2014-05-22 19:03:18

മനുഷ്യന്‍ പ്രകൃതിയെ നശിപ്പിച്ചാല്‍
പ്രകൃതി മനുഷ്യനെയും


22 മെയ് 2014, ജനീവി
കാലാവസ്ഥാപരമായ മാറ്റങ്ങള്‍ക്കു കാരണം മനുഷ്യന്‍റെ അനിയന്ത്രിതമായ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളാണെന്ന്, ആരോഗ്യപരിപാലകര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് സിഗ്മണ്ട്
സിമോസ്ക്കി പ്രസ്താവിച്ചു. മെയ് 21-ാം തിയതി ബുധനാഴ്ച ജനീവയിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്തു
നടന്ന ലോകാരോഗ്യ സംഘടന, World Health Organisation -ന്‍റെ 67-ാമത് അസംമ്പ്ലിയിലാണ് വത്തിക്കാന്‍റെ പ്രതിനിധി ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

മനുഷ്യന്‍റെ അനിയന്ത്രിതമായ എല്ലാ പ്രവൃത്തികളും - പരിസ്ഥിതിയുടെ നശീകരണവും മലിനീകരണവും കാലവസ്ഥാ വ്യതിയാനത്തിന് വഴിയൊരുക്കുന്നുണ്ടെന്നും; അവ കാരണമാക്കുന്ന താപവര്‍ദ്ധനവും കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്‍റെ തകരുന്ന ആരോഗ്യാവസ്ഥയെ പിന്നെയും വിപരീതാത്മകമായി സ്വാധീനിക്കുന്നുണ്ടെന്നും പ്രബന്ധത്തില്‍ വത്തിക്കാന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി ചൂണ്ടിക്കാട്ടി.

പ്രകൃതി അല്ലെങ്കില്‍ പരിസ്ഥിതി ദൈവം നമുക്കു നല്കിയിട്ടുള്ള ദാനമാണെന്നും, അത് നാം സംരക്ഷിക്കുകയും, നമ്മുടെയും ഒപ്പം സഹോദരങ്ങളുടെയും നന്മയ്ക്കും ആവശ്യങ്ങള്‍ക്കുമായി സൂക്ഷ്മതയോടെ ഉപോഗിക്കേണ്ടതാണെന്നും, പ്രകൃതിയെ സംരക്ഷിക്കാത്ത മനുഷ്യനെ പ്രകൃതിയും സംരക്ഷിക്കാത്ത അവസ്ഥ ഉണ്ടാകുമെന്ന്, പാപ്പാ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ട് ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി പ്രബന്ധത്തിലൂടെ സമര്‍ത്ഥിച്ചു (Address Diplomatic Corps, 13 Jan. 2014).

മനുഷ്യന്‍റെയും പ്രപഞ്ചത്തിന്‍റെയും വിനാശങ്ങള്‍ക്ക് വഴിയൊരുക്കുന്നതും, തല്‍ഫലമായി നവമായ ‘പാരിസ്ഥിതിക അഭയാര്‍ത്ഥി പ്രശ്നം’ evironmental migration ആഗോളതലത്തില്‍ സൃഷ്ടിക്കുകയുംചെയ്യുന്ന അതിരുകടന്ന മലിനീകരണം, അതു കാരണമാക്കുന്ന ആഗോളതാപ വര്‍ദ്ധനവ്, മരുപ്രദേശത്തിന്‍റെ പെരുപ്പം, ജലദൗര്‍ലഭ്യം, വന നശീകരണം എന്നിവയെ രാഷ്ടങ്ങള്‍ കാര്യഗൗരവത്തോടെ പരിഗണിച്ച്, പ്രതിവിധികള്‍ അടിയന്തിരമായി കണ്ടെത്തേണ്ടതാണെന്ന് താക്കീതു നല്കിക്കൊണ്ടാണ് ആര്‍ച്ചബിഷപ്പ് സിമോസ്ക്കി പ്രബന്ധം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.