ക്ഷണിക്കുന്നു. അങ്ങനെ ക്രിസ്തുവിലുള്ള സ്നേഹത്തിന്‍റെ പൂര്‍ത്തീകരണമാണ് ദൈവകല്പനകളോട് മനുഷ്യന്‍ കാണിക്കേണ്ട വിശ്വസ്തതയെന്നും സുവിശേഷത്തെ ആധാരമാക്കി പാപ്പാ വിശദീകരിച്ചു.

ക്രൈസ്തവസ്നേഹത്തിന്‍റെ മൂലം ദൈവപ്രമാണങ്ങളാണെന്നും, സ്നേഹം ജീവിതത്തില്‍ തഴച്ചു വളരുന്നത് ദൈവകല്പനകള്‍ക്കനുസൃതമായി മനുഷ്യര്‍ ജീവിക്കുമ്പോഴാണെന്നും പാപ്പാ വ്യാഖ്യാനിക്കുകയും മനുഷ്യസ്നേഹത്തെ ദൈവസ്നേഹവുമായി കണ്ണിചേര്‍ക്കുകയും ചെയ്തു.

ജീവിതത്തില്‍ സന്തോഷമില്ലാത്ത ക്രൈസ്തവന്‍ രോഗികളെപ്പോലെയാണെന്നും, സ്നേഹമില്ലാതെ ജീവിക്കുന്നവരുടെ മുഖകാന്തി നഷ്ടപ്പെട്ട് വികൃതമാവുകയും, അവര്‍ ആന്തരിക ശോഭയില്ലാതെ ക്രൈസ്തവരല്ലാതായി മാറുമെന്നും പാപ്പാ സമര്‍ത്ഥിച്ചു. മറുഭാഗത്ത് ക്രിസ്തുസ്നേഹത്തില്‍ ജീവിക്കുന്നവന്‍ ജീവിതപ്രതിസന്ധിയിലും ദുഃഖത്തിലും സന്തോഷം പ്രസരിപ്പിക്കുമെന്നും, രക്തസാക്ഷിത്വത്തിന്‍റെ മുന്നിലും ധീരതയോടെ പുഞ്ചിച്ചുകൊണ്ട് നീങ്ങുന്ന വിശുദ്ധാത്മാക്കളായിരിക്കും അവരെന്നും വചനചിന്തയില്‍ പാപ്പാ വിസ്തരിച്ചു.

ആകയാല്‍ ദൈവസ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ആനന്ദത്തിന്‍റെയും ഉറവയായ ദൈവാരൂപിയെ നാം ജീവിതത്തില്‍ മറന്നുപോകരുന്നതെന്നും, ആത്മാവു തരുന്ന ദാനമാണ് സ്നേഹമെങ്കില്‍, അതില്‍നിന്നും ആനന്ദവും സമാധാനവും ഉതിരുമെന്നും ഏവരെയും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് തന്‍റെ ഹ്രസ്വചിന്ത പാപ്പാ സമാഹരിച്ചത്.








All the contents on this site are copyrighted ©.