2014-05-18 18:01:11

മൃത്യുദമായ ജീവിതങ്ങള്‍ക്ക്
പ്രത്യാശപകരുന്ന ഗലീലിയന്‍


RealAudioMP3
വിശുദ്ധ യോഹന്നാന്‍ 21, 1-14
ഉത്ഥാനകാലം അഞ്ചാം വാരം

ഇതിനുശേഷം ക്രിസ്തു തിബേരിയസ് കടല്‍ത്തീരത്തുവച്ച് ശിഷ്യന്മാര്‍ക്കു വീണ്ടും തന്നെത്തന്നെ വെളിപ്പെടുത്തി. അവിടുന്ന് വെളിപ്പെടുത്തിയത് ഇപ്രകാരമായിരുന്നു. ശിമയോ‍ന്‍ പത്രോസ്, ദിദിമോസ് എന്നു വിളിക്കപ്പെടുന്ന തോമസ്, ഗലീലിയയിലെ കാനായില്‍നിന്നുമുള്ള നഥാനിയേല്‍, സെബദിയുടെ പുത്രന്മാര്‍ എന്നിവരും വേറെ രണ്ടു ശിഷ്യന്മാരും ഒരുമിച്ചിരിക്കുകയായിരുന്നു. ശിമയോന്‍ പത്രോസ് പറഞ്ഞു.

“ഞാന്‍ മീന്‍ പിടിക്കാന്‍ പോവുകയാണ്.” അവര്‍ പറഞ്ഞു.
“ഞങ്ങളും നിന്നോടുകൂടെ വരുന്നു. അവര്‍ പോയി വള്ളത്തില്‍ കയറി.” എന്നാല്‍ ആ രാത്രിയില്‍ അവര്‍ക്ക് ഒന്നും കിട്ടിയില്ല. ഉഷസ്സായപ്പോള്‍ യേശു കടല്‍ക്കരയില്‍ വന്നു നിന്നു. എന്നാല്‍, അതു ക്രിസ്തുവാണെന്നു ശിഷ്യന്മാര്‍ അറിഞ്ഞില്ല.
യേശു അവരോടു ചോദിച്ചു. “കുഞ്ഞുങ്ങളേ, നിങ്ങളുടെ അടുക്കല്‍ മീന്‍ വല്ലതുമുണ്ടോ?” “ഇല്ല!” എന്ന് അവര്‍ ഉത്തരം പറഞ്ഞു. അവന്‍ പറഞ്ഞു. “വള്ളത്തിന്‍റെ വലത്തുവശത്തു വലയിടുക. അപ്പോള്‍ നിങ്ങള്‍ക്കു കിട്ടും.” അവര്‍ വലയിട്ടു. അപ്പോള്‍ വലയില്‍ അകപ്പെട്ട മത്സ്യത്തിന്‍റെ ആധിക്യം നിമിത്തം അതു വലിച്ചു കയറ്റാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ക്രിസ്തു സ്നേഹിച്ചിരുന്ന ആ ശിഷ്യന്‍ പത്രോസിനോടു പറഞ്ഞു. “അതു കര്‍ത്താവാണ്!”
അതു കര്‍ത്താവാണെന്നു കേട്ടപ്പോള്‍ ശിമയോന്‍ പത്രോസ് താന്‍ നഗ്നനായിരുന്നതുകൊണ്ട് പുറങ്കുപ്പായം എടുത്തു ധരിച്ചു കടലിലേയ്ക്കു ചാടി. എന്നാല്‍, മറ്റു ശിഷ്യന്മാര്‍ മീന്‍ നിറഞ്ഞ വലയും വലിച്ചുകൊണ്ടു വള്ളത്തില്‍ത്തന്നെ വന്നു. അവര്‍ കരയില്‍നിന്ന് ഏകദേശം ഇരുന്നൂറു മുഴത്തിലധികം അകലെയല്ലായിരുന്നു. കരയ്ക്കിറങ്ങിയപ്പോള്‍
തീ കൂട്ടിയിരിക്കുന്നതും അതില്‍ മീന്‍ വച്ചിരിക്കുന്നതും അപ്പവും അവര്‍ കണ്ടു. യേശു പറഞ്ഞു. “നിങ്ങള്‍ ഇപ്പോള്‍ പിടിച്ച മത്സ്യത്തില്‍ കുറെ കൊണ്ടുവരുവില്‍.” ഉടനെ സിമയോന്‍ പത്രോസ് വള്ളത്തില്‍ കയറി വലിയ മത്സ്യങ്ങള്‍കൊണ്ടു നിറഞ്ഞ വല വലിച്ചു കരയ്ക്കു കയറ്റി. അതില്‍ നൂറ്റിയമ്പത്തിമൂന്നു മത്സ്യങ്ങളുണ്ടായിരുന്നു. ഇത്രയധികം ഉണ്ടായിരുന്നിട്ടും വല കീറിയില്ല. യേശു പറഞ്ഞു. “വന്നു പ്രാതല്‍ കഴിക്കുവിന്‍.” ശിഷ്യന്മാരിലാരും അവനോട് നീ ആരാണ് എന്നു ചോദിക്കാന്‍ മുതിര്‍ന്നില്ല കര്‍ത്താവാണെന്ന് അവര്‍ അറിഞ്ഞിരുന്നു. യേശു വന്ന് അപ്പമെടുത്ത് അവര്‍ക്കു കൊടുത്തു. അതുപോലെതന്നെ മത്സ്യവും. യേശു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടശേഷം ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെടുന്നത് ഇതു മൂന്നാം പ്രാവശ്യമാണ്.

