2014-05-19 17:08:21

ബഹ്റിൻ രാജാവുമായി മാർപാപ്പയുടെ കൂടിക്കാഴ്ച്ച


19 മെയ് 2014, വത്തിക്കാൻ
ഫ്രാൻസിസ് പാപ്പ ബഹ്റിൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുമായി കൂടിക്കാഴ്ച്ച നടത്തി. പാപ്പായെ സന്ദർശിക്കാൻ വത്തിക്കാനിലെത്തിയ രാജാവുമായി തിങ്കളാഴ്ച രാവിലെയായിരുന്നു പാപ്പായുടെ കൂടിക്കാഴ്ച്ച. മാർപാപ്പയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ, വിദേശബന്ധ കാര്യാലയത്തിന്‍റെ സെക്രട്ടറി ആർച്ചുബിഷപ്പ് ഡൊമെനിക് മെംമ്പേർത്തി എന്നിവരുമായും രാജാവ് ഹമദ് ബിൻ അൽ ഖലീഫ കൂടിക്കാഴ്ച്ച നടത്തിയെന്ന് വത്തിക്കാന്‍റെ വാർത്താക്കുറിപ്പ് അറിയിച്ചു.
പൊതു താൽപര്യമുള്ള വിവിധ വിഷയങ്ങളെക്കുറിച്ച്, വിശിഷ്യാ പശ്ചിമേഷ്യയിൽ സമാധാനവും സുരക്ഷിതത്വവും വീണ്ടെടുക്കാനും, വ്യത്യസ്ത ജനവിഭാഗങ്ങളുടെ സമാധാനപൂർണ്ണമായ സഹജീവനം പ്രോത്സാഹിപ്പിക്കാനും സഹായകമായ നടപടികളെക്കുറിച്ച് ഇരുകൂട്ടരും ചർച്ച ചെയ്തു. ബഹറിനിലെ ക്രൈസ്തവ ന്യൂനപക്ഷം രാജ്യത്തിനു നൽകുന്ന ക്രിയാത്മക സംഭാവനകളെക്കുറിച്ചും ക്രൈസ്തവരുടെ ക്ഷേമത്തിനായി രാജാവ് സ്വീകരിച്ചിരിക്കുന്ന നടപടികളെക്കുറിച്ചും സംഭാഷണത്തിൽ പരാമർശിക്കപ്പെട്ടുവെന്നും വാർത്താക്കുറിപ്പ് വെളിപ്പെടുത്തി.







All the contents on this site are copyrighted ©.