2014-05-19 17:08:37

അചഞ്ചല ഹൃദയത്തോടെ ക്രിസ്തുവിന് സാക്ഷ്യമേകാം


19 മെയ് 2014, വത്തിക്കാൻ
അചഞ്ചലമായ ഹൃദയത്തോടെ ക്രിസ്തുവിന് സാക്ഷ്യമേകാൻ ക്രൈസ്തവരെ പാപ്പാ ഫ്രാൻസിസ് ആഹ്വാനം ചെയ്യുന്നു. തിങ്കളാഴ്ച രാവിലെ വത്തിക്കാനിലെ സാന്താ മാർത്താ മന്ദിരത്തിൽ അർപ്പിച്ച ദിവ്യബലി മധ്യേ വചന സന്ദേശം നൽകുകയായിരുന്നു പാപ്പ. ഒരു ക്രൈസ്തവന്‍റെ ഹൃദയം ലക്ഷ്യബോധമില്ലാതെ ചാഞ്ചാടിക്കൊണ്ടിരിക്കരുത്. എല്ലായ്പ്പോഴും പരിശുദ്ധാത്മാവിൽ സ്ഥിരതയുള്ളവരായിരിക്കണം ക്രൈസ്തവരെന്ന് മാർപാപ്പ ഉത്ബോധിപ്പിച്ചു. വി.പൗലോസ് അപ്പസ്തോലൻ അവിരാമം സുവിശേഷം പ്രഘോഷിച്ചത് പരിശുദ്ധാത്മാവിലുള്ള സ്ഥിരത മൂലമാണെന്ന് ദിവ്യബലിയിൽ വായിച്ച വിശുദ്ധ ഗ്രന്ഥഭാഗം ആസ്പദമാക്കി മാർപാപ്പ സമർത്ഥിച്ചു.
ഏത് സാഹചര്യത്തിലും വി.പൗലോസ് അപ്പസ്തോലൻ സുവിശേഷം പ്രഘോഷിക്കുന്നതിൽ നിന്ന് വിട്ടു നിന്നില്ല. ഇക്കോണിയത്തിൽ വച്ച് അദ്ദേഹത്തെ വധിക്കാൻ ഗൂഢാലോചന നടന്നെങ്കിലും അതിൽ പരാതിപ്പെട്ടു നിൽക്കാതെ അദ്ദേഹം തന്‍റെ ശുശ്രൂഷ തുടർന്നു. ലിസ്ത്രായിലേക്കു പോയി, അവിടെ ഒരു മുടന്തന് സൗഖ്യം നൽകി. അത്ഭുത സ്തബ്ധരായ ലിക്കോണിയക്കാർ വി.പൗലോസിനേയും ബർണബാസിനേയും പിടിച്ച് ദേവൻമാരായി വാഴിക്കാൻ ശ്രമിച്ചു. തങ്ങൾ സാധാരണ മനുഷ്യരാണെന്ന് ആ ജനത്തെ ബോധിപ്പിക്കാൻ പൗലോസ് അപ്പസ്തോലന് ഏറെ ക്ലേശിക്കേണ്ടി വന്നു. അപ്പസ്തോലൻ കടന്നുപോയ വ്യത്യസ്തങ്ങളായ മാനുഷീകാനുഭവങ്ങളാണ് അതെല്ലാം.
നമ്മുടെയൊക്കെ ജീവിതങ്ങളിലും സമാനമായ സംഭവങ്ങൾ ഉണ്ടാകാറുണ്ടെന്ന് പാപ്പ ചൂണ്ടിക്കാട്ടി. സാഹചര്യങ്ങളനുസരിച്ച് ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് നാം നീങ്ങിപ്പോകേണ്ടി വന്നേക്കാം. ഏതു സാഹചര്യത്തിലും പതറാതിരിക്കണമെങ്കിൽ, വി.പൗലോസ് അപ്പസ്തോലനെപ്പോലെ നമ്മുടെ ഹൃദയം ദൈവത്തിൽ ഉറച്ചു നിൽക്കണം. അദ്ദേഹം പീഡനങ്ങളിൽ പരാതിപ്പെടാതെ, മറ്റു നഗരങ്ങളിലേക്കു പോയി വചനപ്രഘോഷണം തുടർന്നു. പിന്നീട്, ആവേശംമൂത്ത ജനം അദ്ദേഹത്തെ ദേവനായി അഭിഷേകം ചെയ്യാൻ ഒരുമ്പിട്ടപ്പോൾ ദൈവം ഒന്നേയുള്ളൂ എന്ന് അദ്ദേഹം അവരുടെ ഭാഷയിൽ വിശദീകരിച്ചു. ഹൃദയ സ്ഥൈര്യം ഉള്ളവർക്കു മാത്രമേ അപ്രകാരം ചെയ്യാൻ സാധിക്കൂ എന്ന് പാപ്പ വിശദീകരിച്ചു.
ഒരു കാര്യത്തിലും ഉറച്ചു നിൽക്കാതെ ചാഞ്ചാടിക്കൊണ്ടിരിക്കുന്ന ഹൃദയവൈകല്യത്തെക്കുറിച്ച് വിശദീകരിച്ച പാപ്പ, സഭാംഗങ്ങൾ സ്വന്തം ഹൃദയത്തിന്‍റെ അവസ്ഥയെക്കുറിച്ച് ആത്മ പരിശോധ നടത്തണമെന്നും ആവശ്യപ്പെട്ടു. സ്വന്തം ഹൃദയം പരിശുദ്ധാത്മാവിൽ ഉറപ്പിച്ചു നിറുത്തുവാൻ വേണ്ട കൃപയ്ക്കായി പ്രാർത്ഥിക്കണമെന്നും പാപ്പ അവരെ ഉത്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.