എഴുപത്തെട്ട് വ്യത്യസ്ത കഥാപാത്രങ്ങളുടെ വീക്ഷണത്തിലൂടെ യേശുവിന്‍റെ ചിത്രം വരച്ചിടുന്ന ഭാവനാസമ്പന്നമായ കൃതിയാണ് Jesus, the Son of Man, ‘മനുഷ്യപുത്രനായ ക്രിസ്തു’. ദേവദാരുക്കളുടെ നാടായ ലെബനോണിന്‍റെ പുത്രനും സാഹിത്യലോകത്തും താത്വിക ലോകത്തും ഒരുപോലെ പ്രസിദ്ധനുമായ ഖലീല്‍ ജിബ്രാന്‍റെ തൂലികയില്‍നിന്നുള്ള അതിപ്രസ്ശ്തമമായ ഗ്രന്ഥമാണിത്.
ഉത്ഥാനാനന്തരമുള്ള രംഗം ഇങ്ങനെയാണ് ജിബ്രാന്‍ ചിത്രീകരിക്കുന്നത്.
ക്രിസ്തു പുറത്തേയ്ക്ക് ഇറങ്ങുകയായിരുന്നു. പത്രോസും തോമസും മറ്റുള്ളവരും അവിടുത്തെ അനുഗമിച്ചു. നടന്നകന്ന് കുന്നിന്‍ ചെരുവുകള്‍ കടന്ന് അവര്‍ സമതല പ്രദേശത്ത് എത്തിയപ്പോഴേയ്ക്കും സന്ധ്യയായിരുന്നു.
തോമസ് പറഞ്ഞു, “കര്‍ത്താവേ, ഇരുട്ടായല്ലോ, ഇനി നമുക്കു വഴികാണാതാകില്ലേ?”

ക്രിസ്തു പറഞ്ഞു, “നിങ്ങള്‍ക്ക് വിശന്നപ്പോള്‍ ഞാന്‍ നിങ്ങളെ ഉയരങ്ങളിലേയ്ക്കു നയിച്ചു, ഭക്ഷണം തന്നു. ഇപ്പോഴിതാ, വിശപ്പോടെ ഞാന്‍ നിങ്ങളെ താഴേയ്ക്കെത്തിച്ചിരിക്കുന്നു. പക്ഷേ, ഇന്നു രാത്രി എനിക്ക് നിങ്ങളോടൊപ്പം വരാനാകില്ല. ഞാന്‍ ഏകനായിത്തന്നെ ഇരിക്കണം.”

പിന്നെ പത്രോസാണ് സംസാരിച്ചത്, “ഇരുളില്‍ ഞങ്ങളെ ഒറ്റയ്ക്കു വിട്ടിട്ട് അങ്ങു പോകയാണോ, കര്‍ത്താവേ....?! അങ്ങ് ഞങ്ങളോടൊപ്പം ഉണ്ടെങ്കില്‍....!!”

ക്രിസ്തു പറഞ്ഞു, “ഞാനിപ്പോള്‍ ഏകനായിത്തന്നെ ഇരിക്കണം. നിങ്ങള്‍ക്ക് ഇനിയും എന്നെ കാണണമെങ്കില്‍, നമ്മള്‍ ആദ്യം കണ്ട തടാകക്കരയില്‍ വരിക! അതേ, ഗലീലിയില്‍ വരിക...”

പിന്‍മടക്കത്തിന്‍റെ reverse revolution കഥയാണ് നാമിന്ന് പഠിക്കുന്നത്.
ആദ്യം കണ്ടുമുട്ടിയ തടാകക്കരയിലേയ്ക്കുള്ള പിന്മടക്കം. ഗുരുവിന്‍റെ മരണശേഷം ശിഷ്യന്മാര്‍ ഭയവിഹ്വലരായി ചിതറിപ്പോയിരുന്നു. ബോധ്യങ്ങള്‍ നഷ്ടപ്പെട്ട്, പ്രത്യാശ അറ്റവരുമായിരുന്നു.
എല്ലാം അവസാനിച്ചതുപോലെ !! എന്നാല്‍ അവരില്‍ ചിലര്‍ ശുന്യമായ കല്ലറ കണ്ടെന്നും. പിന്നെ ക്രിസ്തു ഉത്ഥാനംചെയ്തുവെന്ന വാര്‍ത്ത ദൈവദൂതനില്‍നിന്നും കേട്ടതായും പറഞ്ഞു. അതു മഗ്ദലിയിലെ മറിയം ഉള്‍പ്പെടെയുള്ള ഏതാനും സ്ത്രീകളായിരുന്നു. അവര്‍ ചെന്ന് വിവിരം മറ്റു ശിഷ്യന്മാരെ അറിയിച്ചു. കേട്ടകാര്യങ്ങള്‍ ആദ്യം അവിശ്വാസ്യമായി തോന്നിയെങ്കിലും, നഷ്ടധൈര്യരായ അവരുടെ ജീവിതത്തിന്‍റെ ഇരുട്ടിലേയ്ക്ക് പ്രത്യാശയുടെ വെളിച്ചം മെല്ലെ വീശുകയായിരുന്നു. അരുള്‍ ചെയ്തിരുന്നതുപോലെ ‘ക്രിസ്തു ഉത്ഥാനംചെയ്തു’വെന്ന വാര്‍ത്ത പ്രചരിക്കുവാന്‍ തുടങ്ങി. ഒപ്പം ഗലീലിയയിലേയ്ക്ക് പോകുവാനുള്ള ആഹ്വാനവും. അവിടെവച്ച് അവിടുത്തെ കാണാമെന്നുള്ള സന്ദേശം അവര്‍ക്കു ലഭിച്ചു. ശിഷ്യന്മാരെ ക്രിസ്തു ആദ്യം വിളിച്ച ഇടമാണ് ഗലീലി. അവിടെയായിരുന്നു എല്ലാറ്റിന്‍റെയും തുടക്കം! അവിടേയ്ക്ക് പോവുക എന്നു പറഞ്ഞാല്‍, വിളിച്ചിടത്തുനിന്നും വീണ്ടും തുടങ്ങുകയെന്നാണര്‍ത്ഥം. ഒരിക്കല്‍ ഗലീലിയാക്കടലില്‍ പത്രോസും കൂട്ടരും മീന്‍പിടിക്കവെയാണ് ക്രിസ്തു ആ തീരങ്ങള്‍ പരതി വന്നത്. അവരെ അവിടുന്ന് വിളിച്ചപ്പോള്‍, തങ്ങളുടെ വഞ്ചിയും വലയുമെല്ലാം ഉപേക്ഷിച്ച്, അവര്‍ ക്രിസ്തുവിന്‍റെകൂടെ ജീവിതത്തിന്‍റെ പുതിയ തീരങ്ങളിലേയ്ക്കു പുറപ്പെട്ടുപോയതാണ് (മത്തായി 8, 4-12).
‘ഗലീലിയായിലേയ്ക്കു മടങ്ങുക’ എന്നുവച്ചാല്‍, കുരിശിന്‍റെയും അതിന്‍റെ വിജയത്തിന്‍റെയും അടിസ്ഥാനത്തില്‍ എല്ലാം പുനരാവിഷ്ക്കരിക്കുക, പുനരവലോകനംചെയ്യുക എന്നാണ്. ക്രിസ്തുവിന്‍റെ പ്രബോധനങ്ങള്‍, അത്ഭുതങ്ങള്‍, നവമായ സമൂഹം, അതിന്‍റെ ആവേശപൂര്‍ണ്ണമായ അനുഭവങ്ങളും പാളിച്ചകളും, ഒരുമിച്ചുള്ള ജീവിതത്തില്‍ അവര്‍ കണ്ട ഒറ്റുകൊടുക്കലും വഞ്ചനയും, എല്ലാം ആത്യന്ത്യം പുനര്‍പരിശോധിക്കുക എന്നു പറയുമ്പോള്‍, ക്രിസ്തുവിന്‍റെ അപാരമായ സ്നേഹ പാരമ്യത്തില്‍നിന്നും നവമായി തുടങ്ങുക, എല്ലാം പുതുതായി തുടങ്ങുക എന്നുതന്നെയാണ്. നവീകരണത്തിനുള്ള ആഹ്വാനമാണ് ഉത്ഥിതന്‍ നല്കുന്നത്.

പിന്നെ, ‘വന്നു പ്രാതല്‍ കഴിക്കുവിന്‍!’ എന്നു പറഞ്ഞ്, ക്രിസ്തു തന്‍റെ ശിഷ്യന്മാര്‍ക്കായി ഭക്ഷണമൊരുക്കുന്ന, മനോഹരമായ സുവിശേഷരംഗമുണ്ട് ഇവിടെ ഗലീലിയില്‍...! വളരെ അടുത്ത സൗഹൃദമാണ് എവിടെയും ഭക്ഷണകൂട്ടായ്മ വെളിപ്പെടുത്തുന്നത്. ഭക്ഷണം പങ്കുവയ്ക്കാനിരുന്നപ്പോഴാണ് എമാവൂസിലെ ശിഷ്യന്മാര്‍ ക്രിസ്തുവിനെ തിരിച്ചരിയുന്നത്. അനുദിന ഭക്ഷണമേശയിലെ പങ്കാളി ക്രിസ്തുവാണെന്ന് തിരിച്ചറിയാന്‍ നമുക്കു സാധിക്കണം. ജീവിതത്തില്‍ കണ്ടു മുട്ടുന്ന ഓരോ വ്യക്തിയെയും വിരുന്നു മേശയുടെ കൂട്ടായ്മയില്‍ ചേര്‍ക്കാന്‍ തക്ക സ്നേഹവും ആത്മാര്‍ത്ഥതയും ഉത്ഥിതനെപ്പോലെ വളര്‍ത്തിയെടുക്കാന്‍ സാധിക്കണം.

ഉത്ഥാനപ്രഭയെ ഭയന്ന് ഇരുട്ടില്‍ കഴിയുന്നവര്‍ മൃതരാണ് എന്നത് പാപ്പാ ഫ്രാന്‍സിസിന്‍റെ ചിന്തയാണ്. മൃത്യുഞ്ജയനായ ക്രിസ്തു നല്കുന്ന സന്തോഷവും സ്നേഹവും ഉള്‍ക്കൊള്ളാന്‍ നമുക്കു സാധിക്കണം. ഉത്ഥിതനെ കണ്ടിട്ട് ഭൂതമാണെന്നു വിചാരിച്ച് ഭയന്നുമാറിയ ശിഷ്യന്മാരെപ്പോലെ, ക്രിസ്തുവിനെയും അവിടുത്തെ ഉത്ഥാനപ്രഭയെയും, ഭയക്കുന്ന ശിഷ്യന്മാര്‍, ക്രൈസ്തവര്‍ ഇന്നുമുണ്ട്.
മുറിപ്പെട്ട ശരീരം കാണിച്ചും, ഭക്ഷണം പങ്കുവച്ചും അവരെ ധൈര്യപ്പെടുത്തുവാനും, ബോധ്യപ്പെടുത്തുവാനും, തന്‍റെ ചാരത്ത് ചേര്‍ക്കുവാനും ശ്രമിച്ചിട്ട്,
അവര്‍ ഭയന്നു മാറുകയായിരുന്നെന്ന് സുവിശേഷത്തില്‍നിന്നും നമുക്കു മനസ്സിലാക്കാം. (യോഹ. 21, 1-14). ഉത്ഥാനത്തിന്‍റെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തിക്കൊണ്ട് ക്രിസ്തു തന്‍റെ ശിഷ്യന്മാരെ അവിടുത്തെ ആത്മീയ ആനന്ദത്തിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു. ഉത്ഥിതന്‍റെ സാമീപ്യത്തില്‍നിന്നും ഭയന്നുമാറിയിട്ട് മൃത്യുദമായ ജീവിതം നയിക്കാനുള്ള ആഗ്രഹം ഇന്നും ലോകത്ത് ധാരാളം കാണുന്നുണ്ട്. ക്രിസ്തുവിന്‍റെ ഉത്ഥാനാനന്ദം മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിനു പകരം, നാം അതിനെ ഭയക്കുകയും, അതില്‍നിന്ന് അകന്നുപോവുകയും ചെയ്യുന്നത് അപകടമാണ്. മരണത്തിന്‍റെ ദുഃഖത്തിലും കരിനിഴലിലും ജീവിക്കാന്‍ ഇടയാക്കുന്നു.

പകല്‍വെട്ടത്തില്‍ പതിയിരിക്കുകയും രാത്രിയുടെ കൂരിരുട്ടില്‍ വിലസുകയും ചെയ്യുന്ന നരിച്ചീറുകളെപ്പോലെ (വവ്വാലുകളെപ്പോലെ) ആവരുത് ക്രൈസ്തവരെന്ന് പാപ്പാ ഫ്രാന്‍സിസ് തന്‍റെ വചനചിന്തയില്‍ ഒരിക്കല്‍ പങ്കുവച്ചത് ഓര്‍ക്കുന്നു.
ഉത്ഥിതനായ ക്രിസ്തു നല്കുന്ന ആത്മീയ സന്തോഷത്തിന്‍റെ വെളിച്ചം അവഗണിച്ച് തിന്മയുടെ ഇരുട്ടില്‍ നിപതിക്കരുതെന്നാണ് പാപ്പാ ആഹ്വാനംചെയ്യുന്നത്.

ജീവിതയാത്രയില്‍ ഉത്ഥിതന്‍ നമ്മുടെകൂടെയുണ്ട്. ക്രിസ്തുവിനോടു ചേര്‍ന്നുള്ള യാത്രയും, അവിടുത്തോടുള്ള ആത്മീയ സംവാദവുമാണ് നമ്മുടെ അനുദിന ജീവിതങ്ങളെ രൂപാന്തരപ്പെടുത്തേണ്ടത്. നമ്മുടെ സന്തോഷത്തിലെന്നപോലെ സന്താപത്തിലും, ഉയര്‍ച്ചയിലെന്നപോലെ വീഴ്ചയിലും അവിടുന്ന് നമ്മുടെ ചാരത്തുണ്ട് എന്ന ബോധ്യവും വിശ്വാസവും ഒരിക്കലും കൈവെടിയരുത്. ക്രിസ്തു ഇന്നും ജീവിക്കുന്നു എന്ന യാഥാര്‍ത്ഥ്യ ബോധ്യത്തോടെ മുന്നേറുവാനും, ഉത്ഥിതന്‍റെ പ്രകാശപൂര്‍ണ്ണമായ ജീവിതത്തിന്‍റെ സന്തോഷം തള്ളിമാറ്റാതെ അതിന്‍റെ നിറവില്‍ ജീവിക്കുവാനും വളരുവാനും നമുക്കു പരിശ്രമിക്കാം.










All the contents on this site are copyrighted ©.